കാട്ടിലെ വില്ലൻ മറയും; മഞ്ഞക്കൊന്ന ഇനി പേപ്പർ
text_fieldsകോട്ടയം: വനത്തിലെ വിനാശകാരിയായ മഞ്ഞക്കൊന്ന ഇനി കടലാസ്. മഞ്ഞക്കൊന്നയില്നിന്ന് വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എല്‍) ന്യൂസ് പ്രിന്റ് ഉൽപാദനം തുടങ്ങി.
ആദ്യഘട്ടമായി പരീക്ഷണാടിസ്ഥാനത്തിലെത്തിച്ച 5000 ടൺ ഉപയോഗിച്ചാണ് പേപ്പർ നിർമാണം. 2500 ടൺ കൊന്നത്തടി പൾപ്പാക്കി മാറ്റുകയും ഇതിൽനിന്ന് 1200 ടണ്ണോളം ന്യൂസ് പ്രിന്റ് ഉൽപാദിപ്പിക്കുകയും ചെയ്തു. അക്കേഷ്യ, മുള എന്നിവക്കൊപ്പമാണ് ഇതിനെ പൾപ്പാക്കി മാറ്റുന്നത്.
ആദ്യഘട്ടം വിജയമായതോടെ കൂടുതൽ മരങ്ങൾ ആവശ്യപ്പെട്ട് കെ.പി.പി.എല്‍ വനംവകുപ്പിന് കത്ത് നൽകി. എന്നാൽ, മരങ്ങൾ മുറിച്ചുമാറ്റിയ പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തിയശേഷം കൂടുതൽ അനുവദിക്കാമെന്ന നിലപാടിലാണ് വനംവകുപ്പ്. മുറിച്ചുമാറ്റുന്ന മരങ്ങളുടെ കുറ്റിയിൽനിന്ന് വീണ്ടും കിളിർക്കുന്നതടക്കമുള്ള കാര്യങ്ങൾ വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇത് തടയാൻ കുറ്റികൾക്ക് മുകളിൽ മണ്ണിട്ട് മൂടുന്നുമുണ്ട്. ഇതിലെ പുരോഗതിയടക്കം വിവിധ വശങ്ങൾ വിലയിരുത്തിയശേഷമാകും അടുത്തഘട്ടമായി മരങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം.
അധിനിവേശ സസ്യ ഇനത്തിൽപെട്ട മഞ്ഞക്കൊന്ന വയനാട് വന്യജീവി സങ്കേതത്തിലെ സസ്യ, ജന്തുജാലങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. മഞ്ഞക്കൊന്നയുടെ സാന്നിധ്യം മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് കാരണമാകുന്നതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു. വയനാട് സങ്കേതത്തിലെ 123.86 ചതുരശ്ര കിലോമീറ്ററില്‍ ഇത് വ്യാപിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ആവാസ വ്യവസ്ഥക്ക് പ്രതികൂലമായതിനാൽ ഇതിനെ പൂർണമായി നശിപ്പിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നതിനിടെയാണ് പേപ്പർ നിർമാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്.
നേരത്തേ കോട്ടയം വെള്ളൂരിലെ കെ.പി.പി.എല്ലിന്റെ റിസർച് ആന്‍ഡ് െഡവലപ്മെന്റ് സെൽ പരീക്ഷണാടിസ്ഥാനത്തിൽ മഞ്ഞക്കൊന്നയില്നിന്ന് പൾപ്പ് രൂപപ്പെടുത്തുകയും ഇതുപയോഗിച്ച് പേപ്പർ നിർമിക്കുകയും ചെയ്തിരുന്നു. ഇത് വിജയമായതോടെയാണ് വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കാൻ തീരുമാനിച്ചത്. മരങ്ങൾ ആവശ്യപ്പെട്ട് ഇവർ വനംവകുപ്പിനെ സമീപിച്ചു. ഇതിന്റെ തുടർച്ചയായി മഞ്ഞക്കൊന്ന പേപ്പർ നിർമാണത്തിന് ഉപയോഗിക്കാൻ വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു. ആദ്യഘട്ടത്തിൽ നോര്‍ത്ത് വയനാട് ഡിവിഷനില്‍നിന്ന് 5000 ടണ്‍ കൊന്നത്തടിയാണ് വെള്ളൂരില്‍ എത്തിച്ചിരിക്കുന്നത്. മരങ്ങൾ മുറിച്ച് വെള്ളൂരിലെത്തിക്കാൻ കെ.പി.പി.എൽ കരാർ നൽകിയിരിക്കുകയാണ്. മഞ്ഞക്കൊന്നക്ക് മെട്രിക് ടണ്ണിന് 350 രൂപയാണ് വനംവകുപ്പ് ഈടാക്കുന്നത്. എന്നാൽ, ഇത് കുറഞ്ഞ നിരക്കാണെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
സർക്കാർ സ്ഥാപനമായതിനാലാണ് കുറഞ്ഞ നിരക്കെന്നും വിജയകരമാണെന്ന് കണ്ടാൽ തുക ഉയർത്തുന്നത് പരിഗണിക്കുമെന്നുമാണ് വനംവകുപ്പ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.