ജൈവ കൃഷി; ഏലത്തിലെ പുതിയ പ്രതീക്ഷ
text_fieldsഇന്ത്യൻ ഏലത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ജൈവ കൃഷി അവലംബിക്കുകയാണ് ഏക മാർഗമെന്ന് വിദഗ്ധർ പറയുന്നു. നിറം ചേർക്കലും കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗവും ഇന്ത്യൻ ഏലത്തിന്‍റെ അന്തർദേശീയ ഡിമാൻഡ് കുറച്ച സാഹചര്യത്തിൽ ജൈവ കൃഷിയിലൂടെ അത് തിരിച്ചുപിടിക്കാമെന്നാണ് ജൈവ കർഷകരുടെയും അനുഭവസാക്ഷ്യം.
ആഗോള വിപണിയിൽ ജൈവ ഏലത്തിന് ഡിമാൻഡ് ഉയരുകയും കയറ്റുമതിക്കാർ മികച്ച വിലക്ക് എടുക്കാൻ തയാറാകുകയും ചെയ്തതോടെ ജില്ലയിൽ ജൈവ ഏലക്കൃഷിക്ക് പ്രചാരം വർധിച്ചുവരികയാണ്. ജർമനി, കാനഡ, അമേരിക്ക, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ ജൈവ ഏലത്തിന് നാട്ടിൽ ലഭിക്കുന്ന വിലയുടെ ഇരട്ടി മുതൽ രണ്ടിരട്ടി വരെ വില നൽകാൻ തയാറാണെന്ന് വ്യാപാരികൾ അറിയിച്ചതോടെയാണ് കൂടുതൽ കർഷകർ ഇതിലേക്ക് തിരിഞ്ഞത്.
നിലവിൽ ഏലത്തിന് കിലോക്ക് 950 രൂപ ശരാശരി വിലയുണ്ട്. കഴിഞ്ഞ വർഷം റെക്കോഡ് വിളവായിരുന്നു. ഉൽപാദനം കൂടിയതോടെ വില കുത്തനെ താഴ്ന്ന് 750-800 രൂപ വരെ എത്തി. ഇതോടെ കൃഷി നഷ്ടമായവർ വിളവെടുപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വളപ്രയോഗവും കീടനാശിനി ഉപയാഗവും കുറച്ചു. തോട്ടത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയിരുന്ന ജോലികൾ പകുതിയായി കുറച്ചു.
ഇതിന്‍റെ ഫലമായി ചെടിയുടെ ശക്തി ക്ഷയിച്ചു. തണ്ട് തുരപ്പൻ, ഇല മഞ്ഞളിപ്പ്, വെള്ളീച്ച, വേര്പുഴു തുടങ്ങിയ രോഗങ്ങൾ ചെടികളെ നാമാവശേഷമാക്കി. ഇതിന് പിന്നാലെ ഉണ്ടായ കാലവർഷക്കെടുതി ഏലം കൃഷിയുടെ നട്ടെല്ല് തകർത്തു.ആയിരക്കണക്കിന് കർഷകരുടെ ഏലത്തോട്ടം കാറ്റിലും അഴുകൽ രോഗം മൂലവും നശിച്ചു.
ഇതോടെ ഈ വർഷം ഉൽപാദനത്തിൽ വൻ കുറവുണ്ടാകുമെന്നാണ് സൂചന. അപൂർവം കർഷകരുടെ ഏലത്തോട്ടം മാത്രമാണ് കാലവർഷക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ടത്. ഉൽപാദനക്കുറവും വിലയിടിവും മൂലം ഉണ്ടായ കനത്ത നഷ്ടം കർഷകരെ ഏല കൃഷിയിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുമ്പോൾ ജൈവ കൃഷിയാണ് പുതിയ പ്രതീക്ഷ.
അഴുകലും മഞ്ഞപ്പാണ്ടും
കാലാവസ്ഥ മാറ്റത്തെ തുടർന്ന് ജില്ലയിലെ ഏല കൃഷിക്ക് വ്യാപകമായി അഴുകൽ രോഗം ബാധിച്ചത് നിരവധി കർഷകരുടെ കൃഷിക്ക് നാശമുണ്ടാക്കി. വണ്ടൻമേട്, മാലി, കാൽത്തൊട്ടി, മേപ്പാറ, വാഴവീട്, ആനവിലാസം, അണക്കര, പാമ്പാടുംപാറ, പൂപ്പാറ, രാജകുമാരി തുടങ്ങിയ മേഖലയിൽ നിരവധി കർഷകരുടെ ഏലച്ചെടികൾ കനത്ത മഴയിലും മുടൽ മഞ്ഞിലും നശിച്ചു. അഴുകൽ ബാധിച്ച ചെടിയുടെ ശരം മഞ്ഞനിറം ബാധിച്ച് കേടായി. ഇതോടൊപ്പം അയ്യപ്പൻകോവിൽ മേഖലയിൽ ഏലച്ചെടികൾക്ക് മഞ്ഞപ്പാണ്ട് രോഗം പടരുന്ന സ്ഥിതിയായി.കഴിഞ്ഞ ജൂണിൽ ആരംഭിച്ച രോഗബാധ ഇപ്പോഴും പൂർണമായി വിട്ടു മാറിയിട്ടില്ല.
പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിച്ചിരുന്നു. ഏലച്ചെടികളിൽ ഉണ്ടാകുന്ന മഞ്ഞപ്പാണ്ട് കൃഷിയിടത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ കുമിൾ രോഗത്തിന്‍റെ ലക്ഷണമാണെന്നായിരുന്നു കണ്ടെത്തൽ.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ ബാബു ചെമ്പൻകുളത്തിന്‍റെ കൃഷിയിടത്തിലും സമീപ കൃഷിയിടങ്ങളിലുമാണ് ഏലച്ചെടികളിൽ മഞ്ഞപ്പാണ്ട് രോഗം കൂടുതൽ കാണപ്പെട്ടത്. രോഗ വ്യാപനം തടയാനും ചെടികളെ രോഗത്തിൽ നിന്ന് മോചിപ്പിക്കാനുമുള്ള പ്രാഥമിക പ്രതിവിധികൾ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.
ഇതാ ഒരു വിജയഗാഥ
വിലത്തകർച്ചയും ഉൽപാദന കുറവും മറികടന്ന് ജൈവ ഏല കൃഷിയിലൂടെ ലാഭമുണ്ടാക്കാമെന്ന് കട്ടപ്പന വാഴവീട്ടിലെ സ്വകാര്യ എസ്റ്റേറ്റ് സൂപ്രണ്ട് പറഞ്ഞു. ജർമനിയിലെ ഒരു കമ്പനിയുമായി ധാരണ ഉണ്ടാക്കിയ ഇവർ നാലു വർഷമായി ഏഴ് ഏക്കറിൽ ജൈവ രീതിയിലാണ് കൃഷി നടത്തുന്നത്. ഓരോ വർഷവും ജർമൻ ഓർഗാനിക് വിദഗ്ധർ വാഴവീട്ടിലെ ഏലത്തോട്ടത്തിൽ എത്തി പരിശോധന നടത്തുന്നുണ്ട്.
ഇല, കായ്, തണ്ട്, വേര്, പൂക്കൾ, മണ്ണ്, വെള്ളം, നൽകുന്ന ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, എന്നിവയുടെയെല്ലാം സാമ്പിൾ ശേഖരിച്ച് ജർമൻ കമ്പനി അധികൃതർ പരിശോധന നടത്തും. ഫലം തൃപ്തികരമാണെന്ന് കണ്ടെത്തിയ ശേഷമാണ് ഇവരുടെ ഏലത്തിന് ഓർഗാനിക് സർട്ടിഫിക്കറ്റ് നൽകിയത്. വലുപ്പവും ഗുണനിലവാരവും അനുസരിച്ച് ശരാശരി 2500 രൂപ മുതൽ 3500 രൂപ വരെ കിട്ടുന്നുണ്ട്.
ജൈവകൃഷി തുടങ്ങിയ ആദ്യവർഷം ഏക്കറിൽനിന്ന് ശരാശരി 350 കിലോ വിളവ് ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷം ശരാശരി 500കിലോയായിരുന്നു വിളവ്. ഈ വർഷം കൂടുതൽ മെച്ചപ്പെട്ട വിളവാണ് പ്രതീഷിക്കുന്നത്. പച്ചിലകളും വെച്ചൂർ പശുവിന്‍റെ മൂത്രവും ചാണകവും ചില പിണ്ണാക്കുകളും മാത്രമാണ് ഇവിടെ കിടനാശിനിയായും വളമായും ഉപയോഗിക്കുന്നത്.
22 ഇനം പച്ചിലകളും വെച്ചൂർ പശുവിന്‍റെ മൂത്രവും വലിയ ജാറിൽ 41ദിവസം സൂക്ഷിച്ച് ഉണ്ടാക്കുന്ന കീടനാശിനിയാണ് ഏലത്തിന് തളിക്കുന്നത്. വേപ്പിൻ പിണ്ണാക്കും മറ്റ് 10ഓളം പിണ്ണാക്കുകളും ഗോമൂത്രത്തിൽ പുളിപ്പിച്ച് ചാണകവും ചേർത്ത് വളമായി ഉപയോഗിക്കുന്നു. കൂടാതെ ജീവാണു വളവും പച്ചിലകളും വളമായി ചേർക്കും. എല്ലിൻ സൂപ്പ്, മത്തി സൂപ്പ് തുടങ്ങിയവയും ചെടിക്ക് നൽകും. എസ്റ്റേറ്റിൽ ആറ് വെച്ചൂർ പശുക്കളെ ഇതിനായി മാത്രം വളർത്തുന്നുണ്ട്. കിടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അസുഖവും ഇപ്പോൾ തങ്ങൾക്കില്ലെന്ന് തൊഴിലാളികളും പറയുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.