ഓണക്കാലത്തെ ലഹരിയൊഴുക്ക്; പ്രത്യേക ഡ്രൈവ് നാളെ തുടങ്ങും
text_fieldsകോട്ടയം: ഓണക്കാലത്ത് അനധികൃത മദ്യത്തിന്റെയും ലഹരിപദാർഥങ്ങളുടെയും ഒഴുക്ക് നിയന്ത്രിക്കാൻ 11 മുതൽ 20 വരെ പ്രത്യേക ഡ്രൈവ് നടത്താൻ കലക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ചും സംയുക്ത സ്ക്വാഡുകളുടെ നേതൃത്വത്തിലും കർശന പരിശോധന നടത്തും. ജില്ല-താലൂക്ക് ആസ്ഥാനങ്ങളിൽ പൊലീസ്-എക്സൈസ്-റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തും. ഇവ 24 മണിക്കൂറും പ്രവർത്തിക്കും.
ബാറുകളും മദ്യശാലകളും അനുവദനീയ സമയത്ത് തന്നെയാണോ പ്രവർത്തിക്കുന്നത് എന്നുറപ്പാക്കാൻ പരിശോധന നടത്തും. ഓണക്കാലത്തോടനുബന്ധിച്ച് ഹോട്ടലുകളിൽ പ്രത്യേക പാർട്ടികൾ സംഘടിപ്പിക്കുകയാണെങ്കിൽ പൊലീസിൽനിന്ന് അനുമതി തേടിയിരിക്കണം. മറ്റ് ലഹരിപദാർഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോളറുടെ നേതൃത്വത്തിൽ മരുന്ന് കടകളിൽ പ്രത്യേക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും.
സ്വകാര്യവാഹനങ്ങളിലും മറ്റും മദ്യവും ലഹരിവസ്തുക്കളും കടത്തുന്നുണ്ടോ എന്നു കണ്ടെത്താൻ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ നേതൃത്വത്തിൽ പൊലീസും എക്സൈസുമായി സഹകരിച്ചു പ്രത്യേക പരിശോധന നടത്തും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കലക്ടർ ഡി. രഞ്ജിത്ത്, പാലാ ആർ.ഡി.ഒ കെ.പി. ദീപ, ഡി.എഫ്.ഒ എൻ. രാജേഷ്, എക്സൈസ് അസി. കമീഷണർ ആർ. രാജേഷ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ. തോമസ്, ആർ.ടി.ഒ കെ. അജിത്കുമാർ, ഡ്രഗ്സ് ഇൻസ്പെക്ടർ താര എസ്. പിള്ള, ഭക്ഷ്യ സുരക്ഷാവകുപ്പ് അസി. കമീഷണർ സി.ആർ. രൺദീപ്, എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ. പ്രസാദ്, എസ്.എസ്. പ്രമോദ്, ഇ.പി. സിബി, ബി.ആർ. സുരൂപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.