പ്രതിസന്ധിയിലും വീട്ടിലെത്തുന്നവർ
text_fieldsകോട്ടയം: ഒരു പകൽ മുഴുവൻ നീളുന്ന സംഭവവികാസങ്ങൾ പ്രാധാന്യം അനുസരിച്ച് പത്രത്താളുകളിൽ അച്ചടിച്ച് വിതരണത്തിനൊരുക്കി അവസാന ജീവനക്കാരനും പത്രം ഓഫിസ് വിടുേമ്പാൾ ഉണർന്നെഴുന്നേൽക്കുന്ന ഒരു വിഭാഗമുണ്ട്. ദിനപ്പത്രം ഏജൻറുമാർ. പ്രമുഖരിൽ ആരെങ്കിലുമൊരാൾ ബാല്യകാലത്തിൽ ഒരു പത്രവിതരണക്കാരനാണെന്ന് പറയുന്നതുകേട്ടാൽ നമ്മുടെ കണ്ണുനിറഞ്ഞേക്കാം.
ദുരിതം പേറിയ ഒരു ഭൂതകാലത്തെ ഇതിലും ചെറിയ വാചകത്തിൽ വരച്ചുകാട്ടാൻ കഴിയാത്തതുകൊണ്ടാണത്. ലോകത്തുനടന്ന സംഭവങ്ങളെ ഡസനോളം പേജുകളിൽ ഒതുക്കുന്നതിനെക്കാൾ പ്രയാസമുണ്ട് അവ പുലർച്ച ഒാരോ വായനക്കാരെൻറയും പക്കലെത്തിക്കാൻ. പുലരുമ്പോൾ പൂമുഖത്ത് പത്രെമത്തിക്കാൻ പുലർച്ച ജോലി തുടങ്ങണം.
േലാക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും പത്രം അവശ്യവസ്തുക്കളുടെ പട്ടികയിൽ പെടുത്തിയതിനാൽ ഏജൻറുമാരുടെ ജോലി അതിസുരക്ഷ വേണ്ടതായി. അണുബാധയേൽക്കാതെ തയാറാക്കുന്ന പത്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏറെ ജാഗ്രതയോടെയാണ് വിതരണം ചെയ്യുന്നത്. കണ്ടെയ്ൻമെൻറ് സോണുകളിൽ പൊലീസും ജനപ്രതിനിധികളും െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പൊതുപ്രവർത്തകരുമെല്ലാം പത്രവിതരണത്തിന് സഹായവുമായി എത്തുന്നുണ്ടെങ്കിലും ജീവിതം പഴയപോലെയല്ലെന്ന ആധി ഇവരിലുണ്ട്.
കടകൾ അടഞ്ഞതോടെ പത്രങ്ങളുടെയും മാസികകളുടെയും സ്റ്റാൾ കോപ്പി വിൽപനയിൽ വലിയ കുറവുണ്ടായി. ആശുപത്രികളിലും അവശ്യ സർവിസിൽ പെടുന്ന സർക്കാർ ഓഫിസുകളിലും വിതരണത്തിനെത്തിയവർ പലരും രോഗബാധിതരുമായി. എങ്കിലും ഈ കെട്ട കാലത്തും ലോകവാർത്തകളെ അവർ മറ്റുള്ളവരുടെ സഹായത്തോടെ പുലർച്ച വീടുകളിലെത്തിക്കുന്നു. മഴയോ പ്രളയമോ കാറ്റോ ഒന്നും ഇതിന് തടസ്സമാകാറില്ല. ഇവർക്കും പറയാനുണ്ട് കോവിഡുകാലത്തെ പ്രതിസന്ധിയുടെ ചില കാര്യങ്ങൾ ....
ഏജൻറുമാർക്കായി പ്രത്യേക പദ്ധതി തയാറാക്കണം -അബ്ദുൽഷുക്കൂർ മൗലവി മറ്റത്തിൽ കരോട്ട്, ചാമംപതാൽ ഏജൻറ്
ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് പലപ്പോഴും പത്രവിതരണം. സാമ്പത്തികപ്രതിസന്ധി വേറെ. ദിവസവും യാത്ര ചെയ്യേണ്ടിവരുന്ന ഏജൻറുമാർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക പരിഗണന നൽകണം. ആരോഗ്യമേഖലയിലും സാമ്പത്തിക മേഖലയിലും പ്രത്യേക പദ്ധതികൾ തയാറാക്കിയാൽ സഹായകരമായിരുന്നു.
