പമ്പിങ്ങിന് വൈദ്യുതിയില്ല; വെള്ളക്കെട്ടിൽ ആർ ബ്ലോക്ക്
text_fieldsകോട്ടയം: തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ആർ ബ്ലോക്ക് പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവാതെ കർഷകർ അങ്കലാപ്പിൽ. ആയിരക്കണക്കിന് തെങ്ങിൻ തൈകൾ വെള്ളംകയറി നശിക്കുമെന്ന ആശങ്കയിലാണ് ആർ ബ്ലോക്കിലെ കർഷകർ. ഒരാഴ്ച തുടർച്ചയായി വൈദ്യുതിമുടക്കം പതിവായതോടെ വെള്ളം പമ്പുചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്ന മോട്ടോറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച ദിവസവും മൂന്ന് മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭ്യമായത്.
സമുദ്രനിരപ്പിൽനിന്ന് രണ്ടര മീറ്റർ താഴെ കൃഷിചെയ്യുന്നതിനാൽ 24 മണിക്കൂറും പമ്പിങ് നടത്തിയാലേ കൃഷി സുഗമമാകൂവെന്നിരിക്കെ തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ കർഷകർ ആശങ്കയിലാണ്. കനത്തമഴയെ തുടർന്ന് ആർ ബ്ലോക്കിന്റെ ഉൾച്ചിറകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന നിലയിലാണ്. ആയിരക്കണക്കിന് തെങ്ങിൻ തൈകളാണ് വെള്ളംകയറി നശിച്ചത്. വാഴ, കമുക്, കൊക്കോ, മത്സ്യകൃഷി എന്നീ കൃഷികളും അപകടാവസ്ഥയിലാണ്.
ജലനിരപ്പിന്റെ ഒരുപരിധിക്ക് ശേഷം പമ്പിങ് സാധ്യമാകില്ലെന്ന വെല്ലുവിളിയുമുണ്ട്. വൈദ്യുതിക്കുള്ള ഉപകരാർ കെ.എസ്.ഇ.ബിക്ക് നൽകിയതിന് ശേഷം അറ്റകുറ്റപ്പണിയും മറ്റും കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. വൈദ്യുതി തടസ്സപ്പെട്ടത് അറിയിക്കാൻ വിളിച്ചാലും കൃത്യമായ മറുപടിയില്ലെന്നാണ് കർഷകരുടെ ആക്ഷേപം. പുറംബണ്ടിൽ വിള്ളലുള്ളതിനാൽ ഉള്ളിലേക്ക് വെള്ളംകയറി കൃഷിനശിക്കുന്ന അവസ്ഥയാണ്.
100ലധികം കർഷകരാണ് ആർ ബ്ലോക്കിൽ കൃഷിയെ ആശ്രയിച്ചുകഴിയുന്നത്. ഇനിയും വെള്ളം നിറഞ്ഞാൽ അത് താങ്ങിനിർത്താനുള്ള ശേഷി ബണ്ടിന് ഇല്ലെന്നതാണ് കർഷകരുടെ ഭയം. കോട്ടയം-ആലപ്പുഴ റൂട്ടിൽ ടൂറിസ്റ്റ് മേഖലയായി വികസിച്ചുവരുന്ന പ്രദേശമാണ് ഇവിടം.
2018ലെ പ്രളയത്തിൽ വെള്ളംമൂടി കൃഷി നശിച്ചിരുന്നു. 1500ഓളം ഏക്കർ തെങ്ങ്, വാഴ കൃഷിയാണ് നശിച്ചത്. വൈദ്യുതി വകുപ്പ് കോടിക്കണക്കിന് തുക ചെലവഴിച്ചാണ് രണ്ടാമത് സെമികണ്ടക്ടർ ലൈൻ വലിച്ച് വീണ്ടും ആർ ബ്ലോക്ക് കൃഷിയൊരുക്കാൻ അനുയോജ്യമാക്കിയത്.
വൈദ്യുതി തകരാർ ഉണ്ടാവില്ലെന്ന സർക്കാറിന്റെയും വൈദ്യുതി വകുപ്പിന്റെയും ഉറപ്പിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയിറക്കിയ കർഷകർക്കാണ് വെള്ളക്കെട്ട് തിരിച്ചടിയായത്. 2020ലാണ് പുതിയ പമ്പുകളും അനുബന്ധ ഉപകരണങ്ങളും സർക്കാർ സ്ഥാപിച്ച് നൽകിയത്.
തുടർന്നാണ് കർഷകർ ലോണെടുത്തും മറ്റും കൃഷി പുനരാരംഭിച്ചത്. ഈവർഷത്തെ വിളവെടുപ്പ് നടക്കുന്ന സമയത്താണ് പെരുംമഴയുടെ വരവ്. വിളവെടുപ്പ് അടുത്ത സാഹചര്യത്തിൽ വെള്ളം കെട്ടിനിന്നാൽ ചെറിയ തെങ്ങുകളും വാഴകളും നശിക്കുമെന്നാണ് കർഷകർ പറയുന്നത്. കായൽമേഖല പ്രദേശമായതിനാൽ ഇൻഷുറൻസ് കിട്ടാത്ത സാഹചര്യമാണെന്നും കർഷകർ പറയുന്നു.
വൈദ്യുതി മുടക്കം; പ്രതിഷേധവുമായി കർഷകർ
കോട്ടയം: ആർ ബ്ലോക്കിനെ തകർച്ചയിൽനിന്ന് രക്ഷിക്കണമെന്നും 24 മണിക്കൂർ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ആർ ബ്ലോക്ക് കർഷകസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി പുഞ്ച സെക്ഷൻ ഓഫിസിൽ ധർണ നടത്തി.
ആർ ബ്ലോക്കിലെ കർഷകരുടെ ആശങ്ക ന്യായമാണെന്നും തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ വിജി പ്രഭാകരൻ, അസി. എൻജിനീയർ അജിത് എന്നിവർ ആർ ബ്ലോക്ക് കർഷക സമിതിയുമായി നടന്ന ചർച്ചയിൽ ഉറപ്പുനൽകി. അനധികൃതമായി ആർ ബ്ലോക്കിലെ മീൻപിടിത്തക്കാർ നടത്തുന്ന സുരക്ഷാവിരുദ്ധമായ പ്രവൃത്തികൾ തുടരെയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് കാരണമാകുന്നതായി എൻജിനീയർമാർ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കർഷകസമിതി പ്രസിഡന്റ് ബെന്നി കെ. തോമസ് കൈതകം, സെക്രട്ടറി കിഷോർ പാട്ടാശ്ശേരി, ട്രഷറർ സണ്ണി കുരിശുമ്മുട്ടിൽ, ജോസഫ് തോമസ് കറുകയിൽ, രാജു പാട്ടാശ്ശേരി, തോമസ് ജോഷ്വ താന്നിക്കൽ, ടിറ്റോ പുത്തൻപുരയിൽ, ഓസ്റ്റിൻ കുരിശുമ്മുട്ടിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.