ക്വാറി ഉൽപന്നങ്ങളുടെ ലഭ്യതക്കുറവ്; പ്രതിസന്ധിയിൽ കാലിടറി നിർമാണമേഖല
text_fieldsകോട്ടയം: ഗുണമേന്മയുള്ള ക്വാറി ഉൽപന്നങ്ങളുടെ ലഭ്യതക്കുറവു മൂലം നിർമാണമേഖല പ്രതിസന്ധിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് മേഖലയിലെ 30 ശതമാനത്തോളം നിർമാണപ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. സംസ്ഥാനത്തൊട്ടാകെ 40 ശതമാനത്തോളം തൊഴിലാളികളാണ് നിലവിൽ മേഖലയിൽ തൊഴിൽരഹിതരായി തുടരുന്നത്. മാസത്തിൽ അഞ്ചിലധികം പ്രോജക്ടുകൾ ഉണ്ടായിരുന്ന പല കോൺട്രാക്ടർമാരും ഇപ്പോൾ പ്രതിസന്ധിയിലാണ്. നിർമാണമേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്തെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. മലയാളികളുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും നിർമാണമേഖലക്ക് മങ്ങലേൽപിച്ചതായി ഒരുവിഭാഗം പറയുന്നു. മുമ്പ് 50 മുതൽ 60 ലക്ഷംവരെ മുടക്കി വീട് നിർമിച്ചിരുന്നിടത്ത് ഇപ്പോൾ നേർപകുതി തുകക്കുള്ള നിർമാണംപോലും നടക്കുന്നില്ല. എറണാകുളം ജില്ലയിലും 20ഓളം ഫ്ലാറ്റുകളുടെ നിർമാണം നിലച്ച അവസ്ഥയിലാണ്.
അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും ഗുണനിലവാരമില്ലായ്മയും വിലകൂടുന്നതിന് കാരണമായി. എം.സാൻഡ്, ടി.സാൻഡ് എന്നിവക്ക് ദിവസേന വില ഉയരുകയാണ്. കോൺക്രീറ്റിന് ഉപയോഗിക്കുന്ന ക്വാളിറ്റിയുള്ള എം.സാൻഡിന് ഒരു ക്യുബിക് അടിക്ക് 70 രൂപ മുതലാണ് നിരക്ക്. ടി.സാൻഡിന് ഒരു ക്യുബിക് അടിക്ക് 75 രൂപയാണ്. പാരിസ്ഥിതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലയിലെ 26 ക്രഷറികളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഇതിനാൽ കൂത്താട്ടുകുളം, തൊടുപുഴ, എരുമേലി എന്നിവിടങ്ങളിൽനിന്നാണ് ആവശ്യമായ എം.സാൻഡും ടി.സാൻഡും എത്തിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് നിർമാണസാമഗ്രികൾക്കൊപ്പം വാഹനങ്ങളുടെ വാടകയും വർധിച്ചു. മൂന്നുവർഷം മുമ്പ് 650 രൂപയായിരുന്ന വൺ സ്ക്വയർ വയറിന് ഇപ്പോൾ 1250 രൂപയോളമായി. മെറ്റൽ -58, സിമന്റ് ഒരുചാക്കിന് 330 രൂപ, കമ്പിക്ക് ഒരുകിലോക്ക് -65 മുതൽ 75 വരെയാണ്, പ്ലംബിങ് സാമഗ്രികൾക്കും 10 ശതമാനം വിലവർധന ഉണ്ടായിട്ടുണ്ട്. കബോർഡുകൾ ഉപയോഗിക്കാതെ ഒരുവീടിന്റെ നിർമാണം പൂർത്തിയാക്കണമെങ്കിൽ സ്ക്വയർഫീറ്റിന് 2350 രൂപയോളം നൽകണം. കബോർഡുകൾ ഉപയോഗിച്ചാണെങ്കിൽ സ്ക്വയർഫീറ്റിന് 350 രൂപയോളം അധികം നൽകണം. രണ്ടുവർഷം മുമ്പ് 2000 രൂപയായിരുന്ന നിരക്കിനാണ് വർധനയുണ്ടായിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് 800 രൂപയായിരുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ കൂലിനിരക്ക് 1000 മുതൽ 1200 രൂപവരെയായി. പ്രദേശമനുസരിച്ച് കൂലിനിരക്കിന് വ്യത്യാസം ഉണ്ടാകും.
ഒരു സൈറ്റിലെ ജോലിക്ക് ശേഷം 100 രൂപയോളം ഇവർ കൂലി കൂടുതൽ ആവശ്യപ്പെടും. ഓരോ സൈറ്റിലെയും ജോലിക്ക് ശേഷം കൂലിനിരക്ക് വർധിപ്പിക്കുന്നതും കോൺട്രാക്ടർമാർക്ക് സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഒന്നരവർഷമായി മേഖല പല കാരണങ്ങളാൽ പ്രതിസന്ധിയിൽ കൂപ്പുകുത്തിയിരിക്കുകയാണ്. കേവലം തുച്ഛമായ നിർമാണപ്രവർത്തനങ്ങൾ മാത്രമാണ് പകുതിയോളം കോൺട്രാക്ടർമാർക്കും ലഭിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ വിശദമായ പഠനം നടത്താനൊരുങ്ങുകയാണ് കോൺട്രാക്ടർമാരുടെ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.