നഗരസഭ കെട്ടിടത്തിൽ വീണ്ടും കോൺക്രീറ്റ് അടർന്നുവീണു ഒരാൾക്ക് പരിക്ക്
text_fieldsകോട്ടയം: പൊളിക്കാൻ നിർദേശിച്ച നഗരസഭ കെട്ടിടത്തിൽ വീണ്ടും കോൺക്രീറ്റ് അടർന്നുവീണ് ഒരാൾക്ക് പരിക്ക്. കുമാരനെല്ലൂരിലെ സോണൽ ഓഫിസിനോടു ചേർന്ന് നഗരസഭ വാടകക്കുനൽകിയ രണ്ടുനില കെട്ടിടത്തിലാണ് ഇത്തവണ അപകടം സംഭവിച്ചത്. ബലക്ഷയം സംഭവിച്ച കെട്ടിടം പൊളിക്കാനും അടിയന്തരമായി വാടകക്കാരെ ഒഴിപ്പിക്കാനും എൻജിനീയറിങ് വിഭാഗം നിർദേശിച്ചിരുന്നതാണ്. എന്നാൽ, തുടർനടപടികളുണ്ടായിട്ടില്ല. ഫെയർ ആൻഡ് ഗ്ലോ ബ്യൂട്ടി പാർലർ പ്രവർത്തിച്ചിരുന്ന കടയിലാണ് കോൺക്രീറ്റ് അടർന്നുവീണത്.
നേരത്തേ ബ്യൂട്ടി പാർലറിൽ കോൺക്രീറ്റ് അടർന്നുവീണിരുന്നു. കടയിൽ ആളില്ലാതിരുന്നതിനാലാണ് അന്ന് അപകടം ഒഴിവായത്. തുടർന്നാണ് മുനിസിപ്പൽ അസി. എൻജിനീയർ സ്ഥലം സന്ദർശിച്ച് ബലക്ഷയം എന്ന് റിപ്പോർട്ട് നൽകിയത്. കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ബ്യൂട്ടി പാർലർ ഒരുമാസം മുമ്പ് മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. പാർലറിലെ മറ്റു സാധനങ്ങൾ എടുക്കാനും വൈദ്യുതി വിച്ഛേദിക്കാനുമാണ് ഉടമ പോളി ഞായറാഴ്ച രാവിലെ ജീവനക്കാരുമായി എത്തിയത്. ഈസമയം ഇളകിനിന്നിരുന്ന ബാക്കി കോൺക്രീറ്റും അടർന്നു ദേഹത്ത് വീഴുകയായിരുന്നു. സംക്രാന്തി സ്വദേശിയായ ഷാനവാസിനാണ് തലക്ക് പരിക്കേറ്റത്.
ഇയാളെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തലക്ക് ചതവുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സപ്ലൈകോ ഗോഡൗണും മുകളിൽ സാമൂഹിക നീതിവകുപ്പിന്റെ ഓഫിസടക്കം അഞ്ച് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ജീവഭയത്താലാണ് താൻ മാറിയതെന്നും ബ്യൂട്ടി പാർലർ ഉടമ പറഞ്ഞു. കെട്ടിടത്തിന്റെ ചുമരുകൾ നനഞ്ഞുകുതിർന്ന അവസ്ഥയിലാണ്. തലങ്ങും വിലങ്ങും വിണ്ടിരിക്കുന്നു.
തൂണിനുതാഴെനിന്ന് മുകൾഭാഗം വരെ വിള്ളൽ സംഭവിച്ചു. അടിത്തറ മുഴുവൻ തകർന്നു. വലിയ ജനലുകളടക്കം ഇളകിയിരിക്കുകയാണ്. മേൽക്കൂരയിലാകമാനം കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുകാണാം. കെട്ടിടത്തിലെ ടോയ്ലറ്റും പൊട്ടിപ്പൊളിഞ്ഞു. മുകൾനിലയിലെ ടോയ്ലറ്റിൽ ആൽ വളർന്നു. അടുത്തിടെയാണ് നഗരത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജധാനി ഹോട്ടൽ കെട്ടിടത്തിലെ കോൺക്രീറ്റ് നിർമിതി വീണ് ഒരാൾ മരിച്ചത്. ഇതേ തുടർന്ന് ഈ നിർമിതികൾ പൊളിച്ചുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.