വെള്ളത്തിൽ നീന്തിയാണെങ്കിലും വാസു പത്രമെത്തിക്കും
ചങ്ങനാശ്ശേരി: പുഴവാത് വരാപ്പുഴ വീട്ടില്‍ കെ.ജി. വാസു മേയ് 28, ജൂണ്‍ ആറ് തീയതികളില്‍ വെള്ളപ്പൊക്കത്തിൽ കിടങ്ങറ മേപ്രാല്‍ റോഡില്‍ രണ്ടര കിലോമീറ്ററോളം നീന്തിയെത്തിയാണ് പത്രം എത്തിച്ചത്. എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളാണെങ്കിലും പത്രം എത്തിക്കുന്നതില്‍ മുടക്കം വരുത്തിയിട്ടില്ല വാസു.
കാല്‍നൂറ്റാണ്ടിലേറെയായി ഏജൻറായി പ്രവര്‍ത്തിക്കുന്ന വാസു ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് പ്രധാനമായി പത്രവിതരണം നടത്തുന്നത്. വെള്ളപ്പൊക്ക സമയത്ത് പടിഞ്ഞാറന്‍ മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ പുറം ലോകത്തെക്കുറിച്ച് അറിയുന്നതിനുള്ള ഏക മാര്‍ഗം പത്രമാണ്.
എ.സി റോഡില്‍ ഒന്നാംപാലം മുതല്‍ മേപ്രാല്‍ വരെയും പുഴവാത്, വേട്ടടി ഭാഗത്തുമാണ് പത്രവിതരണം. വരിസംഖ്യ എടുക്കുന്നതിന് വീടുകളില്‍ ചെല്ലുമ്പോഴാണ് പലയിടത്തും കോവിഡ് ആണെന്ന് അറിയുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലെ കലക്ഷന്‍ പൈസ എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക പാക്കേജ് വേണം -രഘുനാഥ് നെടുമ്പേൽ, പനമറ്റം ഏജൻറ്
പത്രവിതരണക്കാരെ കോവിഡ് പോരാളികളായി കണക്കിലാക്കി മുൻഗണന നൽകി വാക്സിനെടുക്കാൻ സൗകര്യം ഏർപ്പെടുത്തണം. ഓൺലൈനായി കാര്യങ്ങൾ ചെയ്യാൻ പലർക്കും ഇൻറർനെറ്റ് സൗകര്യമോ പരിജ്ഞാനമോ ഇല്ല. അതിന് പരിഹാരം ഉണ്ടാക്കണം. സാമ്പത്തിക പ്രതിസന്ധിയും ജോലിഭാരവും കണക്കിലെടുത്ത് ഏജൻറുമാർക്കായി പ്രത്യേക പാക്കേജ് തയാറാക്കണം.
അവശ്യ സർവിസായിട്ടും ആനുകൂല്യങ്ങളൊന്നുമില്ല
അടൂർ: കോവിഡ് കാലത്ത് പത്രവിതരണം അവശ്യ സർവിസ് ആയി പ്രഖ്യാപിെച്ചങ്കിലും ഏജൻറുമാർക്കും വിതരണക്കാർക്കും ഒരു ആനുകൂല്യങ്ങളും സർക്കാറിൽനിന്ന് ലഭിക്കുന്നിെല്ലന്ന് അരനൂറ്റാണ്ടിലേറെയായി പത്രവിതരണം നടത്തുന്ന ഏനാത്ത് ബിന്ദു ഭവനിൽ കെ. സോമൻ.
മാധ്യമം മാത്രമാണ് ഏജൻറുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തി തുടരുന്നത്. ഇനിയും പത്ര മാനേജ്മെൻറുകളും സർക്കാറുകളും കനിഞ്ഞില്ലെങ്കിൽ ഏജൻറുമാരുടെ സ്ഥിതി കഷ്ടത്തിലാകും.
