മാറിമറിഞ്ഞ് വാർഡ് ചിത്രം; വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ
text_fieldsകോട്ടയം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജന കരട് വിജ്ഞാപനം പുറത്തുവന്നതോടെ കൂട്ടലിലും കിഴിക്കലിലും സ്ഥാനാർഥി മോഹികളും പാർട്ടി നേതൃത്വങ്ങളും. അതിർത്തികൾ മാറിയത് ചിലരുടെ വിജയപ്രതീക്ഷക്ക് മങ്ങൽ എൽപിച്ചപ്പോൾ, മറ്റ് ചിലർക്ക് ആശ്വാസമായി. മത്സരിക്കാൻ ലക്ഷ്യമിട്ട് നിലവിലുള്ള വാർഡുകളിൽ സജീവമായിരുന്ന സ്ഥാനാർഥി മോഹികളിൽ പലർക്കും ഇത് അപ്രതീക്ഷിത തിരിച്ചടിയായി. ജില്ലയിലെ ഭൂരിഭാഗം വാർഡുകളുടെയും അതിർത്തി മാറിയിട്ടുണ്ട്. നിലവിലെ അംഗങ്ങൾക്കും ഇത് നെഞ്ചിടിപ്പ് വർധിപ്പിക്കുന്നുണ്ട്.
വർധിച്ച വാർഡുകൾ ആർക്കെന്നതിനെ ചൊല്ലി മുന്നണികൾക്കുള്ളിൽ തർക്കം ഉടലെടുക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഭൂരിഭാഗം പഞ്ചായത്തുകളിലും ഒരു വാർഡാണ് വർധിച്ചത്. ഇതിന് മുന്നണിയിലെ എല്ലാകക്ഷികളും അവകാശവാദം ഉന്നയിക്കുമെന്നതിനാൽ, കാത്തിരിക്കുന്നത് തലവേദനയാണെന്ന ആശങ്ക പാർട്ടി ജില്ല നേതൃത്വങ്ങൾക്കുണ്ട്. മത്സരിച്ച സീറ്റുകൾ തന്നെ അതത് പാർട്ടികൾക്ക് നൽകുന്ന ഫോർമുലയായിരുന്നു മുൻ കാലങ്ങളിൽ പയറ്റിയിരുന്നത്. ഇത്തവണ സീറ്റുകൾ വർധിച്ചതിനാൽ ഇത് പാളും. പുതിയ സീറ്റ് ലക്ഷ്യമിട്ട് പാർട്ടി നേതൃത്വം കരുനീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം, എൽ.ഡി.എഫിന് അനുകൂല കരട് വിഭജനമെന്ന ആക്ഷേപവുമായി യു.ഡി.എഫ്, ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, കരട് നിർദേശം മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട പരാതികൾ ആർക്കും നൽകാമെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു.
കഴിഞ്ഞദിവസമാണ് വാർഡ് പുനഃക്രമീകരണ കരട് വിജഞാപനം പുറത്തുവന്നത്. പുതുക്കിയ മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയത്ത് ‘കലക്ടറേറ്റ്’; ഏറ്റുമാനൂരിൽ ‘കണ്ണംപുര’
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയമനുസരിച്ച് കോട്ടയം നഗരസഭയിൽ പുതുതായി ‘കലക്ടറേറ്റ്’ എന്നപേരിൽ വാർഡ് നിലവിൽവരും. ഇതോടെ ആകെ വാർഡുകൾ 52ൽനിന്ന് 53 ആയി. നിലവിലെ 18, 19, 13, 15 വാർഡുകൾ വിഭജിച്ചാണ് പുതിയ വാർഡിന് രൂപം നൽകിയത്. 18 ആണ് പുതിയ വാർഡിന്റെ നമ്പർ. കലക്ടറേറ്റ്, സബ് ജയിൽ, സബ് രജിസ്ട്രാർ ഓഫിസ്, റബർ ബോർഡ്, പ്ലാന്റേഷൻ കോർപറേഷൻ ഓഫിസ്, ജില്ല പൊലീസ് മേധാവിയുടെ കാര്യാലയം എന്നിവയെല്ലാം പുതിയ വാർഡിൽ ഉൾപ്പെടും. നേരത്തേ മുട്ടമ്പലമായിരുന്നു 18ാം വാർഡ്. ഇപ്പോൾ മുട്ടമ്പലം 17ാം വാർഡായി മാറി. അതിർത്തി മാറിയതോടെ നഗരസഭയിലെ പല വാർഡുകളുടെയും നമ്പറുകളും മാറിയിട്ടുണ്ട്.
