മാലിന്യം തള്ളൽ കേന്ദ്രമായി നെല്ലുസംഭരണ ഗോഡൗൺ
text_fieldsകോട്ടയം: സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറാനുള്ള പ്രവർത്തനം നടന്നുവരവെ മാലിന്യക്കൂമ്പാരമായി തിരുവാർപ്പിലെ നെല്ല് സംഭരണത്തിനായി നിർമിച്ച ഗോഡൗണും പരിസരവും.
18 വാർഡുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം നെല്ലുസംഭരണ ഗോഡൗണിലാണ് തള്ളുന്നത്. ഇവിടെവെച്ചാണ് ഹരിത കർമസേന പ്രവർത്തകർ തരം തിരിക്കുന്നത്. ഇത് നീക്കം ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പല തരത്തിലുള്ള മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ഇതിന് സമീപം കുടുംബശ്രീയുടെ കെട്ടിടവും നിരവധി വീടുകളുമുണ്ട്. ഇത്തരത്തിൽ കൂടിക്കിടക്കുന്നതിനാൽ, മറ്റ് മാലിന്യവും ഇവിടെ തള്ളുകയാണ് പതിവാണ്. ഹരിതകർമസേനയുടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ കാഞ്ഞിരത്ത് പഞ്ചായത്ത് നേതൃത്വത്തിൽ മെറ്റീരിയൽ കലക്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഈ സെന്റർ ഉണ്ടായിരിക്കെയാണ് തിരുവാർപ്പിലെ നെല്ല് സംഭരണ ഗോഡൗൺ മാലിന്യകേന്ദ്രമായി മാറിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ പാടശേഖരങ്ങളും നെൽകൃഷിയും നടക്കുന്ന പഞ്ചായത്താണ് തിരുവാർപ്പ്. നെൽകൃഷി സമയങ്ങളിൽ കർഷകർക്ക് ആവശ്യമായ വളവും വിത്തുകളും കൊയ്തെടുക്കുന്ന കർഷകരുടെ നെല്ലും സൂക്ഷിച്ചിരുന്നത് ഈ ഗോഡൗണിലായിരുന്നു. രണ്ടുവർഷം മുമ്പാണ് ഹരിതകർമസേനയുടെ പ്ലാസ്റ്റിക് ശേഖരണം ഇവിടെ ആരംഭിച്ചത്. കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്നത് പ്രദേശവാസികളുടെയും പാടശേഖര സമിതിയുടെയും നിരന്തര ആവശ്യമാണ്.
‘‘പഞ്ചായത്തുകളിലെ എല്ലാ വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഒഴികെയുള്ള ഉപയോഗശൂന്യമായ പാഴ്വസ്തുക്കളാണ് ഇവിടെ ശേഖരിച്ചിരിക്കുന്നത്. പഞ്ചായത്തിൽ സജ്ജീകരിച്ചിരിക്കുന്ന നാലു കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇതുവരെ 12ഓളം ലോഡ് മാലിന്യമാണ് ക്ലീൻ കേരള കമ്പനി പഞ്ചായത്തിൽനിന്ന് ശേഖരിച്ചത്. ഉടൻ അടുത്ത ലോഡ് കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കും’’.
അജയൻ കെ. മേനോൻ
പഞ്ചായത്ത് പ്രസിഡന്റ് (തിരുവാർപ്പ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.