പൊലീസ് മുന്നറിയിപ്പ്; ഓൺലൈൻ തട്ടിപ്പുകൾക്ക് തലവെക്കരുത്
text_fieldsകോട്ടയം: വ്യാപകമായ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ജില്ല പൊലീസ്. ഓൺലൈൻ ട്രേഡിങ്, വർക്ക് അറ്റ് ഹോം ടാസ്ക്, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വരുന്ന സന്ദേശങ്ങളും ഫോൺകാളുകളും തുടങ്ങിയ സൈബർതട്ടിപ്പുകളിൽ ഇരയാകുന്നത് പതിവാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നതിനും അവ പങ്കുവെക്കുന്നതിനും സാമ്പത്തിക ഇടപാടുകൾക്കും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും മറ്റുമാണ്. എന്നാൽ, ഇതിനിടയിൽ നിരവധി സൈബർ ചതിക്കുഴികൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഇത്തരത്തിൽ സമീപകാലത്ത് പുതിയ തരത്തില്‍ സൈബർതട്ടിപ്പുകൾ വർധിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് വഴി വിഡിയോ കാൾ ചെയ്ത് ബ്ലാക്ക് മെയിൽ, ബാങ്ക് കെ.വൈ.സിയുടെ പേരിൽ പണം തട്ടൽ, പാൻ കാർഡ് ആധാർ കാർഡ് എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി കൈക്കലാക്കി പണംതട്ടല്‍, ഓൺലൈൻ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ തട്ടിപ്പുകളും ജില്ലയിലെ തട്ടിപ്പ് കേസുകളിൽ ചിലതാണ്.
ഓൺലൈൻ ട്രേഡിങ്
ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർ വിദേശ ട്രേഡിങ് കമ്പനിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിക്കുകയും പിന്നീട് നിങ്ങളുടെ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ടെലിഗ്രാമിലും മറ്റും ട്രേഡിങ്ങിന് താൽപര്യമുള്ളവരെ തിരയുന്നതിന് പരസ്യം നൽകുകയും ഇതിൽ ആകൃഷ്ടരാവുകയും നിക്ഷേപിക്കുന്ന തുകയുടെ 15ശതമാനം മാസംതോറും ബോണസായി ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്ന രീതിയാണ്. ഇവർ പറയുന്നത് പ്രകാരം ഒന്നോ രണ്ടോ തവണ പണം നൽകുമ്പോൾ കൂടുതൽ പണം ലാഭമായി ലഭിക്കുന്നു. ഇതിൽ ആകൃഷ്ടരാകുന്നതോടെ നാം കൂടുതൽ പണം ഇതിൽ നിക്ഷേപിക്കുന്നു. തുടർന്ന് നമ്മുടെ മുഴുവൻ പണവും നഷ്ടമാകുന്നു. ഇത്തരത്തിൽ കഞ്ഞിക്കുഴി സ്വദേശിയിൽനിന്നും നഷ്ടമായത് 1.25 കോടിയാണ്. ഇതിലെ മുഖ്യപ്രതിയെ കാസർകോടു നിന്ന് ജില്ല പൊലീസ് പിടികൂടിയിരുന്നു.
വർക്ക് അറ്റ് ഹോം ടാസ്ക്
വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് പരസ്യം വരികയും ഇതിൽ ആകൃഷ്ടരായാൽ ഉടൻ നമുക്കിവർ ഓരോ ടാസ്ക് തരികയും ചെയ്യുന്നു. ആദ്യം നമ്മളോട് 1000 രൂപ മുടക്കി രജിസ്റ്റർ ചെയ്യാൻ പറയുകയും അതിനുശേഷം മുന്തിയ വിഭാഗത്തിലുള്ള ഹോട്ടലുകളുടെയോ, മറ്റു വ്യാപാരസ്ഥാപനങ്ങളുടെയോ, അല്ലെങ്കിൽ ഏതെങ്കിലും ഉൽപന്നത്തിന്റെയോ റിവ്യൂ ചെയ്യുകയും നാം മറ്റു പത്ത് പേരെക്കൊണ്ട് റിവ്യൂ ചെയ്യിപ്പിച്ച് ഇതിന്റെ സ്ക്രീൻഷോട്ട് ഇവർക്ക് നൽകുന്നു. തുടർന്ന് ഇവർ നമുക്ക് ഇതിന്റെ തുക അക്കൗണ്ടിൽ തരുന്നു. ഇങ്ങനെ നമ്മളെ അവർ വിശ്വാസത്തിൽ എടുക്കുന്നു.
