കാത്തുനിൽപ് വെറുതെ; തിരുനക്കര സ്റ്റാൻഡിൽ ബസെത്തിയില്ല
text_fieldsകോട്ടയം: തിരുനക്കര പഴയ സ്റ്റാൻഡിലൂടെ ബുധനാഴ്ച മുതൽ ബസ് സർവിസ് ആരംഭിക്കാനുള്ള തീരുമാനം നടപ്പായില്ല. ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാലാണ് ബസ് ബേ പുനരാരംഭിക്കാതിരുന്നതെന്നും വ്യാഴാഴ്ച മുതൽ പഴയ സ്റ്റാൻഡിലൂടെ ബസുകൾ കടത്തിവിടുമെന്നും കോട്ടയം നഗരസഭ അറിയിച്ചു. ബുധനാഴ്ച നടന്ന ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ (ഡി.എൽ.എസ്.എ) സിറ്റിങ്ങിലും ഇക്കാര്യം നഗരസഭ സെക്രട്ടറി അറിയിച്ചു.
ബുധനാഴ്ച മുതൽ ബസ് ബേ ആരംഭിക്കുമെന്നാണ് നേരത്തേ നഗരസഭ സെക്രട്ടറി ഡി.എൽ.എസ്.എയിൽ അറിയിച്ചിരുന്നത്. മാധ്യമങ്ങളിലടക്കം ഇത് പ്രസിദ്ധീകരിച്ചതോടെ യാത്രക്കാർ ബുധനാഴ്ച രാവിലെതന്നെ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ബസുകൾ പതിവുപോലെ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലൂടെയാണ് കടന്നുപോയത്. മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസുകൾ ചിത്ര സ്റ്റുഡിയോക്കും മുന്നിൽ തന്നെയാണ് നിർത്തിയതും.
സർവിസ് സംബന്ധിച്ച് പുതിയ നിർദേശമൊന്നും കിട്ടിയിട്ടില്ലെന്നാണ് ബസുകാർ പറയുന്നത്. ബസുകൾ സ്റ്റാൻഡിലേക്ക് തിരിച്ചുവിടാൻ ട്രാഫിക് പൊലീസുമുണ്ടായിരുന്നില്ല. ഡി.എൽ.എസ്.എയുടെ അടിയന്തര നിർദേശപ്രകാരമാണ് സ്റ്റാൻഡിൽ ബസ് ബേ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ബസ് ബേയിലെ മണ്ണ് നീക്കി ബോർഡ് സ്ഥാപിക്കാമെന്നും മുനിസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങിൽ അറിയിച്ചിരുന്നു. ജില്ല ഭരണകൂടത്തിന്റെ പ്രതിനിധിയും ട്രാഫിക് പൊലീസും സിറ്റിങ്ങിൽ ഹാജരായതുമാണ്. ആ തീരുമാനമാണ് ലംഘിക്കപ്പെട്ടത്. ബസ് ബേ ആരംഭിച്ച ശേഷം ബുധനാഴ്ചയിലെ സിറ്റിങ്ങിൽ വിശദ റിപ്പോർട്ട് നൽകാനും ഡി.എഎൽ.എസ്.എ സെക്രട്ടറിയും സബ്ജഡ്ജുമായ ജി. പ്രവീൺകുമാർ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് ഹാജരായ മുനിസിപ്പൽ സെക്രട്ടറി ഒരുദിവസത്തെ സാവകാശംകൂടി തേടുകയായിരുന്നു. ഇത് അംഗീകരിച്ചു. സ്റ്റാൻഡിലെ കോൺക്രീറ്റ് തറക്കുമുകളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കി ബസുകൾ കടത്തിവിടാനാണ് തീരുമാനം. നേരത്തേ ഉണ്ടായിരുന്നതുപോലെ രണ്ടുവരിയായിത്തന്നെ ആയിരിക്കും ബസുകൾ കടന്നുപോവുക. ഇതിനായി ട്രാഫിക് പൊലീസ് ഡിവൈഡറുകൾ വെക്കും. നിലവിലെ പേ ആൻഡ് പാർക്കിങ് ബസ് ബേക്ക് തടസ്സമില്ലാതെ തുടരാനും തീരുമാനിച്ചിരുന്നു. സ്റ്റാൻഡിൽ താൽക്കാലിക വിശ്രമകേന്ദ്രം ഒരുക്കാൻ മുനിസിപ്പാലിറ്റി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. എന്നാൽ, നടപടി തുടങ്ങിയിട്ടില്ല. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ബസ് ബേ മാറ്റിയതും ബസുകൾ വഴി തിരിച്ചുവിട്ടതും.
ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. എന്നാൽ, കെട്ടിടം പൊളിച്ചുമാറ്റൽ പൂർത്തിയായിട്ടും ബസ് ബേ പുനരാരംഭിക്കൽ പല കാരണങ്ങളാൽ നീണ്ടു. ഒടുവിൽ ഡി.എൽ.എസ്.എ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുനരാരംഭിക്കാൻ നഗരസഭ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.