ആർക്കും വേണ്ടാതെ വയ്ക്കോൽ
text_fieldsകോട്ടയം: അപ്പർകുട്ടനാട്ടിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വാങ്ങാൻ ആളില്ലാതെ വയ്ക്കോൽ കെട്ടിക്കിടക്കുന്നു. ചങ്ങനാശ്ശേരി, കുറിച്ചി, നീണ്ടൂർ, കല്ലറ, വെച്ചൂർ, തിരുവാർപ്പ്, കുമരകം, അയ്മനം തുടങ്ങിയ ഭാഗങ്ങളിലാണ് ഇപ്പോൾ പുഞ്ചകൃഷി വിളവെടുപ്പ് നടക്കുന്നത്. പകുതിയോളം പൂർത്തിയായി.
ഇവിടങ്ങളിലാണ് വയ്ക്കോൽ പാടത്തുതന്നെ കിടക്കുന്നത്. സാധാരണ കൊയ്ത്ത് കഴിഞ്ഞയുടൻ വൈക്കോലിന് ആവശ്യക്കാരെത്താറുള്ളതാണ്. ചിലപ്പോൾ കർഷകർ തന്നെ ഒന്നിച്ചെടുത്ത് വിൽപന നടത്തും. വേനലിൽ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമെന്നതിനാൽ കൂടുതൽ പേരും വയ്ക്കോലിനെയാണ് ആശ്രയിക്കുന്നത്.
എന്നാൽ, ഇത്തവണ ആരുമെത്തിയില്ലെന്നതാണ് നെൽകർഷകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷം 20 കിലോയുള്ള മെഷീൻകെട്ടിന് 140-150 രൂപ കിട്ടിയിരുന്നു. ഇത്തവണയും ആ വില കണക്കാക്കിയാണ് കർഷകർ കാത്തിരുന്നത്. ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണം കുറഞ്ഞതാണ് വൈക്കോലിന് ആവശ്യക്കാരില്ലാത്തതിന് കാരണമായി കർഷകർ പറയുന്നത്.
പശു ഫാം നടത്തിപ്പുകാര്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ വരെ കാലങ്ങളായി കൊയ്തുമെതിച്ച വൈക്കോല്‍ വാങ്ങിയിരുന്നു. ഫാം നടത്തിപ്പും ക്ഷീരമേഖലയും വൻ പ്രതിസന്ധിയിലാണിപ്പോൾ. ഭൂരിഭാഗം പേരും ഈ മേഖല കൈയൊഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷീരസംഘങ്ങൾക്കും വയ്ക്കോൽ വേണ്ട. പാടത്തുനിന്ന് വയ്ക്കോൽ ശേഖരിച്ച് ഷെഡുകളിൽ എത്തിച്ച് കേടാകാതെ സൂക്ഷിക്കുന്നതിന് വലിയ തുക കർഷകർക്ക് ചെലവുണ്ട്. പാടത്തുതന്നെ കിടന്നാൽ വേനൽമഴയിൽ നശിക്കും.
ആവശ്യക്കാർ കുറഞ്ഞതോടെ വയ്ക്കോൽ വയലിൽ കെട്ടിക്കിടക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കാലിത്തീറ്റ നിർമാണത്തിന് വയ്ക്കോൽ ഉപയോഗിക്കുന്നുണ്ട്. എന്നാലിത് തമിഴ്നാട്ടിൽനിന്നാണ് കൊണ്ടുവരുന്നത്. പകരം കർഷകരിൽനിന്ന് വൈക്കോൽ സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വയ്ക്കോൽ സംഭരിക്കാൻ നടപടി വേണം
കർഷകർ ഉൽപാദിപ്പിക്കുന്ന വയ്ക്കോൽ സംഭരിക്കാൻ ക്ഷീര സംഘങ്ങൾക്ക് പണം അനുവദിക്കണം. സർക്കാർ നിയന്ത്രണത്തിൽ ഉള്ള കാലിത്തീറ്റ കമ്പനികൾ കർഷകരിൽനിന്ന് വയ്ക്കോൽ സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.