എ.ഐ.എസ്.എഫ് വനിത നേതാവിനെ ജാതിപ്പേര് വിളിച്ച സംഭവത്തിൽ അറസ്റ്റില്ല
text_fieldsകോട്ടയം: എ.ഐ.എസ്.എഫ് വനിത നേതാവിനോട് മോശമായി പെരുമാറുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കേസിൽ പ്രതിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം. അർഷോയുടെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിർദേശത്തോടെയാണ് ഹൈകോടതി മൂന്നുമാസം മുമ്പ് അർഷോയുടെ ജാമ്യം റദ്ദാക്കിയത്.
എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയതായി വിവരമില്ലെന്ന് പരാതിക്കാരിയായ അഡ്വ. നിമിഷ രാജു പറഞ്ഞു. വിദ്യാർഥിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് അർഷോ കൊച്ചിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിൽ എം.ജി സർവകലാശാലയിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിനിടെയാണ് അർഷോ അന്നത്തെ സംസ്ഥാന ജോയന്റ് സെക്രട്ടറി അഡ്വ. നിമിഷ രാജുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്.
എറണാകുളം ലോകോളജിൽ നിമിഷക്കൊപ്പം പഠിച്ചയാളാണ് അർഷോ. സഹപ്രവർത്തകനെ ആക്രമണത്തിൽനിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ നിമിഷക്കുനേരെ തിരിഞ്ഞത്. സംഭവത്തിൽ നിമിഷയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് അർഷോയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് എസ്.പിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്. എം.ജി സെനറ്റ് തെരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് മത്സരിച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്. അന്ന് എറണാകുളം ജില്ല പ്രസിഡന്റായിരുന്നു അർഷോ. പിന്നീടാണ് മലപ്പുറത്തുനടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, അന്വേഷണവും അറസ്റ്റും കോടതി സ്റ്റേ ചെയ്തിരുന്നതായും അതിനാലാണ് തുടരന്വേഷണം നടത്താതിരുന്നതെന്നും ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.