കോട്ടയം റെയിൽവേ സ്റ്റേഷന് പുതിയമുഖം
text_fieldsകോട്ടയം: നിലവിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അടിമുടി മാറും കോട്ടയം റെയിൽവേ സ്റ്റേഷൻ. കേരളീയ ശൈലിയിലുള്ള കവാടം, എസ്കലേറ്ററുകൾ, ആറ് പ്ലാറ്റ്ഫോമുകൾ, ഗുഡ്സ് ഷെഡ് റോഡിൽ രണ്ടാംകവാടം തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
നിലവിൽ മൂന്ന് പ്ലാറ്റ്ഫോമുകളാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലുള്ളത്. മൂന്ന് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കും. ഗുഡ്ഷെഡ് റോഡിലാണ് രണ്ടാംപ്രവേശന കവാടം നിർമിക്കുന്നത്. കവാടത്തിെൻറ തുടക്കത്തില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറും അവിടെനിന്ന് മറ്റ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ച് മേല്പാലവും ഉണ്ടാകും. നിലവിലുള്ള ഗുഡ്ഷെഡ് അവിടെത്തന്നെ മറ്റൊരുഭാഗത്തേക്ക് മാറ്റിസ്ഥാപിക്കും.
യാത്രക്കാര്‍ക്ക് രണ്ടാംകവാടത്തിലും വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനാല്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് നാഗമ്പടം ഗുഡ്ഷെഡ് റോഡില്‍ നിന്നുതന്നെ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനാകും. അഞ്ച് വര്‍ഷത്തിലധികമായി സ്ഥലം ഏറ്റെടുക്കലില്‍ കുടുങ്ങിനിന്നിരുന്ന റെയില്‍വേയുടെ വികസനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 2020ഓടെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പൂർണമായി സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ജോലി ആരംഭിച്ചത്.
എന്നാൽ, സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെ 17 കിലോമീറ്റര്‍ നിര്‍മാണജോലികളാണ് പുരോഗമിക്കുന്നത്. റെയില്‍വേ സ്റ്റേഷൻ അപ്രോച്ച് റോഡിെൻറ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ട്. റെയില്‍വേ സ്റ്റേഷനിലെ കവാടം കേരളീയ ശൈലിയിൽ നവീകരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ശബരിമല തീർഥാടകര്‍ക്കുള്ള സൗകര്യങ്ങളും മികച്ചതാക്കും. ഡിസംബര്‍ 31ന് മുമ്പ് നവീകരണജോലി അടക്കം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ജോസ് കെ.മാണി എം.പി ആയിരുന്ന സമയത്ത് അനുവദിച്ച 20കോടിയുടെ നവീകരണപ്രവർത്തനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇരുചക്രവാഹനങ്ങൾക്കായുള്ള പാർക്കിങ്. 1.65കോടി രൂപയാണ് ഇതിെൻറ ചെലവ്. ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ച് നിർമിച്ച മൂന്നുനില പാര്‍ക്കിങ് ഏരിയയിൽ മുന്നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇേതാടെ റെയിൽവേ സ്റ്റേഷനിൽ മറ്റു വാഹനങ്ങൾക്ക് പാർക്കിങ്ങിന് കൂടുതൽ സ്ഥലം ലഭിക്കും. ഇതിെൻറ നിർമാണം പൂർത്തിയായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഉദ്ഘാടനം നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.