പ്രതിഷേധ സാഗരം; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരുലക്ഷം പോസ്റ്റ് കാർഡ് അയച്ചു
text_fieldsകോട്ടയം: പട്ടികവിഭാഗ സംവരണത്തിൽ ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയിലൂടെ മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനെതിരെ കേന്ദ്രം നിയമം നിർമിക്കണമെന്നും സംസ്ഥാനം ധിറുതിപിടിച്ച് വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് ഡിസംബർ 10ന് 57 പട്ടികജാതി-വർഗ സമുദായ സംഘടനകളുടെ കൂട്ടായ്മയായ ദലിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻവരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സാഗരം എന്ന സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ജില്ലയിൽ ഒരുലക്ഷം പോസ്റ്റ് കാർഡ് അയച്ചു.
ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ജില്ലതല ഉദ്ഘാടനം ദലിത് ആദിവാസി സംയുക്ത സമിതി ചെയർമാനും സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ല ചെയർമാൻ പ്രവീൺ വി.ജയിംസ് അധ്യക്ഷതവഹിച്ചു. കൺവീനർ മനോജ് കൊട്ടാരം, അഡ്വ.എ. സനീഷ് കുമാർ, അജയ് കോട്ടയം, ഇ.ജി. സജീവ്, വിനു ബേബി, ജയമോൻ പുത്തൻതോട്, അരുൺ സംക്രാന്തി, പ്രസാദ് കാളിച്ചിറ, പ്രവീൺ കെ. കുമാർ, ശ്രീജിനി സജീവ്, അജിത്ത് കല്ലറ, ആഷ്ലി ബാബു തുടങ്ങിയവർ സംസാരിച്ചു.
വിവിധ താലൂക്കുകളിൽ വൈക്കത്ത് കെ.വി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.ഇ. മണിയൻ, മീനിച്ചിലിൽ എ.കെ.സി.എച്ച്.എം.എസ് താലൂക്ക് പ്രസിഡന്റ് തങ്കൻ വലവൂർ, കാഞ്ഞിരപ്പള്ളിയിൽ സമിതി താലൂക്ക് ചെയർമാൻ എം.കെ. മോഹനൻ, ചങ്ങനാശ്ശേരിയിൽ എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം ജി.കെ. രാജപ്പൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. വിവിധ യൂനിയൻ കേന്ദ്രങ്ങളിലും ശാഖ കേന്ദ്രങ്ങളിലും കാമ്പയിൻ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.