ഏറ്റുമാനൂർ നഗരസഭയിലും ഒരുവാർഡാണ് വർധിച്ചത്. ഇതോടെ മൊത്തം വാർഡുകളുടെ എണ്ണം 36 ആകും. ‘കണ്ണംപുര’ എന്നാണ് പുതിയ വാർഡിന്റെ പേര്. 36 ആണ് നമ്പർ.
വൈക്കം നഗരസഭയിൽ നിലവിലുണ്ടായിരുന്ന 26 വാർഡുകൾ 27 ആയി. ആറാട്ടുകുളം എന്നാണ് പുതിയ വാർഡിന്റെ പേര്. ഏഴ്, എട്ട്, ഒമ്പത്, 10 വാർഡുകളിലെ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ വാർഡ് രൂപവത്കരിച്ചിരിക്കുന്നത്. 28 വാർഡുള്ള ഈരാറ്റുപേട്ട നഗരസഭയിൽ ‘നടയ്ക്കൽ’ എന്ന പേരിൽ ഒരുവാർഡ് കൂടി വരും. ഈലക്കയം, കുറ്റിമരംപറമ്പ് വാർഡുകൾ വിഭജിച്ചാണ് നടയ്ക്കൽ ഉണ്ടാക്കിയത്.
26 വാർഡുള്ള പാലായിലും 37 വാർഡുള്ള ചങ്ങനാശ്ശേരിയിലും വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ല.
എരുമേലി പഞ്ചായത്തിൽ ഒരു വാർഡ് കൂടി
എരുമേലി: ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 23 വാർഡിനൊപ്പം ഒന്നുകൂടി.. മണിപ്പുഴയാണ് പുതുതായി രൂപവത്കരിച്ച വാർഡ്. 20ാം വാർഡായാണ് ചേർത്തിരിക്കുന്നത്. എരുമേലി ടൗൺ, ശ്രീനിപുരം, കനകപ്പലം വാർഡ് ഉൾപ്പെടുത്തിയതാണ് മണിപ്പുഴ വാർഡ്. നേർച്ചപ്പാറ വാർഡിൽനിന്ന് വാഴക്കാല വാർഡിലേക്കും ഒഴക്കനാട് വാർഡിൽനിന്ന് കനകപ്പലം, പൊര്യൻമല വാർഡുകളിലേക്കും മുക്കൂട്ടുതറ വാർഡിൽനിന്ന് മുട്ടപ്പള്ളി, എലിവാലിക്കര വാർഡുകളിലേക്കും നിരവധി വീടുകൾ മാറും.
കടമപ്പുഴ കാഞ്ഞിരപ്പള്ളിയിലെ പുതിയ വാർഡ്
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് വർധിച്ചതോടെ മൊത്തം 24 വാർഡായി മാറും. അഞ്ച്, ആറ്, 21 വാർഡുകളെ വിഭജിച്ച് കടമപ്പുഴ (22) വാർഡാണ് പുതുതായി ചേർത്തിരിക്കുന്നത്. വാർഡ് വിഭജനം വന്നതോടെ രണ്ട് മുതൽ 13 വരെയുള്ള വാർഡുകളിലും 19ാം വാർഡിനും അതിരുകളിൽ മാറ്റമുണ്ട്.
പാറത്തോട് : ഗ്രാമപഞ്ചായത്തിൽ 19 വാർഡാണ് ഉണ്ടായിരുന്നത്. പുതിയതായി രണ്ട് വാർഡുകൂടി കൂട്ടിച്ചേർത്തു. ഇതോടെ 21 വാർഡായി. നാല്-അഞ്ച് വാർഡുകളിലെ ഭാഗങ്ങളും പാലപ്ര, വേങ്ങത്താനം, വെളിച്ചയാനി വാർഡുകളിലെ ചില ഭാഗങ്ങളും ഉൾപ്പെടുത്തി ചിറ്റടി വാർഡ് പുതിയതിൽ ഒന്ന്. 16, 17, 18 വാർഡുകളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് വണ്ടൻപാറ (19) വാർഡും രൂപവത്കരിച്ചു. 6,8,9,12 വാർഡുകൾ ഒഴികെ ബാക്കി എല്ലാ വാർഡുകളിലും പുനഃസംഘടയിലൂടെ മാറ്റങ്ങൾ വന്നിട്ടുണ്ട്.
മുണ്ടക്കയത്ത് രണ്ട്; കൂട്ടിക്കൽ, കൊക്കയാർ, കോരുത്തോട് പഞ്ചായത്തുകളിൽ ഒന്നു വീതവും
മുണ്ടക്കയം: തദ്ദേശ സ്വയംഭരണ വകുപ്പ് കരട് വാർഡ് പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ രണ്ട് പുതിയ വാർഡ് നിലവിൽവന്നു. കൂട്ടിക്കൽ, കൊക്കയാർ, കോരുത്തോട് പഞ്ചായത്തുകളിൽ ഓരോ വാർഡും വർധിച്ചു.
