വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങളില്ല; ട്രാവൻകൂർ സിമൻറ്സിന് നോട്ടീസ്
text_fieldsകോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമീഷണർ ഉത്തരവിട്ടിട്ടും നടപടിയെടുക്കാതെ ട്രാവൻകൂർ സിമൻറ്സ്. ഉത്തരവിട്ട് 60 ദിവസം കഴിഞ്ഞിട്ടും മാനേജ്മെൻറ് നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിൽ ഡെപ്യൂട്ടി ലേബർ കമീഷണർ കമ്പനിക്ക് ഷോക്കോസ് നോട്ടീസ് അയച്ചു. ഡെപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവിന് കൃത്യമായി മറുപടി നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2019ൽ സർവിസിൽനിന്ന് വിരമിച്ച ട്രാവൻകൂർ സിമൻറ്സിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി. ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി തുക 30 ദിവസത്തിനകം നൽകണമെന്നും നൽകിയില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്നും രണ്ടുമാസം മുമ്പാണ് ഡെപ്യൂട്ടി ലേബർ കമഷണർ ഉത്തരവിട്ടത്.
2019 ഏപ്രിൽ, മേയ് മാസം വിരമിച്ച 10 ജീവനക്കാരാണ് ഗ്രാറ്റ്വിറ്റി നിയന്ത്രണാധികാരിയായ ഡെപ്യൂട്ടി ലേബർ കമീഷൻ മുമ്പാകെ പരാതിയുമായി എത്തിയത്. നേരത്തേ മനുഷ്യാവകാശ കമീഷൻ അടക്കം ഇടപെട്ടിരുന്നു. സിമൻറ്സിൽനിന്ന് 2019 ഏപ്രിൽ മുതൽ വിരമിച്ച 85 ഓളം ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റിയും 2020 ഏപ്രിൽ മുതൽ വിരമിച്ച 50 പേർക്ക് ഇ.പി.എഫ് തുകയും ലഭിക്കാനുണ്ടെന്ന് ജീവനക്കാർ പറയുന്നു.
2020 ഏപ്രിലിനുശേഷം വിരമിച്ച ജീവനക്കാരുടെ പി.എഫ് കമ്പനി വിഹിതവും ജീവനക്കാരുടെ വിഹിതവും കമ്പനി ഇ.പി.എഫ്.ഒയിൽ അടച്ചിട്ടിെല്ലന്നും ജീവനക്കാർ പരാതിപ്പെടുന്നു.
നേരത്തേ മനുഷ്യാവകാശ കമീഷെൻറ ഉത്തരവ് അടക്കം പുറത്തുവന്നപ്പോൾ, എറണാകുളം കാക്കനാട്ടെ കമ്പനിവക സ്ഥലം വിറ്റ് പണം നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും ഈ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. പല ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപങ്ങളിൽനിന്ന് വായ്പ എടുത്ത വിരമിച്ച ജീവനക്കാർ ദുരിതത്തിലാണ്. ബാക്കിയുള്ള റിട്ട. ജീവനക്കാർ കൂടി കമീഷണർക്കു പരാതി നൽകുമെന്ന് ഭാരവാഹികളായ ജോൺ പി. ചെറിയാൻ, പി.എം. ജോയി, പി. സനൽകുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.