പഠനത്തോടൊപ്പം 13 വയസ്സിൽ തുടങ്ങിയ പത്രവിതരണം 66ാം വയസ്സിലും തുടരുകയാണ്. 2020ൽ ലോക്ഡൗൺ വന്നതിൽ പിന്നെ 75 പത്രം വരിക്കാർ കുറഞ്ഞു. വരിക്കാർ പെട്ടന്ന് പത്രം നിർത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ, കൈയുറ തുടങ്ങിയവ ഉപയോഗിച്ചും എല്ലാ കരുതലും എടുത്താണ് വിതരണം. ലോക്ഡൗണായാലും ക്വാറൻറീനിലായാലും കെണ്ടയ്ൻമെൻറ് സോണായാലും വരിക്കാരന് പത്രം സമയത്തിന് കിട്ടിയേ മതിയാകൂ. ചിലരെങ്കിലും പുലർച്ച നാലിന് തന്നെ പത്രം കിട്ടണമെന്ന് ശഠിക്കുന്നവരാണ്. ശക്തമായ മഴയും കാറ്റും എല്ലാം പത്രവിതരണത്തിന് പ്രതിബന്ധങ്ങളാണ്.
മഴക്കാലത്ത് അടച്ച് കുറ്റിയിട്ടിരിക്കുന്ന ഇരുമ്പ് ഗേറ്റുകൾ ആയാസപ്പെട്ട് തുറന്നുവേണം പത്രം വീടിെൻറ ഉമ്മറത്ത് ഇടാൻ. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ കെണ്ടയ്ൻമെൻറ് സോൺ ആയതിനെ തുടർന്ന് മൂന്നുവാഹനങ്ങളിലാണ് പത്രം ഇടാൻ പോയതെന്ന് സോമൻ പറഞ്ഞു. യഥാസമയം എല്ലാവരിൽനിന്നും വരിസംഖ്യ കിട്ടാറില്ല. പിന്നെ സ്വർണപ്പണയവും വായ്പയുമൊക്കെയായി പണം സംഘടിപ്പിച്ച് പത്രകമ്പനികൾക്ക് അടയ്ക്കും -സോമൻ പറയുന്നു.
പലിശരഹിത വായ്പ ലഭ്യമാക്കണം -കെ.എ. അബ്ബാസ് അൻഷാദ് മൻസിൽ, പൊൻകുന്നം ഏജൻറ്
ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞതോടെ ടൗൺ കേന്ദ്രീകരിച്ചുള്ള പത്രപരസ്യങ്ങൾ ലഭിക്കാതായി. ഇത് വരുമാനത്തെ ബാധിച്ചു. പത്ര ഏജൻറുമാർക്കായി പലിശരഹിത വായ്പ ലഭ്യമാക്കിയാൽ പ്രയോജനകരമായിരുന്നു. ബസുകൾ ഇല്ലാത്തത് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള പത്രവിൽപനയെയും അതുവഴിയുള്ള വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ലോക്ഡൗൺ കാരണം മറ്റ് ജോലികളും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
സാമ്പത്തികപ്രതിസന്ധി കാര്യമായി ബാധിച്ചു -അനിൽ ജോർജ് ഉറുമ്പടയിൽ, തമ്പലക്കാട് ഏജൻറ്
വളരെ ശ്രദ്ധയോടെയും കരുതലോടെയുമാണ് ജോലിചെയ്യുന്നത്. വീടുകൾതോറും കയറിയിറങ്ങി പണം പിരിക്കൽ പ്രശ്നമാണ്. വരിക്കാർക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. കുറച്ചുപേർക്ക് മാത്രമാണ് ഓൺലൈനായി പണംനൽകാൻ സാധിക്കുന്നത്. കണ്ടെയ്ൻമെൻറ് സോണുകളിൽ വിതരണം ചെയ്യുമ്പോൾ സമയവും ചെലവും കൂടുതലാണ്. അടിക്കടിയുള്ള പെട്രോൾ വിലവർധനവും താങ്ങാനാവുന്നില്ല. മഴക്കാലമായതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെയേറെ കഷ്ടപ്പെട്ടാണ് പത്രവിതരണം.
