പുതിയ ക്രിമിനൽ നിയമം; സുവോമോട്ടോയിൽ സർവത്ര ആശയക്കുഴപ്പം
text_fieldsകോട്ടയം: പുതിയ ക്രിമിനൽ നിയമം പ്രാബല്യത്തിൽ വന്നതോടെ സർവത്ര ആശയക്കുഴപ്പത്തിലായി പൊലീസ് ഉദ്യോഗസ്ഥർ. ജില്ലയിൽ ചിങ്ങവനം സ്റ്റേഷനിലാണ് പുതിയ നിയമമനുസരിച്ച് ആദ്യകേസെടുത്തത്. മദ്യപിച്ച് ബൈക്കോടിച്ചതിന് തിങ്കളാഴ്ച വെളുപ്പിനാണ് ആദ്യകേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പുതിയ നിയമത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആർക്കും പിടിയില്ല. നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മൂന്നുദിവസത്തെ പരിശീലനം നൽകിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് എങ്ങനെ മറികടക്കുമെന്നതാണ് വിഷയം. നേരത്തേ മദ്യപിച്ച് വാഹനമോടിച്ച് പിടികൂടിയാൽ അയാളെ ജാമ്യത്തിൽ വിടുകയും വാഹനം ലൈസൻസുള്ള മറ്റൊരാൾ വശം കൊടുത്തുവിടുകയുമാണ് ചെയ്തിരുന്നത്.
അല്ലെങ്കിൽ ഉടമക്ക് തന്നെ പിറ്റേന്ന് വിട്ടുനൽകും. പുതിയ നിയമനുസരിച്ച് സുവോമോട്ടോ കേസുകൾ (സ്വമേധയാ എടുക്കുന്ന കേസ് ) രജിസ്റ്റർ ചെയ്യുമ്പോൾ വിഡിയോ പകർത്തണം. മഹസർ എഴുതുന്നതിന് സിവിൽ സാക്ഷി ഒപ്പിടുകയും വേണം. സാധാരണഗതിയിൽ സിവിൽ സാക്ഷികളെ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് പൊലീസുകാർ പറയുന്നു. എടുക്കുന്ന എല്ലാ കേസുകൾക്കും മഹസർ ഒപ്പിടാൻ പൊതുജനം തയാറാകുകയുമില്ല. മാത്രമല്ല, വിഡിയോ പകർത്തലും പൊലീസുകാർക്ക് അപ്രായോഗികമാണ്. ഒരു വിഡിയോ മാത്രമാണെങ്കിൽ എടുക്കാമെന്നു കരുതാം.
എന്നാൽ, സംസ്ഥാനത്ത് ഏറ്റവുമധികം സുവോമോട്ടോ കേസുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ലയാണ് കോട്ടയം. കുറഞ്ഞത് 100 കേസെങ്കിലും ഒരു ദിവസം ഉണ്ടാകും. ഇത്രയും കേസുകളിൽ വിഡിയോ എങ്ങനെ എടുക്കുമെന്നതും ഇതെങ്ങനെ കോടതിയിലെത്തിക്കുമെന്നതും ചോദ്യചിഹ്നമാണ്. ഇത്രയും വിഡിയോകൾ പെൻ ഡ്രൈവിലാക്കുക എന്നത് എളുപ്പമല്ല. പെൻ ഡ്രൈവിനുള്ള ഫണ്ട് എവിടെനിന്നുമെന്നും വ്യക്തമല്ല. മഹസറും വിഡിയോയും കോടതിക്ക് മെയിൽ ചെയ്യാനും വ്യവസ്ഥയില്ല. ഈ അവ്യക്തകൾ മൂലം പല സ്റ്റേഷനുകളും സുവോമോട്ടോ കേസുകൾ പിടിക്കാതെ തലയൂരുകയാണ്. എടുത്ത സ്റ്റേഷനുകളിൽ തന്നെ പുതിയ വ്യവസ്ഥകൾ അതേപടി പാലിക്കാനുമായിട്ടില്ല.
കോട്ടയത്ത് ആദ്യ കേസ് ചിങ്ങവനത്തും ക്രൈം കേസ് ഗാന്ധിനഗറിലും
കോട്ടയം: രാജ്യത്ത് പുതുതായി നിലവിൽവന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ എഫ്.ഐ.ആർ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച പുലർച്ച 4.02നാണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് ചിങ്ങവനം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാരതീയ ന്യായസംഹിത-2023ലെ വകുപ്പ് 281 (പഴയ ഐ.പി.സി 279), മോട്ടോർ വെഹിക്കിൾ ആക്ട് 1988ലെ വകുപ്പ് 185 എന്നിവ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽവന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആർ തയാറാക്കിയത്. ജില്ലയിലെ ആദ്യത്തെ ക്രൈം കേസ് ഗാന്ധിനഗർ സ്റ്റേഷനിൽ 11.57 ന് രജിസ്റ്റർ ചെയ്തു. 71കാരിയായ വയോധികയുടെ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.