വേനൽമഴയിൽ വലഞ്ഞ് നെൽകർഷകർ, ഒപ്പം മില്ലുകളുടെ ഇരട്ടത്താപ്പും
text_fieldsകണ്ണീർച്ചാൽ....
കൊയ്ത്തുകഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സംഭരിക്കാതെ കാരാപ്പുഴ പതിനാറിൽചിറ പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്. സമീപത്ത് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ ചാലുകീറുന്ന കർഷക
കോട്ടയം: വേനല്‍ മഴ ആരംഭിച്ചതോടെ കർഷകരെ സമ്മർദത്തിലാക്കി മില്ലുകളുടെ നെല്ല് സംഭരണം. ഒരു മണി നെല്ല് പോലും കിഴിവ് നല്‍കില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്ന സ്ഥലങ്ങളിൽപോലും വലിയതോതിൽ കിഴിവ് നൽകിയാണ് ഇപ്പോൾ സംഭരണം നടക്കുന്നത്. തിരുവാര്‍പ്പ് ജെ ബ്ലോക്കിലെ നെല്ല് രണ്ടു കിലോ കിഴിവോടെ സംഭരിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയതാണ് മില്ലുകാര്‍ക്ക് തുണയായത്. ഇതിന് പിന്നാലെ വേനൽമഴയും എത്തിയതോടെ തോന്നുംപടി കിഴിവ് ആവശ്യപ്പെട്ടാണ് നെല്ല് എടുക്കുന്നത്.
തിരുവാര്‍പ്പ് പഞ്ചായത്തിലെ നൂറിലേറെ ഏക്കര്‍ വിസ്തീര്‍ണമുള്ള മാടേക്കാട് പാടശേഖരത്തിലെ നെല്ല് സംഭരണം നിലച്ചിട്ട് 34 ദിവസമായി. പകുതിയിലേറെ സംഭരിച്ച ശേഷം മില്ലുകാര്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഉള്‍പ്രദേശത്തുള്ള പാടത്തുനിന്ന് കര്‍ഷകര്‍ സ്വന്തം ചെലവില്‍ വള്ളത്തില്‍ നെല്ല് കരക്കെത്തിച്ച് നല്‍കുകയായിരുന്നു.
എന്നാല്‍, ആറ് ലോഡ് അവശേഷിക്കേ മില്ലുകാര്‍ മുങ്ങി. കര്‍ഷകര്‍ പാഡി ഓഫിസറെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ചെങ്ങളം മിഷ്യന് പാടത്ത് മൂന്നാഴ്ചയിലേറെയായി പാടത്തുകിടന്ന നെല്ല്, കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ സംഭരിക്കാന്‍ മില്ലുകാര്‍ എത്തിയെങ്കിലും നാലുകിലോ കിഴിവ് ആവശ്യപ്പെട്ടു. ഇതിന് കർഷകർ സമ്മതിച്ചതോടെയാണ് സംഭരണം ആരംഭിക്കാൻ ഇവർ തയാറായത്.
അയ്മനം, ആര്പ്പൂക്കരം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളുടെ ഉള്‍പ്രദേശങ്ങളിലെ മിക്ക പാടശേഖരങ്ങളിലും സംഭരണത്തിന് മില്ലുകാര്‍ ഇടങ്കോലിടുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും സംഭരണം ഇഴയുകയാണ്. വേനല്‍ മഴ എത്തിയതോടെ, നെല്ല് കിളിര്ക്കാതെയും നനയാതെയും സൂക്ഷിക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. ഓരോ ദിവസവും നെല്ക്കൂനങ്ങള് ഇളക്കിയിട്ടില്ലെങ്കില് കിളിര്‍ത്തു തുടങ്ങും. ഇത്തരത്തില്‍ നെല്ല് ഇളക്കാനും ഉണങ്ങാതെ മൂടാന്‍ പ്ലാസ്റ്റിക് ഷീറ്റ് വാടകക്ക് എടുക്കാനും വാങ്ങാനുമൊക്കെ വന്‍ പണച്ചെലവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ, മില്ലുകാര്‍ പറയുന്ന കിഴിവിന് നെല്ല് നല്കാന് കര്‍ഷകര്‍ നിര്ബന്ധിതരാകുകയുമാണ്.
ആശങ്കയായി വേനൽ മഴ
കുമരകം: നെല്ല് സംഭരണം താളംതെറ്റിയതിനിടെ, കർഷകർക്ക് ഇടിത്തീയായി വേനൽമഴ. കുമരകത്തെ പാടശേഖരങ്ങളില്‍ കൊയ്തുകൂട്ടിയിട്ടിരിക്കുന്ന നെല്ലിന് അടിയില്‍ വെള്ളം കയറിയതായി കർഷകർ പറയുന്നു. മഴതുടർന്നാൽ അധ്വാനം മുഴുവനും കണ്ണീരിലാകും.
കാറ്റിലും മഴയിലും പലയിടങ്ങളിലും വൈദ്യുതി തകരാറിലായതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയാനും കർഷകർക്ക് കഴിയുന്നില്ല.ചില പാടങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ട്. കാഞ്ഞിരം മലരിക്കല്‍ ജെ ബ്ലോക്ക് പാടശേഖരത്തില്‍ കനത്തമഴയില്‍ നെല്ല് വീണുപോയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.