ഇതോടെ മുണ്ടക്കയം പഞ്ചായത്തിൽ 21ൽനിന്ന് 23 വാർഡായി ഉയരും. വണ്ടൻപതാൽ ഈസ്റ്റ്, അസംബനി എന്നിവയാണ് പുതിയ വാർഡുകൾ. പഴയ വരിക്കാനി വാർഡ് വിഭജിച്ചാണ് വണ്ടൻപതാൽ ഈസ്റ്റ് വാർഡ് രൂപവത്കരിച്ചത്. നിലവിലെ വണ്ടൻപതാൽ വാർഡ് വിഭജിച്ച് അസംബനി വാർഡ് രൂപവത്കരിച്ചു. പഞ്ചായത്തിലെ കൂടുതൽ ജനസംഖ്യയുള്ള രണ്ടുവാർഡാണ് വിഭജിച്ച് പുതിയ വാർഡുകൾ ഉണ്ടാക്കിയിരിക്കുന്നത്. കൂട്ടിക്കൽ പഞ്ചായത്തിൽ വെട്ടിക്കാനം എന്ന പേരിലാണ് പുതിയ വാർഡ്. കൂട്ടിക്കൽ ടൗൺ, തേൻപുഴ ഈസ്റ്റ് വാർഡുകൾ വിഭജിച്ചതാണ് ഈ വാർഡുകൾ. ഇതോടെ കൂട്ടിക്കലിൽ 14 വാർഡാകും. കോരുത്തോട്ടിലും 14 വാർഡാകും. അടുപ്പുകല്ലേൽപടിയാണ് പുതിയ വാർഡ്.
നിലവിലെ മുണ്ടക്കയം ബ്ലോക്ക്, ചണ്ണംപ്ലാവ് വാർഡുകളിൽനിന്നാണ് പുതിയ വാർഡ് രൂപപ്പെട്ടത്. ഇടുക്കി ജില്ലയിൽപെട്ട കൊക്കയാർ ഗ്രാമപഞ്ചായത്തിലും ഒരു വാർഡ് കൂടി. ഇതോടെ മൊത്തം വാർഡ് 14ലാകും. പുളിക്കത്തടമാണ് പുതിയ വാർഡ്. നാരകംപുഴ-കൊക്കയാർ വാർഡുകളിൽ നിന്നാണ് പുതിയ വാർഡ് രൂപംകൊണ്ടിരിക്കുന്നത്.
അതിരമ്പുഴയിൽ രണ്ട് വാർഡ്; തിരുവാർപ്പിൽ ചെങ്ങളം കേളക്കരി
കോട്ടയം: അതിരമ്പുഴ പഞ്ചായത്തിൽ രണ്ട് വാർഡ് വർധിച്ചതോടെ മൊത്തം എണ്ണം 24 ആകും. മൂന്ന്, നാല്, 16, 17 വാർഡുകൾ വിഭജിച്ചാണ് പുതിയതായി രണ്ട് വാർഡുകൂടി ഉണ്ടാക്കിയിരിക്കുന്നത്. ചെത്തിത്തോട്, അടിച്ചിറ എന്നിങ്ങനെയാണ് പുതിയ വാർഡുകളുടെ പേരുകൾ. 24 വാർഡുകൾ ആയതോടെ ജില്ലയിലെ വലിയ പഞ്ചായത്തുകളുടെ കൂട്ടത്തിലായി അതിരമ്പുഴ. എരുമേലി, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട് എന്നിവയാണ് 24 വാർഡുള്ള ജില്ലയിലെ മറ്റ് പഞ്ചായത്തുകൾ.
തിരുവാർപ്പ് പഞ്ചായത്തിൽ ഒരുവാർഡാണ് കൂടിയത്. ഇതോടെ ആകെ വാർഡുകളുടെ എണ്ണം 19 ആയി. 18, 16 വാർഡുകൾ വിഭജിച്ചാണ് പുതിയതിന് രൂപം നൽകിയിരിക്കുന്നത്. ചെങ്ങളം കേളക്കരിയെന്ന പേരിലുള്ള പുതിയ വാർഡിന്റെ നമ്പർ 19 ആണ്.
