കോട്ടയം നഗരത്തിൽ സുരക്ഷ അനുമതി 55 കെട്ടിടങ്ങൾക്ക് മാത്രം
text_fieldsകോട്ടയം: നഗരത്തിൽ കെട്ടിട സുരക്ഷാസംവിധാന മാനദണ്ഡങ്ങൾ പാലിക്കുന്നത് 55ഓളം കെട്ടിടങ്ങൾ മാത്രം. വർഷാവർഷം അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി പുതുക്കുന്ന കെട്ടിടങ്ങൾ നഗരത്തിലെ ആകെ കെട്ടിടങ്ങളുടെ നാലിലൊന്ന് മാത്രമാണെന്നത് ആശങ്ക ഉയർത്തുന്നു. കെട്ടിടത്തിന് മതിയായ സുരക്ഷയില്ലാത്തതിനാൽ അഗ്നിരക്ഷാസേന വകുപ്പ് നോട്ടീസയച്ച കെട്ടിടങ്ങൾ നഗരത്തിൽ നിരവധിയാണ്.
അയച്ച നോട്ടീസുകൾക്ക് മറുപടി നൽകാതെ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ സുരക്ഷാഭീഷണി ഉയർത്തിയാണ് നിലനിൽക്കുന്നത്. നഗരത്തിലെ ഫ്ലാറ്റുകൾ, മാളുകൾ, വിവിധ ബഹുനില കെട്ടിടങ്ങൾ തുടങ്ങിയവയിൽ ലിഫ്റ്റുകളുടെ സുരക്ഷ, അഗ്നിബാധയെ ചെറുക്കാനുള്ള ക്രമീകരണങ്ങൾ, കെട്ടിടത്തിന്റെ വിശദ ബ്ലൂപ്രിന്റ് എന്നിവ കർശനമായി പാലിച്ചാൽ മാത്രമേ എൻ.ഒ.സി ലഭിക്കൂ എന്നിരിക്കേ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് മറ്റ് കെട്ടിടങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്.
മെഡിക്കൽ സർവിസ് കോർപറേഷന്റെ കീഴിലുള്ള കെട്ടിടങ്ങൾ പരിശോധിച്ചതിൽ മെഡിക്കൽ കോളജിന് സമീപമുള്ള കെട്ടിടത്തിന് പരിശോധനക്ക് ശേഷം എൻ.ഒ.സി അനുമതി നൽകിയതായി ജില്ല ഫയർ സ്റ്റേഷൻ ഓഫിസർ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായിരുന്നു. കാൻസർ വാർഡിനു പിന്നിലെ എട്ടുനില കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.ഇതേ തുടർന്ന് സുരക്ഷാസമിതി സംഘം നടത്തിയ പരിശോധനയിൽ കെട്ടിട നിർമാണത്തിൽ അപാകത കണ്ടെത്തിയിരുന്നു.
ഫയർ എക്സിറ്റ് ഇല്ലാതെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം
കോട്ടയം: സുരക്ഷാസംവിധാനങ്ങളില്ലാതെ നഗരമധ്യത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം. അഞ്ഞൂറോളം ജീവനക്കാർ ജോലിചെയ്യുന്ന കെട്ടിടത്തിൽ അഗ്നിരക്ഷ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ല. ആറുനിലയുള്ള കെട്ടിടത്തിൽ ഒരപകടം സംഭവിച്ചാൽ വൻ ദുരന്തത്തിലേക്കു വഴിവെക്കും.
താലൂക്ക് ഓഫിസ്, ജില്ല സാമൂഹികക്ഷേമ ഓഫിസ്, ലോട്ടറി ഓഫിസ് തുടങ്ങി 16 ഓഫിസാണ് തിരുനക്കരയിലെ ഈ കെട്ടിടത്തിലുള്ളത്. നൂറുകണക്കിന് ജനങ്ങൾ ദിനംപ്രതി എത്തുന്ന ഈ കെട്ടിടത്തിലേക്ക് ആകെയുള്ളത് ഒറ്റ പ്രവേശന കവാടം മാത്രമാണ്. ഒറ്റ കോണിപ്പടിയും.
ഇതുവഴി മാത്രമേ ആളുകൾക്ക് കയറാനും ഇറങ്ങാനുമാവൂ. ഒരു ലിഫ്റ്റ് ഉണ്ടെങ്കിലും അപകടസമയത്ത് ഇത് പ്രയോജനം ചെയ്യില്ല. പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതായതിനാൽ സാധാരണ സിവിൽ സ്റ്റേഷനുകൾക്ക് ഒന്നിലധികം കവാടങ്ങളുണ്ടാവാറുണ്ട്. കയറുന്നിടത്തുതന്നെ കടലാസ്പെട്ടികളിൽ ഓഫിസ് സാമഗ്രികൾ കൂട്ടിവെച്ചിരിക്കുകയാണ്. ഗ്രൗണ്ട് ഫ്ലോറിനു താഴെയാണ് സ്റ്റേഷനറി ഓഫിസും ലീഗൽ മെട്രോളജി ഓഫിസും. സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്കു കയറുന്നിടത്താണ് സർക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മുറ്റത്തും വളപ്പിലും തലങ്ങും വിലങ്ങുമായാണ് പാർക്കിങ്.
ഒന്നിലേറെ പ്രവേശനകവാടമില്ലാത്തത് സംബന്ധിച്ചു നേരത്തേതന്നെ പരാതി ഉയർന്നിരുന്നു. ഒരുവർഷം മുമ്പ് അഗ്നിരക്ഷാസേന കെട്ടിടത്തിൽ ഫയർഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയിരുന്നു. അഗ്നിരക്ഷാസംവിധാനങ്ങൾ പ്രവർത്തന ക്ഷമമാക്കണമെന്നും ഫയർ എക്സിറ്റ് ഒരുക്കണമെന്നും നിർദേശം നൽകിയെങ്കിലും ഒന്നും നടപ്പായിട്ടില്ല.
കലക്ടറേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് സംവിധാനമായി
കോട്ടയം: സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി കലക്ടറേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് സംവിധാനമൊരുക്കി. ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ ഭാഗമായി നടത്തിയ ഫയർ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എമർജൻസി ഫയർ എക്സിറ്റ് പണിതത്.
ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് വിപഞ്ചിക കോൺഫറൻസ് ഹാളിനടുത്ത് ഫയർ എക്സിറ്റ് നിർമിച്ചത്. ജില്ല നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ സാന്നിധ്യത്തിൽ കലക്ടർ ഡോ.പി.കെ. ജയശ്രീ നിർവഹിച്ചു.
എ.ഡി.എം റെജി പി. ജോസഫ്, ജില്ല ഫിനാൻസ് ഓഫിസർ എസ്.ആർ. അനിൽകുമാർ, ഹുസൂർ ശിരസ്തദാർ എൻ.എസ്. സുരേഷ് കുമാർ, ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരായ ബിനോയ് അഗസ്റ്റിൻ, പി.എൻ. അശോക് കുമാർ, മിനിമോൾ ലിസ് തോമസ്, രക്ഷിത് പ്രഭു, സചിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.