മൃഗാശുപത്രികളില്‍ മരുന്നില്ല; ക്ഷീരകര്‍ഷകർ നെട്ടോട്ടത്തിൽ
text_fieldsമൃഗസംരക്ഷണ വകുപ്പ് നേരിട്ടുള്ള മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇപ്പോൾ തദേശസ്ഥാപനങ്ങൾക്കാണ് മൃഗാശുപത്രിയിലേക്കാവശ്യമായ മരുന്നുകള്‍ വാങ്ങി നൽകാനുള്ള ചുമതല. ഒരു ലക്ഷം രൂപയാണ് ഇത്തരത്തില്‍ മരുന്നുകള്‍ക്കായി വകയിരുത്തുന്നത്. എന്നാൽ, ജില്ലയിലെ മൂന്നോ നാലോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മാത്രമാണ് കൃത്യമായി മരുന്നുകള്‍ വാങ്ങി നൽകുന്നത്.
കോട്ടയം: മഴക്കാലം ആരംഭിച്ചിട്ടും മൃഗാശുപത്രികളില്‍ അവശ്യമരുന്നുകളില്ല. മരുന്നുതേടി മൃഗാശുപത്രികളിലെത്തുന്ന ക്ഷീരകർഷകർ നിരാശയോടെ മടങ്ങുന്നു. ജില്ലയിലെ 80 ആശുപത്രികളില്‍ ഭൂരിഭാഗത്തിലും മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. ഇതോടെ ഉയര്‍ന്ന വില കൊടുത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍. തുടര്‍ച്ചയായി മഴ പെയ്തതോടെ മൃഗങ്ങള്‍ക്ക് രോഗങ്ങളും വ്യാപകമായി. എന്നിട്ടും മരുന്നുകൾ ലഭ്യമാക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
മരുന്നുക്ഷാമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ക്ഷീരകര്‍ഷകരെയാണ്. ആവശ്യമായ മരുന്നുകള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാനാണ് ഡോക്ടര്‍മാരും നിദേശിക്കുന്നത്. വയറിളക്കം, തീറ്റ എടുക്കാതിരിക്കല്‍, ദഹനപ്രശ്നം, അകിടുവീക്കം, കാത്സ്യക്കുറവ് തുടങ്ങിയ രോഗങ്ങളാണ് മഴക്കാലത്ത് മൃഗങ്ങളെ ഏറെ ബാധിക്കുന്നത്. വിരഗുളിക, ദഹനത്തിനാവശ്യമായ മരുന്നുകള്‍, കാത്സ്യം പൗഡര്‍, അകിട് വീക്കത്തിനുള്ള മരുന്ന് എന്നിവക്ക് ക്ഷാമം അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രോഗബാധയുള്ള പശുക്കള്‍ കൂടുതലായി എത്തിയതോടെ സൈലേറിയ രോഗവും വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നേരത്തെ ജില്ല മൃഗാശുപത്രിയില്‍ രോഗനിർണയം സൗജന്യമായിരുന്നുവെന്നും ഇപ്പോള്‍ 350 രൂപ നല്‍കണമെന്നും കർഷകർ പറയുന്നു. പരിശോധന ഫലം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായും പരാതിയുണ്ട്.
പരിപാലന ചെലവ് കൂടുന്നു; നഷ്ടവും
കോട്ടയം: പരിപാലന ചെലവ് കുത്തനെ ഉയർന്നതും ക്ഷീരമേഖലക്ക് കനത്ത തിരിച്ചടിയായി. കാലിത്തീറ്റ, തവിട്, പരുത്തിക്കുരു എന്നിവയുടെ വില വര്‍ധനയാണ് ക്ഷീരമേഖലയെ തളര്‍ത്തുന്നത്. കാലിത്തീറ്റ 50 കിലോ ചാക്കിന് 1510 രൂപയാണ് വില. പരുത്തിക്കുരുവിന് കിലോക്ക് 55 രൂപയും പരുത്തിപ്പിണ്ണാക്കിന് 42 രൂപയും നൽകണം. തവിടിന് 35 രൂപയാണ് വില. ചെറുകിട ക്ഷീകര്‍ഷകര്‍ക്ക് ഈ ചെലവ് താങ്ങുക ദുഷ്കരമാണ്. പുല്ലും കച്ചിയും ഉള്‍പ്പെടെയുള്ളവയെല്ലാം വില കൊടുത്ത് വാങ്ങുന്ന കര്ഷകന് നീക്കിയിരിപ്പ് ഒന്നുമില്ലാത്ത സ്ഥിതിയാണ്.
ദിവസവും 10 ലിറ്റര്‍ പാല് വിറ്റാലേ ചെറുകിടക്കാര്‍ക്ക് ഈ പ്രതിസന്ധി മറികടക്കാനാകൂ. പലർക്കും രോഗങ്ങളും മറ്റ് പ്രതിസന്ധികളും മൂലം ഈ അളവിലേക്ക് എത്താൻ കഴിയാറില്ല. ഒരു ലിറ്റർ പാലിന് പുറത്ത് 60 രൂപ വരെ ലഭിക്കുമ്പോൾ ക്ഷീരസംഘങ്ങള്‍ കുറഞ്ഞ വിലയാണ് നൽകുന്നത്. പാലിലെ കൊഴുപ്പും (ഫാറ്റ്) പോഷകങ്ങളും (എസ്.എൻ.എഫ്) അടിസ്ഥാനമാക്കിയാണ് ക്ഷീരസംഘങ്ങള്‍ വില നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക കര്‍ഷകര്‍ക്കും സംഘങ്ങളില്‍നിന്ന് കിട്ടുന്ന പരമാവധി വില 46 രൂപ വരെയാണ്. ഫാറ്റും റീഡിങും നോക്കി വില കുറക്കുന്നത് അശാസ്ത്രീയമാണെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.