മുഖംമിനുക്കി കോട്ടയം ജില്ലയിലെ സർക്കാർ സ്കൂളുകൾ
text_fieldsകോട്ടയം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ സർക്കാർ സ്കൂളുകളിലെ മൂന്ന് പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.
സ്കൂളുകളിൽ നടക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ എം.എൽ.എമാർ ശിലാസ്ഥാപനം നിർവഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ കെ.ജെ. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല എന്നിവർ അറിയിച്ചു.
തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ-ഹയർസെക്കൻഡറി ബ്ലോക്ക്, പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ-ഹയർസെക്കൻഡറി ബ്ലോക്ക്, പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്.
ആധുനിക രീതിയിൽ നിർമിച്ച തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ബ്ലോക്കിൽ 22 ക്ലാസ് മുറികൾ, മൂന്ന് ലാബുകൾ, എച്ച്.എം റൂം, ഓഫിസ് റൂം, 15 ശുചിമുറി, അംഗപരിമിത ടോയ്െലറ്റ്, ലൈബ്രറി, മീഡിയ റൂം, സ്റ്റോർ റൂം, സെപ്റ്റിക് ടാങ്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി ബ്ലോക്കിൽ മൂന്ന് ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം, 10 ശുചിമുറി, രണ്ട് അംഗ പരിമിത ടോയ്െലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവയുണ്ട്. സർക്കാറിെൻറ അഞ്ചുകോടിയും സി.എഫ്. തോമസ് എം.എൽ.എ അനുവദിച്ച ഒരുകോടിയും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക രീതിയിൽ നിർമിച്ച ഏഴ് ക്ലാസ് മുറികൾ, 11 ശുചിമുറി, കിച്ചൻ, ഡൈനിങ് ഹാൾ, എച്ച്.എം. റൂം, സ്റ്റാഫ് റൂം, രണ്ട് ലാബുകൾ, ആക്റ്റിവിറ്റി ബ്ലോക്ക്, ഓപൺ സ്റ്റേജ് എന്നിവ അഞ്ചുകോടി ചെലവിലാണ് പൂർത്തിയാക്കിയത്.
പൊൻകുന്നം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ്.എസ് ബ്ലോക്കിൽ ആറ് ക്ലാസ് റൂമുകൾ, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ, സെപ്റ്റിക് ടാങ്ക്, 10 ശുചിമുറി എന്നി പൂർത്തിയാക്കി.
ഹൈസ്കൂൾ ബ്ലോക്കിെൻറ നിർമാണം പുരോഗമിക്കുകയാണ്. സർക്കാർ അനുവദിച്ച അഞ്ചുകോടിയും എൻ. ജയരാജ് എം.എൽ.എയുടെ 1.8 കോടിയും ഉൾപ്പെടെ 6.8 കോടി ഉപയോഗിച്ചാണ് നിർമാണം. ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും സ്കൂളുകളുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.