വിതരണത്തിന് ബുദ്ധിമുട്ടുണ്ട് -നിയാസ് പൂഴിത്തറ, പൊടിമറ്റം ഏജൻറ്, പാറത്തോട്
കോവിഡും ലോക്ഡൗണും പത്രവിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കെണ്ടയ്ൻമെൻറ് മേഖലകളിലെ പത്രവിതരണം പ്രയാസത്തിനിടയാക്കുന്നുെണ്ടങ്കിലും വരിക്കാർക്ക് പുലർച്ചതന്നെ പത്രം വീടുകളിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
വിതരണക്കാരെ കിട്ടാനില്ല -രാജു ജോസഫ് ചിറ്റാലുംമൂട്, ഫാത്തിമാപുരം ഏജൻറ്, ചങ്ങനാശ്ശേരി
കോവിഡും ലോക്ഡൗണും വിതരണത്തെ പ്രതികൂലമായി ബാധിച്ചു. കോവിഡ് ഭീതി കാരണം വിതരണക്കാരെ കിട്ടാനില്ല. ഏജൻറുമാര്‍ തന്നെ വിതരണം നടത്തേണ്ട അവസ്ഥയാണ്. വഴികള്‍ അടച്ചിട്ടിരിക്കുന്നതുകാരണം വളരെ ബുദ്ധിമുട്ടിയാണ് വിതരണം. വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞതോടെ പലര്‍ക്കും വരിസംഖ്യ അടയ്ക്കാന്‍ കഴിയുന്നില്ല. കലക്ഷന്‍ എടുക്കാന്‍ വീടുകളില്‍ പോവാന്‍ കഴിയാത്ത സ്ഥിതിയാണ്. വന്‍ സാമ്പത്തിക ബാധ്യതയാണ് ഏജൻറുമാര്‍ നേരിടുന്നത്.
പത്രമെത്തിക്കുന്നതിന് ഏറെ പ്രയാസം -പി.എം. ഉമ്മർ വാളറ -ഏജൻറ്, അടിമാലി
പല സ്ഥലങ്ങളും കണ്ടെയ്ൻമെൻറ് േസാണുകളാകുേമ്പാൾ വാഹന ഗതാഗതമടക്കം നിേരാധിക്കും. ഓേരാ വീടുകളിലും നടന്നുവേണം പത്രമെത്തിക്കാൻ. ഇതിന് പുറമെ േരാഗഭീതികൂടി ഉണ്ടാകുന്നത് പ്രയാസകരമാണ്. പത്രവിതരണത്തിന് ഈ സമയത്ത് ആളെ കിട്ടാതെവരുന്നു. ഇതോടെ പത്രമെത്തിക്കുന്നതിനടക്കം വളരെ പ്രയാസം നേരിടുന്നു. വായനക്കാരടക്കം നൽകുന്ന സഹകരണം വളരെ വലുതാണ്.
നഷ്ടമായത് സൗഹൃദകാലം
കോന്നി: പത്രവിതരണ രംഗത്ത് നാലു പതിറ്റാണ്ട് താണ്ടിയ കോന്നി മങ്ങാരം മേറ്റാട്ട് പുത്തൻവീട്ടിൽ എം.എ. ബഷീറിന് കോവിഡ് കാലത്ത് പറയാനുള്ളത് നഷ്ടമായ സൗഹൃദങ്ങളെക്കുറിച്ച്. ബഷീർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പത്രവിതരണ രംഗത്ത് എത്തിയത്. അന്ന് ഒരു മാസം പത്രത്തിന് ഏഴു രൂപ ഇരുപത്തിയഞ്ച് പൈസയായിരുന്നു വരിസംഖ്യ.
രാവിലെ കാൽനടയായി പൂങ്കാവ്, പ്രമാടം, ളാക്കൂർ, കോന്നി, കുമ്മണ്ണൂർ മേഖലകളിൽ കിലോമീറ്ററുകൾ താണ്ടിയാണ് വിതരണം നടത്തിയത്. അന്നൊക്കെ വിതരണക്കാരനെ കാത്ത് വീട്ടുകാർ മുറ്റത്ത് നിൽക്കുമായിരുന്നു. വിതരണത്തിനിെട വീട്ടുകാർ നൽകുന്ന കാപ്പിയും ചായയും കുടിച്ച് നല്ല സൗഹൃദത്തോടെയാണ് ഒരോ ദിനവും കടന്നു പോയിരുന്നത്. കാൽനട മാറി സൈക്കിളിൽ വിതരണം തുടങ്ങിയപ്പോഴും വരിക്കാരെല്ലാം സൗഹൃദത്തിലായിരുന്നു. നാലു പതിറ്റാണ്ടിനിടെ ഏറ്റവും ദുഷ്കരമായ കാലത്തിലൂടെയാണ് പത്രവിതരണം പോകുന്നതെന്ന് ബഷീർ പറയുന്നു.