മൂന്ന് പഞ്ചായത്തിൽ മാറ്റമില്ല
കോട്ടയം: ജില്ലയിൽ മൂന്ന് പഞ്ചായത്തിൽ വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ല. അകലകുന്നം(15), കുമരകം(16), നീണ്ടൂർ(15) എന്നീ പഞ്ചായത്തുകളിലാണ് വാർഡുകൾ വർധിക്കാത്തത്. അവശേഷിക്കുന്നവയിലാണ് വർധന. 53 പഞ്ചായത്തുകളിൽ ഒരുവാർഡ് വീതം വർധിപ്പിച്ചപ്പോൾ 15 വാർഡുകളിൽ രണ്ട് വീതം വർധിച്ചു.
ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭകളിലും വാർഡുകളുടെ നമ്പറിലും അതിരുകളിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. വാർഡ് വർധിക്കാത്ത നഗരസഭകളിലും പഞ്ചായത്തുകളിലും അതിർത്തികളിലും മാറ്റം വന്നിട്ടുണ്ട്.
വാർഡുകളുടെ മാറ്റം എങ്ങനെ അറിയാം
https://wardmap.ksmart.live/ വെബ്അഡ്രസിൽ വിവരങ്ങൾ ലഭിക്കും. ഇത് തുറന്ന് ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും സെലക്ട് ചെയ്യണം. ഇതോടെ അതത് പഞ്ചായത്തിന്റെ പുതിയ വാർഡ് മാപ്പ് ലഭിക്കും. ഈ പേജിലുള്ള നോട്ടിഫിക്കേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരോ വാർഡുകളുടെയും അതിരുകൾ മനസ്സിലാക്കാം
ഡിസംബർ മൂന്നുവരെ പരാതി നൽകാം
കോട്ടയം: വാർഡുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ പുറത്തിറക്കിയ കരട് വിജ്ഞാപനം തദ്ദേശസ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനശാലകൾ, അക്ഷയകേന്ദ്രങ്ങൾ, വാർത്തബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ അറിയിച്ചു.
ഇവ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായവും ഡിസംബർ മൂന്നുവരെ സമർപ്പിക്കാം. പരാതികൾ ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ(കലക്ടർ) മുന്നിലോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. ഇതിനൊപ്പം എന്തെങ്കിലും രേഖകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകേണ്ടതാണ്.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുക്തമെന്ന് കാണുന്നവയിൽ പരാതിക്കാരെ ഡീലിമിറ്റേഷൻ കമീഷൻ നേരിട്ട് കേൾക്കുന്നതുമാണ്.
ഈരാറ്റുപേട്ട നഗരസഭയിൽ പുതിയ ഡിവിഷൻ നടക്കൽ
ഈരാറ്റുപേട്ട: നഗരസഭയിൽ വാർഡ് വിഭജനത്തിന്റെ കരട് പ്രസിദ്ധീകരിച്ചപ്പോൾ പുതിയ വാർഡ് നടക്കൽ പ്രദേശത്താണ് കൂടിയത്. ചെയർപേഴ്സന്റെ എട്ടാം ഡിവിഷനായ ഈലക്കയവും പതിനൊന്നാം ഡിവിഷൻ കുറ്റിമരംപറമ്പും വിഭജിച്ചാണ് പുതിയ നടക്കൽ ഡിവിഷൻ രൂപവത്കരിച്ചത്.
നടയ്ക്കൽ ഈലക്കയം റോഡ് കുളംഭാഗം മുതൽ ടറഫ് വഴി മുല്ലൂപ്പാറ ഈലക്കയം തോട് പൊന്തനാപറമ്പ് - മുണ്ടക്കപ്പറമ്പ് തോട് വഴി നടക്കൽ കുളം ജങ്ഷൻ-വാഗമൺ റോഡ് മുതൽ തേക്കടി മുക്ക് ജങ്ഷൻ വഴി പട്ടാളം ജങ്ഷൻ വഴി കാരക്കാട് ടൗൺ ജങ്ഷൻ വരെയാണ് ഡിവിഷന്റെ അതിർത്തി. പുതിയ രൂപവത്കരിച്ച നടക്കൽ ഡിവിഷനിൽ തിട്ടപ്പെടുത്തിയ ജനസംഖ്യ 1016 ആണ്. ഒന്നുമുതൽ 12 വരെ ഡിവിഷനുകൾക്ക് മാറ്റമില്ല. പത്താം ഡിവിഷൻ തേവരുപാറ പുനർനിർണയിച്ചത് ആക്ഷേപത്തിന് ഇടയാക്കിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലും അപ്പീലിന് തയാറെടുക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 865നും -1435 ഇടയിലാണ് ജനസംഖ്യ തിട്ടപ്പെടുത്തിയത് ഏറ്റവും കുറവ് ചിരപ്പാറയിലും (865) കൂടുതൽ ടൗണിലുമാണ് (1435).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.