ജനറേറ്ററില്ല, വെള്ളമില്ല, യന്ത്രങ്ങളിലൊന്ന് പണിമുടക്കിൽ; പരാധീനതകളിൽ മുട്ടമ്പലം ശ്മശാനം
text_fieldsകോട്ടയം: വൈദ്യുതിയില്ല, ജനറേറ്ററില്ല, വെള്ളവുമില്ല. ടാങ്കും ചിമ്മിനിയും തകർന്നിട്ട് നാളേറെയായി. ആകെയുള്ള രണ്ട് യന്ത്രങ്ങളിൽ ഒന്ന് പണിമുടക്കിൽ. കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനത്തിന്റെ അവസ്ഥയാണിത്. ശ്മശാനം നാശത്തിലേക്ക് നീങ്ങുമ്പോഴും കുലുങ്ങാതെ കോട്ടയം നഗരസഭ. പലതവണ പരാതികൾ ഉയർന്നിട്ടും നടപടിയൊന്നുമില്ല. നഗരസഭ കൗൺസിലിലടക്കം പലതവണ വിഷയം ഉയർന്നിട്ടുണ്ടെങ്കിലും പരാധീനതകൾക്ക് മാറ്റമില്ല.
ദഹിപ്പിക്കുന്ന യന്ത്രങ്ങളിലൊന്ന് കേടായതിനാൽ ഒരേസമയം ഒന്നിലധികം മൃതദേഹങ്ങൾ കൊണ്ടുവന്നാൽ കാത്തുനിൽക്കാനേ ബന്ധുക്കൾക്ക് മുന്നിൽ വഴിയുള്ളൂ. അറ്റകുറ്റപ്പണികൾ വൈകുന്നത് ഇവ പൂർണമായി നശിക്കാൻ കാരണമാകുമെന്നും ആക്ഷേപമുണ്ട്. പാചകവാതകത്തിലാണ് ശ്മശാനം പ്രവർത്തിക്കുന്നതെങ്കിലും ലൈറ്റുകൾ അടക്കം പ്രവർത്തിപ്പിക്കാൻ വൈദ്യുതി വേണം. എന്നാൽ, ഇത് മുടങ്ങിയിട്ട് നാളേറെയായി. വയറിങ്ങിന് തകരാർ സംഭവിച്ചതാണ് വൈദ്യുതി വിതരണം മുടങ്ങാൻ കാരണം. ഇതോടെ ലൈറ്റും ഫാനും പ്രവർത്തിക്കാത്ത സ്ഥിതിയാണ്.
വൈകുന്നേരമായാൽ ഇരുട്ടത്താണ് മൃതദേഹം ദഹിപ്പിക്കുന്നത്. രണ്ട് ജനറേറ്ററുകളിലൊന്ന് തുരുമ്പുപിടിച്ച് തകർന്നുകിടക്കുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾക്കും നടപടിയില്ല. കാലപ്പഴക്കം വന്ന പൈപ്പ് പലയിടങ്ങളിലും പൊട്ടിയ നിലയിലാണ്. ഇതോടെ ജലവിതരണം അവതാളത്തിലാണ്. നൂലുപോലെയാണ് ടാപ്പുകളിലൂടെ വെള്ളം വരുന്നത്. ശക്തിയില്ലാത്തതിനാൽ കെട്ടിടത്തിന് മുകളിലെ ടാങ്കിലേക്ക് വെള്ളം കയറില്ല. ഇതോടെ കൈകഴുകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വെള്ളത്തിന്റെ ടാങ്ക് തുരുമ്പ് പിടിച്ച് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ചിമ്മിനിയുടെ മുകൾഭാഗം തകർന്ന് പുക പുറത്തേക്കുപോകാത്ത അവസ്ഥയാണ്. ഇത് പുക പരിസരത്താകമാനം പടരുന്നതിനും കാരണമാകുന്നുണ്ട്. ഇതിനെതിരെ നാട്ടുകാർ പലതവണ പരാതിയുമായി രംഗത്തുവന്നിരുന്നു. ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ചിമ്മിനിയുടെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. ഇത് മാറ്റാനുള്ള നടപടിയുമില്ല.
മൃതദേഹം ദഹിപ്പിക്കുന്ന യന്ത്രങ്ങളിൽ ഒന്നിന്റെ ബർണർ പൂർണമായി കത്തുന്നില്ല. രണ്ടുഭാഗത്തും ബർണർ ഒരുപോലെ പ്രവർത്തിക്കാതെ മൃതദേഹം ദഹിപ്പിക്കാനാവില്ല. ഇത് പലപ്പോഴും തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നിലവിൽ ഒരു മൃതദേഹം കത്തിയ ശേഷമേ അടുത്തത് വെക്കാനാവൂ. കുറഞ്ഞത് രണ്ടര മണിക്കൂറെടുക്കും ഒരു മൃതദേഹം കത്തിത്തീരാൻ. അതുകഴിഞ്ഞേ അടുത്തത് വെക്കാനാവൂ. ഇത് വലിയതോതിൽ വൈകുന്നതിന് കാരണാകുന്നുണ്ട്. മൃതദേഹവുമായി എത്തുന്നവർ എറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയും ഇതുമൂലമുണ്ടാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.