ഉപരിപഠനത്തിന് പ്രതിസന്ധികളില്ല; ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കും
text_fieldsകോട്ടയം: പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണത്തെക്കാൾ കൂടുതൽ പ്ലസ് വൺ സീറ്റുകളുള്ള സാഹചര്യത്തിൽ ജില്ലയിൽ ഉപരിപഠനത്തിന് പ്രതിസന്ധികളില്ല. ജില്ലയിൽ 19,393 വിദ്യാർഥികളാണ് പത്താം ക്ലാസ് കടമ്പ പിന്നിട്ടത്. 99.07 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 19,452 പേരിൽ 19,393 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇവർക്കെല്ലാം ജില്ലയിൽ സീറ്റുകൾ ലഭ്യമാണ്. മെറിറ്റ്, നോൺമെറിറ്റ്, സ്പോർട്സ് ക്വോട്ട അടക്കം 22,208 പ്ലസ് വൺ സീറ്റുകളുണ്ട്.
ജയിച്ച എല്ലാവരും പ്രവേശനം നേടിക്കഴിഞ്ഞാലും സീറ്റുകൾ ഒഴിഞ്ഞുകിടക്കും. സേ പരീക്ഷ പൂർത്തിയാകുന്നതോടെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വരുന്നതോടെയും അപേക്ഷകരുടെ എണ്ണം കൂടും. ഇവരെത്തിയാലും പ്രതിസന്ധിയുണ്ടാകില്ല. സി.ബി.എസ്.ഇ സിലബസിൽനിന്ന് കൂടുതൽ പേർ ഇത്തവണ എത്താനുള്ള സാധ്യതയുണ്ട്. എട്ട്, അഞ്ച് ക്ലാസുകളിലായി ഇത്തവണ കൂടുതൽ വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിയിരുന്നു.
ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കില്ല. ഐ.ടി.ഐ, പോളിടെക്നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവയിലേക്ക് ഒരുവിഭാഗം വിദ്യാർഥികൾ തിരിയും. അതിനാൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ വർഷം വിജയശതമാനം കൂടിയതിനാൽ സീറ്റുകളിൽ വർധന വരുത്തിയിരുന്നു. ഇത്തവണ ഇതുണ്ടാകില്ല.
ഹ്യുമാനിറ്റീസിനും വൻ ഡിമാൻഡ്
കഴിഞ്ഞ തവണ സയൻസ് ഗ്രൂപ്പിനായിരുന്നു ആവശ്യക്കാരെങ്കിൽ ഇക്കുറി സയൻസിനൊപ്പം ഹ്യുമാനിറ്റീസിനും പിടിയാണ്. ഏകജാലകം വഴിയാണ് പ്രവേശനമെങ്കിലും മാനേജ്മെന്റ് ക്വോട്ട വഴിയും സീറ്റ് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് രക്ഷിതാക്കൾ. ഇഷ്ടവിഷയവും സമീപ സ്കൂളും ലക്ഷ്യമിട്ടാണ് പലരും മാനേജ്മെന്റ ക്വോട്ടകളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത്. ജില്ലയിൽ ആവശ്യത്തിലധികം പ്ലസ് വൺ സീറ്റുകൾ ലഭ്യമാണെന്ന് ഹയർ സെക്കൻഡറി കോഓഡിനേറ്റർ ടി.കെ. അനിൽകുമാർ പറഞ്ഞു. ഒരാൾ പോലും സീറ്റ് ലഭിക്കാതെ മാറിനിൽക്കേണ്ടി വരില്ല. സീറ്റ് സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളുടെ എണ്ണം
ഹയർ സെക്കൻഡറി സ്കൂളുകൾ -134
അൺ എയ്ഡഡ് -213
റെസിഡൻഷ്യൽ -ഒന്ന്
വി.എച്ച്.എസ്.ഇ -36
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.