പുകയില വേണ്ടേ വേണ്ട... ഇന്ന് ലോക പുകയില വിരുദ്ധദിനം
text_fieldsകോട്ടയം: പുകയിലയുടെ ഉപയോഗം ഇന്ന് ഏവരെയും ബാധിക്കുന്ന വിപത്തായി തീർന്നിരിക്കുകയാണ്. ആദ്യം ഒരു രസത്തിനായി തുടങ്ങുന്ന പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മഹാവിപത്താണ് സൃഷ്ടിക്കുന്നത്. പുകയില ഉൽപന്നങ്ങളുടെ ദൂഷ്യഫലങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും മേയ് 31ന് ലോക പുകയില വിരുദ്ധ ദിനമായി ലോകാരോഗ്യ സംഘടനയുടെ കൂടി നിർദേശാനുസരണം ആചരിക്കുന്നത്. ഈ ദിനത്തിൽ പുകയില എന്ന വിപത്ത് വേണ്ടേ വേണ്ട എന്നതാകട്ടെ നമ്മുടെ പ്രതിജ്ഞ. സിഗരറ്റ്, ബീഡി ഒഴികെയുള്ള പുകയില ഉൽപന്നങ്ങൾ കേരളത്തിൽ നിരോധിച്ചിട്ടുണ്ടെങ്കിലും നിത്യേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.
വിദ്യാലയങ്ങളുടെ പരിധിയിൽ പുകയില ഉൽപന്നങ്ങൾ വിൽക്കരുതെന്നാണ് നിയമമെങ്കിലും അതും പലയിടങ്ങളിലും ലംഘിക്കപ്പെടുകയാണ്. പാൻപരാഗ്, ഗുഡ്ക, കൈനി, ശംഭു തുടങ്ങിയ പേരിൽ വിവിധ വർണങ്ങളിലുള്ള പാക്കറ്റുകളിൽ ഇത്തരം പുകയില ഉൽപന്നങ്ങൾ സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ട് വലിയ തോതിൽ കേരളത്തിൽ എത്തുന്നുണ്ട്.
പുകയിലയിൽ നാലായിരത്തോളം രാസ ഘടകങ്ങളുടെ സംയുക്തമുണ്ടെന്നാണ് പഠനങ്ങൾ. ഇതിൽ അമ്പേതാളം വസ്തുക്കൾ അർബുദത്തിന് കാരണമാകുന്നുമുണ്ട്.
ഹൃദയത്തെയും ശ്വാസകോശത്തെയും ഉൾപ്പെടെ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കും പുകവലിയും ഉൽപന്നങ്ങളും കാരണമാകുന്നുണ്ട്. പുകവലിച്ചില്ലെങ്കിലും നിങ്ങളുടെ ഉള്ളിലേക്ക് പുക എത്താനുള്ള സാധ്യതയുണ്ട്. പരോക്ഷമായ പുകവലി ഇതിന് കാരണമാകുന്നുണ്ട്. അതിനാലാണ് പൊതുസ്ഥലത്ത് പുകവലി നിരോധിച്ചിട്ടുള്ളത്. എന്നാൽ, അതും പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യം. ഈ പുകയില വിരുദ്ധദിനത്തിലും പുകയില ഉൽപന്നങ്ങൾക്കെതിരായ പ്രചാരണവും ബോധവൽകരണവുമാകണം ലക്ഷ്യം. ഇല്ലെങ്കിൽ വരുംതലമുറയും ഈ ദൂഷ്യത്തിന്റെ അടിമകളായി മാറുകയും മാറാരോഗികളായി തീരുമെന്നതും മറ്റൊരു വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.