കണ്ണുതുറക്കണേ, ഈ വിദ്യാർഥികളോട്; അന്ധവിദ്യാലയത്തിൽ അധ്യാപകരില്ലാതെ രണ്ടാം അധ്യയനവർഷം
text_fieldsകോട്ടയം: കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾക്കായുള്ള സംസ്ഥാനത്തെ ഏക സർക്കാർ ഹൈസ്കൂളായ ഒളശ്ശ അന്ധവിദ്യാലയത്തിൽ അധ്യാപകരില്ലാത്ത രണ്ടാം അധ്യയനവർഷത്തിന് ചൊവ്വാഴ്ച തുടക്കം. കഴിഞ്ഞവർഷവും ഇവിടെ അധ്യാപകരുണ്ടായിരുന്നില്ല. സർക്കാർ ഉത്തരവുപ്രകാരം ഹൈസ്കൂളിലും യു.പിയിലും അഞ്ചുവീതം അധ്യാപക തസ്തികകളുണ്ട്. എന്നാൽ, 10 അധ്യാപകർ വേണ്ടിടത്ത് ആകെയുള്ളത് ഒരാളാണ്. മൂന്ന് സ്പെഷലിസ്റ്റ് അധ്യാപകരും.
കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ അധ്യയനവർഷം സ്കൂളുകളിലെ താൽക്കാലിക നിയമനം സർക്കാർ ഉപേക്ഷിച്ചതോടെയാണ് ഇവിടെയും പ്രതിസന്ധിയായത്. മറ്റ് കുട്ടികൾ ഓൺലൈനിൽ പഠിക്കുേമ്പാൾ ഒളശ്ശ സ്കൂളിലെ കുട്ടികൾക്ക് അതിനവസരം ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ മുൻ താൽക്കാലിക അധ്യാപകർ കുട്ടികൾക്ക് സൗജന്യമായി ക്ലാസ് നൽകുകയായിരുന്നു.
ഇവരുടെ നേതൃത്വത്തിൽ എട്ട് കുട്ടികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കുകയും ചെയ്തു. 1962ലാണ് ഒളശ്ശ അന്ധവിദ്യാലയം ആരംഭിക്കുന്നത്. നിലവിൽ ജില്ലക്ക് പുറത്തുനിന്നടക്കം 29 വിദ്യാർഥികളുണ്ട്.
കൂടുതൽ വിദ്യാർഥികളുള്ളത് ഒമ്പതാംക്ലാസിലാണ് -ഒമ്പതുപേർ. കോവിഡും ലോക്ഡൗണും വഴി മുടക്കിയതിനാൽ ഒന്നാംക്ലാസിലേക്ക് പുതിയ അഡ്മിഷൻ ഉണ്ടായില്ല. മൂന്ന്, നാല് ക്ലാസിലും വിദ്യാർഥികളില്ല. മലയാളം മീഡിയത്തിലാണ് പഠനം. പൂർവവിദ്യാർഥി കൂടിയായ ഇ.ജെ. കുര്യൻ ആണ് പ്രധാനാധ്യപകൻ. മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹം ഏഴാംക്ലാസ് മുതൽ 10 വരെ ഇവിടെയാണ് പഠിച്ചത്. മുൻ താൽക്കാലിക അധ്യാപകരോട് ഇത്തവണയും ക്ലാസെടുക്കാൻ എങ്ങനെ ആവശ്യപ്പെടും എന്ന് അദ്ദേഹം ചോദിക്കുന്നു. താഴെത്തട്ടിൽനിന്നുള്ള കുട്ടികളായതിനാൽ പഠനസൗകര്യങ്ങളും കുറവാണ്.
രണ്ട് കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ ഫോൺ ഇല്ല. ബാക്കി കുട്ടികൾക്ക് ഫോൺ ഉണ്ടെങ്കിലും വീട്ടിലെ ഒറ്റ ഫോൺ ഉപയോഗിക്കുന്നതിന് പരിമിതിയുമുണ്ട്. സാമൂഹിക നീതി വകുപ്പ് വികലാംഗ കോർപറേഷൻ വഴി കുട്ടികൾക്ക് സ്വന്തമായി ഫോൺ നൽകാൻ നടപടിയെടുത്താൽ പ്രയോജനകരമാവും.
ലോക്ഡൗണിനുശേഷം താൽക്കാലിക അധ്യാപകനിയമനത്തിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും പ്രധാനാധ്യാപകനും. എന്തായാലും പതിവുപോലെ തിങ്കളാഴ്ച സ്കൂളിൽ ഓൺൈലനിൽ പ്രവേശനോത്സവം നടത്തും.
'സ്പെഷൽ സ്കൂളുകൾ തുറക്കാൻ അനുമതി നൽകണം'
സ്പെഷൽ സ്കൂളുകൾ കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് പ്രധാനാധ്യാപകൻ ഇ.ജെ. കുര്യെൻറ ആവശ്യം. വളരെ കുറച്ച് കുട്ടികൾ മാത്രമായതിനാൽ നിയന്ത്രണം പാലിച്ച് ക്ലാസ് നടത്താനും താമസിക്കാനും സൗകര്യമുണ്ട്. മാത്രമല്ല, മറ്റ് കുട്ടികളെ ഉദ്ദേശിച്ച് നടത്തുന്ന ഓൺലൈൻ ക്ലാസുകൾ സ്പെഷൽ സ്കൂളുകളിലെ കുട്ടികൾക്ക് പ്രയോജനപ്രദവുമല്ല. നേരിട്ട് പ്രേത്യക ശ്രദ്ധ വേണ്ടവരാണ് ഒാരോ കുട്ടികളുമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.