ഇവിടെ ഇല്ല,അവിടെ ഉണ്ട്; സപ്ലൈകോ ചന്തയിൽ അരിയും മല്ലിയും വെളിച്ചെണ്ണയും മാത്രം
text_fieldsകോട്ടയം: ക്രിസ്മസ് പുതുവത്സരകാലത്ത് 13 സബ്സിഡി ഉൽപന്നങ്ങൾ ലഭ്യമാകുമെന്നു പറഞ്ഞ് ജനങ്ങളെ പറ്റിച്ച് സപ്ലൈകോ. നാഗമ്പടത്ത് നെഹ്റു സ്റ്റേഡിയത്തിലാരംഭിച്ച ചന്തയിൽ ആകെയുള്ളത് അരി, മല്ലി, വെളിച്ചെണ്ണ എന്നീ മൂന്ന് സബ്സിഡി ഇനങ്ങൾ മാത്രം. അരി മട്ടയും ജയയും മാത്രമാണുള്ളത്. പച്ചരിയും കുറുവയും ഇല്ല. പഞ്ചസാര, മുളക്, ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, തുവരപരിപ്പ്, കടല തുടങ്ങിയവയൊന്നും ലഭ്യമല്ല. ഉള്ളവക്കാവട്ടെ വില കൂടുതലാണെന്നും ഉപഭോക്താക്കൾ പറയുന്നു. സാധനങ്ങൾ വാങ്ങാൻ വന്നവരെല്ലാം വെറുംകൈയോടെ മടങ്ങുന്ന കാഴ്ചയാണ് രണ്ടാം ദിവസവും കാണാനായത്. ഇന്നുവരും നാളെ വരും എന്നു പറയുന്നതല്ലാതെ ജീവനക്കാർക്കും കൃത്യമായ ധാരണയില്ല. ആദ്യദിനം തന്നെ സാധനങ്ങളില്ലാത്തതിനാൽ വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
ഉദ്ഘാടനത്തിനുമുമ്പ് സാധനങ്ങൾ എത്തുമെന്നാണ് കരുതിയിരുന്നതെന്നാണ് അധികൃതർ പറയുന്നത്. സബ്സിഡി ഇനങ്ങള്‍ ഇല്ലാത്തതിനാല്‍ ചന്തയിൽ ആളും കുറവാണ്. ടെന്‍ഡര്‍ എടുക്കാന്‍ വൈകിയതാണ് സാധനങ്ങളുടെ ലഭ്യതക്കുറവിന് കാരണം. വെളിച്ചെണ്ണക്ക് 141 രൂപയാണ് വില. ജയ അരിക്ക് 44 രൂപയും മട്ട അരിക്ക് 24 രൂപയും മല്ലിക്ക് 44 രൂപയുമാണ് വില. പൊതുവിപണിവിലയേക്കാൾ കൂടുതലാണിതെന്നും ഈ വിലക്ക് വാങ്ങുന്നത് നഷ്ടമാണെന്നുമാണ് ഉപഭോക്താക്കൾ പറയുന്നത്. രാവിലെ 10 മുതല്‍ രാത്രി വരെയാണ് ചന്തയുടെ പ്രവര്‍ത്തനസമയം.
30 ന് സമാപിക്കും. 13 ഇനങ്ങൾ സബ്സിഡിയായി നൽകുമെന്നായിരുന്നു സപ്ലൈകോ വാഗ്ദാനം ചെയ്തിരുന്നത്. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യത്തിൽ സപ്ലൈകോ വിപണി ആശ്വാസമാകുമെന്നായിരുന്നു ജനം കരുതിയിരുന്നത്. ഈ പ്രതീക്ഷയോടെ ചന്തയിലെത്തിയവരെല്ലാം നിരാശയോടെ മടങ്ങിപ്പോവുകയാണ്.
കൺസ്യൂമർ ഫെഡിൽ 12 ഇനങ്ങൾ
കോട്ടയം: 12 ഇനം സബ്സിഡി ഇനങ്ങളുമായി കഞ്ഞിക്കുഴി ത്രിവേണി സൂപ്പർമാർക്കറ്റിനോടനുബന്ധിച്ച് കൺസ്യൂമർഫെഡ് ക്രിസ്മസ് പുതുവത്സര വിപണി തുടങ്ങി. കുറുവ അരി ഒഴികെയുള്ള നിത്യോപയോഗ സാധനങ്ങളെല്ലാം ഇവിടെയുണ്ട്. ത്രിവേണി തേയില അര കിലോ 145 രൂപക്കും 250 ഗ്രാം 75 രൂപക്കും ലഭ്യമാവും. 120 രൂപ എം.ആർ.പിയുള്ള കേക്ക് 108 രൂപക്കും 120 രൂപ എം.ആർ.പിയുള്ള എലൈറ്റ് കേക്ക് 114 രൂപക്കും ലഭിക്കും. 20 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ത്രിവേണി നോട്ട്ബുക്കുകളും വിൽപനക്കുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവശ്യമായ നോൺ സബ്സിഡി ഇനങ്ങൾ മാർക്കറ്റ് വിലയേക്കാൾ 30-40 ശതമാനം വരെ വിലക്കുറവിൽ ത്രിവേണി സൂപ്പർമാർക്കറ്റിൽ ലഭ്യമാകും. ദിവസം 300 പേർക്ക് സാധനങ്ങൾ നൽകാനാണ് നിർദേശമെങ്കിലും വരുന്ന ആരെയും മടക്കിവിടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിപണി 30 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.