നെല്ല് സംഭരണം: കർഷകർക്ക് ലഭിക്കാനുള്ളത് 1.97 കോടി
text_fieldsകോട്ടയം: സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കർഷകരുടെ കാത്തിരിപ്പ് നീളുന്നു. ഓണക്കാലത്തും തങ്ങൾ പട്ടിണിയിലാകുമോ എന്ന ആശങ്കയിലാണു കർഷകർ. ഈ മാസമാദ്യം പെയ്ത തീവ്രമഴയിൽ കൃഷി നശിച്ചതിന്റെ ആഘാതത്തിലാണ് ജില്ലയിലെ ഭൂരിഭാഗം കർഷകരും.പടിഞ്ഞാറൻ മേഖലയിലെ ഒട്ടുമിക്ക പാടങ്ങളും ഏറെ നാൾ വെള്ളത്തിലായിരുന്നു. അതിനിടെയാണ് സംഭരിച്ച നെല്ലിന്റെ വില കിട്ടാത്ത അവസ്ഥ. മഴ വീണ്ടും ശക്തമായതും കർഷകരെ ഭീതിയിലാക്കുന്നുണ്ട്.
ജില്ലയിലെ 330 കർഷകർക്കായി ഇനി നൽകാനുള്ളത് 1.97 കോടി രൂപയാണ്. മേയ് 15 നുശേഷമുള്ള തുകയാണിത്. അതുവരെയുള്ളത് കൊടുത്തുതീർത്തിരുന്നു. മാർച്ച്, മേയ് മാസങ്ങളിലായി കർഷകർക്ക് കുടിശ്ശിക നൽകിയിരുന്നു. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 12,602 കർഷകരിൽനിന്ന് 46,769 മെട്രിക് ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്. ഇതിന്റെ തുകയായി 132.44 കോടി നൽകേണ്ടിയിരുന്നു. ഇതിൽ 130.97 കോടി രൂപ നൽകി.
കർഷകർ പല തവണ പാഡി ഓഫിസിൽ പ്രതിഷേധവും ഉപരോധവുമായി കയറിയിറങ്ങിയെങ്കിലും നടപടിയായിട്ടില്ല. ഉടൻ നൽകാമെന്ന മറുപടി മാത്രമാണ് അധികൃതർ നൽകുന്നത്. സർക്കാർ തലത്തിലെ ഇടപെടലുകളായതിനാൽ തുക എന്നു നൽകുമെന്നു പറയാനും പാഡി ഓഫിസ് അധികൃതർക്കാകുന്നില്ല.
ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 400 കോടി വായ്പയെടുത്ത് തുക നൽകാനാണ് സർക്കാറിന്റെ ശ്രമം. ഇത് അനുവദിച്ചതായും രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്നും കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അറിയിച്ചിരുന്നു.എന്നാൽ പലതവണ ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ ലഭിച്ചതിനാൽ കർഷകർക്ക് പ്രതീക്ഷയില്ല. പലിശക്ക് വായ്പയെടുത്തും സ്വർണം പണയം വെച്ചുമൊക്കെയാണ് ഓരോ തവണയും കൃഷി ഇറക്കുന്നത്.
രോഗബാധയും വെള്ളപ്പൊക്കവും വലിയ തോതിൽ കൃഷിക്ക് നാശനഷ്ടം വരുത്തുന്നുണ്ട്. സംഭരണസമയത്ത് കിഴിവിന്റെ പേരിലും നഷ്ടം സഹിക്കണം. ഇതിനെല്ലാം പുറമെയാണ് യഥാസമയം വില കിട്ടാത്തതും. ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.