പത്രവുമായി എത്തുന്നവരെ കാത്ത് ഇന്ന് ആരും വീടിനു മുന്നിൽ നിൽകുന്നില്ല. കോവിഡ് ഭീതിയിൽ പുലർച്ച കാണുന്ന മുഖങ്ങളും മാറി നിന്ന് ചിരിക്കാറേയുള്ളൂ. ആരും സംസാരിക്കാറില്ല. വീടുകളിൽ എത്തി പണം പോലും വാങ്ങാൻ കഴിയാത്തത് സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നു. എന്നാലും ഇപ്പോഴും നാനൂറോളം പത്രം സുരക്ഷിതമായി വായനക്കാരുടെ കൈകളിൽ ബഷീർ എത്തിക്കുന്നുണ്ട്.
പ്രകൃതിക്ഷോഭമായാലും കോവിഡായാലും സമയത്തെത്തും -പി.വി. അനിൽകുമാർ - ഇടവെട്ടി ഏജൻറ്, തൊടുപുഴ
പത്രവിതരണം പുലർച്ച മൂന്നരക്ക് ആരംഭിക്കും. എട്ട് മണിയോടെ പരമാവധി സ്ഥലങ്ങളിൽ വിതരണം പൂർത്തിയാക്കും. മൂന്ന് പതിറ്റാണ്ടായി ഏജൻറായി പ്രവർത്തിക്കുന്നു. പ്രകൃതിക്ഷോഭം, കോവിഡ് തുടങ്ങി പ്രതികൂല സാഹചര്യങ്ങളിലെല്ലാം പത്രം വായനക്കാരിൽ കൃത്യമായി എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചില ദിവസങ്ങളിൽ വിതരണത്തിന് ആൾ എത്താതിരിക്കുന്നത് ആശങ്കക്കിടയാക്കും. എങ്കിലും അവിടെ എത്ര ത്യാഗം സഹിച്ചും നേരിട്ടെത്തി വിതരണം ചെയ്യാറുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സഹകരിക്കുന്ന വായനക്കാരും താങ്ങായി നിൽക്കുന്ന വിതരണക്കാരും ആവേശമാണ്. വാർത്തകളുടെ ഒരുകണ്ണിയായി പ്രവർത്തിക്കുെന്നന്നതും അഭിമാനം നൽകുന്നു.
പത്രവിതരണക്കാരെ സർക്കാർ മറക്കുന്നു
തിരുവല്ല: മറ്റെല്ലാ മേഖലയിൽ ഉള്ളവർക്കും കോവിഡ് ആനുകൂല്യം നൽകുമ്പോഴും സർക്കാർ പത്രവിതരണക്കാരെ മറക്കുകയാണെന്ന പരാതിയാണ് തിരുവല്ലയിലെ ആദ്യകാല പത്രവിതരണകാരിൽ ഒരാളായ കുഞ്ഞുമോന്.
49 വർഷം നീണ്ട തെൻറ പത്രവിതരണ ജീവിതത്തിൽ ഇത്രമേൽ പ്രതിസന്ധിയുണ്ടാക്കിയ ഒരുകാലമില്ലെന്ന് മുത്തൂർ വടക്കേടത്ത് മലവീട്ടിൽ കെ.എ. കുഞ്ഞുമോൻ പറയുന്നു. ലോക്ഡൗൺ ആരംഭിച്ച കഴിഞ്ഞ ഒരുവർഷത്തിനിടെ നൂറോളംപേർ പത്രം നിർത്തി. ഒട്ടേറെപ്പേരിൽനിന്ന് പണം ലഭിക്കാനുമുണ്ട്. എന്നാൽ, കോവിഡും ലോക്ഡൗണും മൂലമുള്ള സാമ്പത്തികഞെരുക്കം നന്നായി അറിയാവുന്നതുകൊണ്ട് കുടിശ്ശിക ഉള്ള വീടുകളിലും പത്രവിതരണം മുടക്കിയിട്ടില്ല.
