കൊയ്ത്തുമെതി യന്ത്രത്തിന് വാടക മണിക്കൂറിന് 2000
text_fieldsകോട്ടയം: ജില്ലയിൽ വിരിപ്പു കൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കൊയ്ത്തുമെതി യന്ത്രത്തിന് മണിക്കൂറിന് 2000 രൂപയും കൊയ്ത്തിന് ബുദ്ധിമുട്ടുള്ള മോശമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് 2300 രൂപയും വാടക നിശ്ചയിച്ചു.
വിരിപ്പുകൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ കൂടിയ കർഷകപ്രതിനിധികളുടെയും കൊയ്ത്തുമെതി യന്ത്രം ഉടകമളുടെയും കൃഷി-കെയ്കോ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
സാധാരണ നിലയിലുള്ള ഒരേക്കർ നിലം ഒന്നേകാൽ മണിക്കൂറിനുള്ളിൽ കൊയ്യണമെന്ന് കലക്ടർ പറഞ്ഞു.
കെയ്കോയുടെ യന്ത്രങ്ങൾ മണിക്കൂറിന് 800 രൂപ നിരക്കിലാണ് നൽകുന്നത്. ഡീസൽ, ഗതാഗതച്ചെലവ് പാടശേഖര സമിതികളാണ് വഹിക്കുന്നത്. കാര്യക്ഷമതയുള്ള യന്ത്രങ്ങൾ ഇറക്കുന്നുവെന്ന് കൃഷി എൻജിനീയർ ഉറപ്പാക്കണം.
കെയ്കോ മിഷനുകൾ കർഷകർക്ക് പ്രയോജനപ്പെടുംവിധം പാടശേഖരസമിതികൾക്ക് കൃത്യമായി നൽകാൻ സംവിധാനമൊരുക്കണമെന്നും കലക്ടർ നിർദേശിച്ചു.
ജില്ലയിൽ എട്ട് പഞ്ചായത്തുകളിലായി 4653 ഹെക്ടർ സ്ഥലത്താണ് വിരിപ്പ് കൃഷിയിറക്കിയിട്ടുള്ളത്.
കഴിഞ്ഞവർഷം 2200 രൂപ വരെയായിരുന്നു വാടക. പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത വർഗീസ്, പാടശേഖരസമിതി ഭാരവാഹികൾ, കൃഷി-കെയ്കോ ഉദ്യോഗസ്ഥർ, കൊയ്ത്തുമെതിയന്ത്രം ഉടമസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.