കൂടുതൽ തുക അക്കൗണ്ടിൽ വന്നതായും പണം ആപ്ലിക്കേഷൻ വഴി മാത്രമേ കാണാനും സാധിക്കുകയുള്ളൂ. ഈ ആപ്ലിക്കേഷൻ ഇവർ നമ്മളെക്കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിക്കുകയും ഇതിലുള്ള ഡിജിറ്റൽ വാലറ്റിൽ പണമെത്തുന്നു. എന്നാല്‍, ഇത് പിൻവലിക്കാൻ സാധിക്കില്ല. തുടര്‍ന്ന് വലിയ തുകയായാല്‍ ഇത് പിൻവലിക്കണമെങ്കിൽ ടാക്സിനത്തിലും മറ്റുമായി കൂടുതൽ പൈസ അടക്കണമെന്ന് വിശ്വസിപ്പിച്ച് വീണ്ടും പണം വാങ്ങിയെടുത്ത് അപ്രത്യക്ഷരാവുകയുമാണ് ഇവരുടെ രീതി. ഇത്തരത്തിൽ ഏറ്റുമാനൂർ സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഒമ്പതര ലക്ഷവും പെരുവ സ്വദേശിയായ യുവാവില്‍നിന്ന് അഞ്ച് ലക്ഷവും കാരാപ്പുഴ സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് അഞ്ചു ലക്ഷവും തട്ടിയെടുത്തിട്ടുണ്ട്. ബോധവത്കരണത്തിലൂടെ മാത്രമേ ഇത് തടയാൻ സാധിക്കൂ. കൂടാതെ പരാതിക്കാർ ക്രൈം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ പണം തിരികെ ലഭിക്കുന്നതിനും പണം തട്ടിപ്പ് സംഘത്തിന്റെ കൈയിലെത്താതെ ഹോൾഡ് ചെയ്യുന്നതിനും സാധിക്കും. തട്ടിപ്പിനായി സംഘങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ, മെയിൽ ഐ.ഡികൾ, വെബ്സൈറ്റുകൾ തുടങ്ങിയവ സഞ്ചാർ സാഥി എന്ന പോർട്ടൽ വഴി റിപ്പോർട്ട് സസ്പെക്ടഡ് ഫ്രോഡ് കമ്യൂണിക്കേഷൻ (ചക്ഷു) എന്ന ഓപ്ഷനില്‍ രജിസ്റ്റർ ചെയ്യണം. ഇതുവഴി ഇത്തരം വ്യാജ വെബ് സൈറ്റുകളും നമ്പറുകളും, ഐഡികളും ബ്ലോക്ക് ചെയ്ത്, ഇവരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താം.
ജില്ല പൊലീസ് നൽകുന്ന മുൻകരുതലുകൾ
- പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന കാളുകൾ വിശ്വാസത്തിൽ എടുക്കാതിരിക്കുക
- ഔദ്യോഗിക ഗവ. വെബ്സൈറ്റുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽനിന്ന് തന്നെയാണ് കാളുകൾ വരുന്നതെന്ന് ഉറപ്പുവരുത്തുക
- ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക
- അപരിചിതരുടെ കാളുകൾക്ക് മറുപടിയായി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ അല്ലെങ്കിൽ യു.പി.ഐയിലേക്കോ പണം നിക്ഷേപിക്കരുത്
- സമൂഹമാധ്യമങ്ങളില്‍ ആൽഫബെറ്റുകളുടെ കൂടെ നമ്പറുകളും സിംബലുകളും ചേർന്നുള്ള ശക്തമായ പാസ്വേർഡ് ഉപയോഗിക്കുക
- കൃത്യമായി ഇടവേളകളിൽ പാസ്വേഡുകൾ മാറ്റുക
- നമ്മുടെ അക്കൗണ്ടിന്റെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഓണ്‍ ആക്കുക. ഇതിനായി മൊബൈൽ നമ്പറോ, ഇ-മെയിൽ ഐ.ഡിയോ നൽകുക ഇതിലൂടെ അക്കൗണ്ടിൽ അനുവാദമില്ലാതെ മറ്റൊരാൾ കയറുന്നത് തടയാൻ സാധിക്കും
- സാമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ലോക്ക് ചെയ്തിടുക.
- ഉപയോഗത്തിനുശേഷം അക്കൗണ്ടുകൾ ലോഗ് ഔട്ട് ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ നൽകുക
- മൊബൈലുകളിൽ പരിചിതമല്ലാത്ത ഓൺലൈൻ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക
- ലോൺ എടുക്കാൻ ഉദ്ദേശിക്കുമ്പോൾ ആർ.ബി.ഐ അംഗീകാരമുള്ള സുരക്ഷിതമായ ആപ്പുകളിൽ നിന്നോ ലിങ്കുകളിൽനിന്നോ ആണ് ലോൺ എടുക്കുന്നതെന്ന് ഉറപ്പുവരുത്തുക
- മൊബൈലുകളിൽ മെസേജുകളുടെ കൂടെ വരുന്ന ലിങ്കുകളെ അവഗണിക്കുക.
- ബാങ്കുകളോ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വരുന്ന കാളുകൾക്ക് ഒ.ടി.പി ഷെയർ ചെയ്യാതിരിക്കുക.
- ഏതെങ്കിലും സാഹചര്യത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടൻ 1930യിൽ വിളിച്ച് പരാതിപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.