റോഡ് നന്നാക്കാൻ ഇനി ആർക്കാണ് പരാതി കൊടുക്കേണ്ടത്; തകർന്നുതരിപ്പണമായി പഴയ എം.സി റോഡ്
text_fieldsകോട്ടയം: പഴയ എം.സി റോഡ് നന്നാക്കാൻ ഇനി ആർക്കാണ് പരാതി കൊടുക്കേണ്ടതെന്ന സംശയത്തിലാണ് കോടിമത നിവാസികൾ. നഗരസഭയുടെ 44-ാം വാർഡിലൂടെ കടന്നുപോയിരുന്ന എം.സി റോഡ്, മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ ഒരു രേഖയിലും ഉൾപ്പെടുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം.
350 മീറ്ററോളം റോഡാണ് വർഷങ്ങളായി തകർന്നുതരിപ്പണമായ നിലയിൽ തുടരുന്നത്.
ടാറിങ് തകർന്ന റോഡിൽ പകൽസമയത്ത് അതിരൂക്ഷമായ പൊടിശല്യമാണെങ്കിൽ മഴക്കാലമായാൽ വെള്ളക്കെട്ടാണ് ദുരിതം സൃഷ്ടിക്കുന്നത്. നാലുവർഷം മുമ്പാണ് കോടിമതയിലെ 20 ഓളം കടയുടമകൾ ചേർന്ന് റോഡിനരികിലെ ഓട ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കിയത്.
റോഡിനേക്കാൾ ഉയർന്നാണ് സമീപത്തെ ഓട നിർമിച്ചിരിക്കുന്നത്. മഴപെയ്താൽ മറുകര എത്തണമെങ്കിൽ നീന്തേണ്ട അവസ്ഥയിലാണ്. തോടിന്റെ അളവിൽ വെള്ളം കുറഞ്ഞാലേ പിന്നെ റോഡിൽ നിന്നും വെള്ളമിറങ്ങൂ. 20ഓളം കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
മഴപെയ്താൽ രണ്ടാഴ്ചയോളം കടകൾ തുറക്കാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു. മഴക്കാലത്ത് കൊടൂരാറിൽ നിന്നും വെള്ളംകയറുമ്പോൾ പല വ്യാപാരികളും കടയടച്ച് പോവുകയാണ് പതിവ്.
സമീപത്തെ വളം, സിമന്റ് ഗോഡൗണുകളിൽ ലോഡുകൾ കൊണ്ടുവരുന്ന ലോറികൾ പലതവണ പോയിക്കഴിയുമ്പോൾ ഇവിടെ പൊടിശല്യം രൂക്ഷമാകും. പലർക്കും പിന്നീട് വീട്ടിൽ പോയി ആവിപിടിക്കേണ്ട അവസ്ഥയാണ്. മന്ത്രിമാർ, എം.എൽ.എ ,മുനിസിപ്പാലിറ്റി, കൗൺസിലർ തുടങ്ങി നിരവധിപേർക്ക് നിവേദനം നൽകിയിട്ടും ഇതുവരെ പ്രയോജനം ഉണ്ടായിട്ടില്ല.
അധികൃതർ തങ്ങളെ തീർത്തും അവഗണിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. റോഡ് മോശമായതിനെ തുടർന്ന് പാലത്തിനരികിലൂടെ പഴയ എം.സി റോഡ് വഴി പുതിയ എം.സി റോഡിലേക്ക് കയറുകയാണ് പതിവ്. അവശ്യഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാൻ ഓംട്ടോറിക്ഷ വിളിച്ചാൽപോലും ഇവിടേക്കാണെന്ന് അറിഞ്ഞാൽ ആരും ഓട്ടം വരാത്ത അവസ്ഥയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിരവധി സ്ഥാപനങ്ങളും വീടുകളുമുള്ള ഇവിടെ അവസാനമായി ടാറിങ് നടന്നത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് ഏഴുവർഷത്തോളവുമായി. റോഡ് പ്രശ്നത്തിൽ പരാതിയുമായി എത്തിയവരോട് എം.എൽ.എ ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ അനുവദിക്കാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ മിച്ചമുള്ള തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ ആ പ്രതീക്ഷയും അടഞ്ഞു. കൗൺസിലറടക്കമുള്ള പൊതുപ്രവർത്തകർ ഉണ്ടെങ്കിലും അവരാരുംതന്നെ പരിഹാരത്തിന് മുൻകൈ എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.