നിപ മുന്നൊരുക്കം വിലയിരുത്തി;സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ കോട്ടയം ജില്ലയിലില്ല
text_fieldsകോട്ടയം: സംസ്ഥാനത്ത് നിപ വൈറസ്ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള ജില്ലയിലെ മുന്നൊരുക്കം കലക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിലയിരുത്തി. കോഴിക്കോട് നിപ സ്ഥീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ജില്ലയിൽ ഇല്ലെന്ന് യോഗം സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആരെങ്കിലും ഉൾപ്പെട്ടാൽ അവരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി നിലവിൽ 17കിടക്കകളുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കി.
ആർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ചികിത്സ നൽകുന്നതിന് ഒമ്പത് കിടക്കകളുള്ള ഐ.സി.യു ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനായി മെഡിക്കൽ കോളജിൽ കൺട്രോൾ റൂമും പ്രവർത്തിക്കും.
പനി ബാധിതരെ പരിശോധിക്കാൻ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തോട് ചേർന്ന് പ്രത്യേക ക്ലിനിക് പ്രവർത്തിക്കും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് രോഗലക്ഷണമുണ്ടായാൽ സാമ്പിൾ ആലപ്പുഴ ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കും. ആവശ്യമായ മരുന്നുകൾ, പി.പി.ഇ കിറ്റ്, ഗ്ലൗസുകൾ, സംവിധാനങ്ങൾ എന്നിവ കെ.എം.എസ്.സി.എൽ വഴി ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗവിഭാഗം, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, പൾമിനറി മെഡിസിൻ, ഗൈനക്കോളജി, ക്രിട്ടിക്കൽ കെയർ, മൈക്രോബയോളജി വിഭാഗം മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.