ഉപഭോക്താക്കളിൽനിന്ന് പണം കൃത്യമായി ലഭിക്കാറില്ലെങ്കിലും വായ്പയെടുത്തും മറ്റുമായി പത്രക്കമ്പനികളുടെ ബില്ലടക്കുന്നതിൽ വീഴ്ച വരുത്താറില്ല. 1972ലാണ് പത്രവിതരണ രംഗത്തേക്ക് കടന്നുവന്നത്. ഇളയമകൻ അൻഷാദ് കുഞ്ഞുമോനൊപ്പം പത്രവിതരണ രംഗത്ത് സജീവമാണ്. കോവിഡ് പ്രതിസന്ധി മാറി പത്രവിതരണ രംഗം പഴയതുപോലെ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുമോൻ.
ചുറ്റിവളഞ്ഞാണ് സലീമിെൻറ യാത്ര
ചങ്ങനാശ്ശേരിയില്‍ പെരുന്ന, പെരുന്ന കിഴക്കുംഭാഗം, പുഴവാത് മേഖലയിലെ പത്ര ഏജൻറായ കെ. സലീം കുന്നുംപറമ്പില്‍ ഓട്ടോറിക്ഷയിലാണ് പത്രവിതരണത്തിന് പോവുന്നത്. ലോക്ഡൗണും കണ്ടെയ്ൻമെൻറ് സോണുകളുമായ പ്രദേശങ്ങളിലെ പ്രധാനവഴികള് അടക്കുന്നതിനാല്‍ പത്രവിതരണത്തിന് വളഞ്ഞും ചുറ്റിയും ഏറെനേരം വണ്ടിയോടിക്കേണ്ടിവരുന്നതായി അദ്ദേഹം പറയുന്നു.
ഓട്ടോ ഡ്രൈവര്‍ കൂടിയായ അദ്ദേഹത്തിന് ലോക്ഡൗണില്‍ ജോലിക്കുപോവാനും കഴിയുന്നില്ല. പെട്രോളിെൻറയും ഡീസലിെൻറയും വിലവര്ധിച്ചുവരുന്നതും ദുരിതമായി. തൊഴില്‍ നഷ്ടപ്പെട്ട് വരുമാന മാര്‍ഗങ്ങള്‍ നിലച്ച കുടുംബങ്ങള്‍ പത്രം നിര്‍ത്തുന്നതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. വരിസംഖ്യ അടയ്ക്കാൻ പലർക്കും സാധിക്കാതെ വരുത്തുന്നതും ഏജൻറുമാര്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തും.
കോവിഡ് ബാധിതരുള്ള കുടുംബങ്ങളില്‍ പത്രം ഇടാന്‍ വിതരണക്കാര്‍ മടികാണിക്കുമ്പോള്‍ ഒരു പത്രം ഇടാൻവേണ്ടി കിലോമീറ്ററുകൾ യാത്രചെയ്യേണ്ടിയും വരുന്നുവെന്നും സലീം പറഞ്ഞു.
സുരക്ഷയില്ലാത്ത ജോലി -രാജീവ്, ഇടക്കുന്നം ഏജൻറ്, കാഞ്ഞിരപ്പള്ളി
കോവിഡ്കാലത്തെ പത്രവിതരണം തടസ്സമില്ലാതെ മുന്നോട്ടുപോകുന്നു. വാർഡ് കണ്ടെയ്ൻമെൻറ് സോണായപ്പോഴും തടസ്സമുണ്ടായില്ല. എന്നാൽ, സുരക്ഷയില്ലാത്ത ഈ ജോലി ഭീതിയില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ട്.
