ഉപ്പേരിയില്ലാതെ എന്ത് ആഘോഷം
text_fieldsകോട്ടയം: ഓണം വിളിപ്പാടകലെ നിൽക്കുമ്പോൾ നഗരവിപണിയിൽ താരം ഉപ്പേരിയും ശർക്കരവരട്ടിയും തന്നെ. ഒരാഴ്ച മുമ്പുതന്നെ നഗരത്തിലെ എല്ലാ കടയിലും തങ്ങളുടേതായ വിപണി ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശർക്കരവരട്ടിയും ഉപ്പേരിയും വിലയിൽ കുതിക്കുകയാണ്. 380 മുതൽ 400 വരെയാണ് ഏത്തക്ക ഉപ്പേരിക്ക് ഇത്തവണ വില. ശർക്കരവരട്ടിക്ക് 380, ചീട (കളിയടക്ക) 250 എന്നിങ്ങനെയാണ് പ്രധാനികളുടെ വിലവിവരം.
ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും ഉയർന്നവിലയാണ് ഉപ്പേരിയുടെയും മറ്റും വില കൂടാൻ ഇടയായതായി വ്യാപാരികൾ പറയുന്നു. നിലവിൽ ഏത്തക്ക വില കുറഞ്ഞുനിൽക്കുകയാണ്. 42 രൂപയാണ് കിലോക്ക്. നാടൻ ഏത്തക്ക 45 മുതൽ 50 രൂപവരെ വിലയുണ്ട്. മുൻവർഷങ്ങളിൽ 70 രൂപക്കാണ് വിപണിയിലെത്തിയിരുന്നത്. കൂടാതെ വെളിച്ചെണ്ണക്കും വില വർധിച്ചിട്ടുണ്ട്. 180 മുതൽ 200 രൂപവരെയാണ് വെളിച്ചെണ്ണ വില. തമിഴ്നാട്ടില്‍നിന്ന് വെളിച്ചെണ്ണ എത്തുന്നുണ്ട്. ഇതിനു 160 രൂപവരെ വിലയുണ്ട്. വെളിച്ചെണ്ണക്ക് പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ വിലയും രുചിയും കുറയും. നേന്ത്രക്കായ വില കാര്യമായി കുറഞ്ഞെങ്കിലും ഉപ്പേരിവില കൈപൊള്ളിക്കുകയാണ്.
എന്നാൽ, പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷങ്ങളുടെ പകിട്ട് കുറഞ്ഞത് വിപണിയെയും ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഓണത്തിന് മുമ്പുള്ള ദിവസങ്ങൾ വ്യാപാരികളെ സംബന്ധിച്ച് നിർണായകമാണ്. വില കൂടുതലാണെങ്കിലും ഉപ്പേരിയും മറ്റും ഇല്ലാതെ മലയാളികൾക്ക് ഓണം സങ്കൽപിക്കാനാവില്ല.
പാൽ ഗുണനിലവാരം പരിശോധിക്കാം
കോട്ടയം: ഓണത്തോടനുബന്ധിച്ച് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജിത പാൽ ഗുണനിലവാര പരിശോധനയും ഇൻഫർമേഷൻ സെന്ററും സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ ശനിയാഴ്ച ഉച്ചക്ക് 12വരെ ക്ഷീരവികസന വകുപ്പിന്റെ ജില്ല ആസ്ഥാനത്ത് നടത്തുന്ന പരിപാടിയിൽ ഉപഭോക്താക്കൾക്ക് വിപണിയിൽ ലഭ്യമാകുന്ന ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയാനും ഗുണനിലവാരം സംബന്ധിച്ച സംശയനിവാരണത്തിനും സാധിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ പരിശോധിക്കാം. പരിശോധനക്കുള്ള സാമ്പിളുകൾ 200 മില്ലിലിറ്ററിലും പാക്കറ്റ് പാൽ 500 മില്ലി ലിറ്ററിലും കുറയാതെ കൊണ്ടുവരണം.-
ഓണവിപണി
പൊൻകുന്നം: കൺസ്യൂമർ ഫെഡുമായി ചേർന്ന് പൊൻകുന്നം സഹകരണ ബാങ്ക് നടത്തുന്ന ഓണവിപണി ചൊവ്വാഴ്ച 10ന് ഉദ്ഘാടനം ചെയ്യും. ബാങ്കിന് എതിർവശത്ത് മംഗലത്ത് ബിൽഡിങ്ങിലാണ് വിപണി. ഉപഭോക്താക്കൾ റേഷൻകാർഡ് കൊണ്ടുവരണം.
157 ഓണച്ചന്തകളുമായി കുടുംബശ്രീ
കോട്ടയം: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 14 വരെ ജില്ലയുടെ വിവിധഭാഗങ്ങളിൽ 157 ഓണച്ചന്തകൾ സംഘടിപ്പിക്കും.കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളിൽനിന്നും സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള വ്യത്യസ്ത ഉൽപന്നങ്ങൾ ലഭ്യമാക്കും. ഓരോ അയൽക്കൂട്ടത്തിൽനിന്നും കുറഞ്ഞത് ഒരു ഉൽപന്നമെങ്കിലും സി.ഡി.എസ്. തല വിപണനമേളകളിൽ ലഭ്യമാക്കി, എല്ലാ സംരംഭ, ഉപജീവന ഗ്രൂപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കി ഓരോ സി.ഡി.എസ് പരിധിയിലും രണ്ട് ഓണവിപണനമേളകൾ സംഘടിപ്പിക്കും.
ഇതിലൂടെ ജില്ലയിലെ അയ്യായിരത്തോളം സംരംഭ യൂനിറ്റുകൾക്കു വരുമാനം ലഭ്യമാകും. ജെ.എൽ.ജികൾ ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ, അത്തപ്പൂക്കളത്തിനാവശ്യമായ വിവിധ തരം പൂക്കൾ എന്നിവയും ലഭ്യമാക്കും. ഓണച്ചന്തകൾ സംഘടിപ്പിക്കാൻ സി.ഡി.എസുകൾക്ക് 20,000 രൂപ ജില്ല മിഷൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.