കോടിമതയിൽ നഗരസഭ ഓഫിസ്; ബാക്കി തുക നൽകില്ല
text_fieldsകോട്ടയം: കോടിമതയിൽ നിർമിക്കാൻ ലക്ഷ്യമിട്ട കോട്ടയം നഗരസഭ ഓഫിസ് കെട്ടിടത്തിനായി പ്ലാൻ തയാറാക്കിയ ഏജൻസിക്ക് കൂടുതൽ തുക അനുവദിക്കില്ല. 16,12,453 രൂപ കൂടി നൽകണമെന്ന ഏജൻസിയുടെ ആവശ്യം ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം തള്ളി. ഇക്കാര്യം ഹൈകോടതിയെ അറിയിക്കാനും തീരുമാനിച്ചു.
കെട്ടിട സമുച്ചയത്തിന്റെ പ്ലാൻ, സ്ട്രക്ചറൽ ഡിസൈൻ എന്നിവ തയാറാക്കാൻ ഏൽപിച്ച ഏജൻസിയായ ആൻസൺ ഗ്രൂപ്പിന് നേരത്തേ ഒമ്പതുലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, കരാർ ലംഘിച്ചതോടെ ബാക്കി തുക നൽകേണ്ടതില്ലെന്ന് അന്നത്തെ കൗൺസിൽ തീരുമാനിച്ചു.
തുടർന്ന് ഏജൻസി കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച കോടതി നഗരസഭ സ്റ്റിയറിങ് കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി.
തുടർന്ന് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി തുക നൽകേണ്ടെന്ന് തീരുമാനിച്ചു. ഇതിന് കൗൺസിൽ യോഗം അംഗീകാരം നൽകുകയായിരുന്നു. 2010-15ലെ ഭരണസമിതിയിലാണ് കോട്ടയം മുനിസിപ്പാലിറ്റിയുടെ ആസ്ഥാനം കോടിമതയിലേക്ക് മാറ്റാൻ ആശയം ഉയരുന്നത്. അഞ്ചുവർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2016-17 ബജറ്റിൽ 1.75 കോടി അനുവദിച്ചു. കെട്ടിടസമുച്ചയത്തിന്റെ പ്ലാൻ, സ്ട്രക്ചറൽ ഡിസൈൻ, ഡീറ്റെയിൽഡ് എസ്റ്റിമേറ്റ്, സൂപ്പർ വിഷൻ എന്നിവ ചെയ്യാൻ ആൻസൺ ഗ്രൂപ് ആർക്കിടെക്ടിനെ തെരഞ്ഞെടുത്തു. സ്കെച്ച് ഡിസൈനും സ്ട്രക്ചറൽ ഡിസൈനും സമർപ്പിച്ച ശേഷം 9,93,978 ലക്ഷം രൂപ ആൻസൺ ഗ്രൂപ്പിന് കൈമാറി. എന്നാൽ, ഇവർ നൽകിയ മണ്ണുപരിശോധന റിപ്പോർട്ട് അംഗീകൃത എൻജിനീയറിങ് കോളജിൽനിന്നുള്ളതായിരുന്നില്ല. ഇതോടെ ബാക്കി തുക നൽകേണ്ടെന്ന് തീരുമാനിച്ചു. സ്ട്രക്ചറൽ ഡിസൈൻ സമർപ്പിച്ചതിന് 26,06,431 രൂപയുടെ ബില്ലാണ് ആൻസൺ ഗ്രൂപ് നൽകിയത്. ഇതിൽ നേരത്തേ നൽകിയ 9,93,978 രൂപ കഴിഞ്ഞ് ബാക്കി 16,12,453 രൂപ നൽകണമെന്നായിരുന്നു ആൻസൺ ഗ്രൂപ്പിന്റെ ആവശ്യം.
‘നിലാവ്’ പദ്ധതിയനുസരിച്ച് വാർഡിലെ എൽ.ഇ.ഡി ബൾബുകൾ പരിപാലിക്കാത്ത കെ.എസ്.ഇ.ബിക്കെതിരെ നിയമ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. പദ്ധതിയിൽ കെ.എസ്.ഇ.ബിയുടേത് കുറ്റകരമായ അനാസ്ഥയാണെന്നും കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.