അവശ്യവസ്തുക്കളും വാങ്ങിനൽകും -ഷറഫുദ്ദീൻ, വട്ടപ്പറമ്പിൽ, ഏജൻറ് മുണ്ടക്കയം
കണ്ടെയ്ൻമെൻറ് പ്രദേശങ്ങളിലും കാൽനടയായി പത്രക്കെട്ടുമായി എല്ലാ വീടുകളിലും അതിരാവിലെ എത്തും. മിക്ക വീടുകളിലും പണം ഗൂഗ്ൾ പേ മുഖാന്തരമാണ് ലഭിക്കുന്നത്. കുറേ ആളുകൾക്ക് പണം തരാൻ സാധിക്കുന്നില്ലെങ്കിലും പത്രം കൃത്യമായി എത്തിക്കുന്നുണ്ട്. ആവശ്യപ്പെടുന്നവർക്ക് അവശ്യവസ്തുക്കളും വാങ്ങിക്കൊടുക്കുന്നതും സന്തോഷം നൽകുന്നു.
പത്രവിതരണത്തെ ജോലിയായി കണ്ടിട്ടില്ല -കെ.െക. അസീസ്, െതാടുപുഴ ഏജൻറ്
35 വർഷമായി ഏജൻറായി പ്രവർത്തിക്കുന്നു. ഇന്നുവരെ പത്രവിതരണത്തെ ജോലിയായി കണ്ടിട്ടില്ല. ഇത് ജീവിതത്തിെൻറ ഒരു ഭാഗമായിക്കഴിഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും അതുവഴി പരിഹാരം കാണാൻപോലും കഴിഞ്ഞിട്ടുണ്ട്. ഒട്ടേെറ നല്ല മനുഷ്യരുമായി ബന്ധമുണ്ടാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.
നാടിെൻറ പല പ്രശ്നങ്ങളെയും പുറംലോകത്തെത്തിച്ച് അത് പരിഹരിക്കാൻ കഴിഞ്ഞത് ഉൗർജം നൽകിയിട്ടുണ്ട്. കോവിഡുകാലമായതിനാൽ ഏറെ വെല്ലുവിളിയാണ് ഏജൻറുമാർ നേരിടുന്നത്. പലപ്പോഴും വിതരണത്തിൽ തടസ്സം നേരിടുമോ എന്ന ആശങ്കയുണ്ടാകാറുണ്ട്. വരിക്കാരിൽനിന്നടക്കം നല്ല സഹകരമാണ്. പ്രയാസകാലത്തും അവരുടെ സഹകരണം വലുതാണ്.
കണ്ടെയ്ൻമെൻറ് സോണുകളിലടക്കം പൊലീസും പഞ്ചായത്ത് അധികൃതരും സഹായങ്ങൾ ചെയ്തുതരുന്നുണ്ട്. ഇതുവരെ മുടക്കം കൂടാതെ പത്രം എത്തിച്ചുനൽകാൻ കഴിഞ്ഞുവെന്നത് ആശ്വാസമാണ്.
മഴക്കാലത്ത് വലിയ ബുദ്ധിമുട്ടാണ് -പി.ജെ. ഷാജി, കല്ലാർ ഏജൻറ്, നെടുങ്കണ്ടം
മൂന്നുവർഷമായി പത്ര വിതരണരംഗത്തുണ്ട്. ഹൈറേഞ്ചിനെ സംബന്ധിച്ച് മറ്റിടങ്ങെളക്കാൾ വ്യത്യസ്തമായ ഭൂപ്രകൃതിയാണ്. മലയും കുന്നുമൊക്കെ താണ്ടണം. ജനവാസമേഖലകൾ കുറവാണ്. രാവിലെ 4.30ന് വിതരണം ആരംഭിക്കും. 36 കി.മീ. വണ്ടി ഒാടുന്നുണ്ട്. മഴക്കാലത്ത് വലിയ ബുദ്ധിമുട്ടാണ്. എങ്കിലും ഒരിടത്തും മുടങ്ങാതെ പത്രമെത്തിക്കാനാണ് ഒരോ ദിവസവും ശ്രമിക്കുന്നത്.
ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പലയിടത്തും എത്തിച്ചേരുക സാഹസികമാണ്. കണ്ടെയ്ൻമെൻറ് സോണുകളിലടക്കം എത്തുന്നുണ്ട്. എങ്കിലും കൃത്യമായ മാർഗ നിർദേശങ്ങൾ പാലിച്ചാണ് വിതരണം. വരിക്കാർ പറയുന്ന പ്രാദേശിക വാർത്തകൾ കൃത്യതയോടെ ബന്ധപ്പെട്ടവരെ അറിയിച്ച് വാർത്തയാക്കാൻ ശ്രമിക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.