പാലാ ബൈപാസ്; റിവര്‍വ്യൂ ആകാശപാതയിലും തര്‍ക്കം, പണിമുടങ്ങി
text_fieldsപാലാ: പാലാ ബൈപാസിന്റെ ഇരുപ്രവേശന കവാടത്തിലെയും ഏതാനും മീറ്റര്‍ ഭാഗത്തും തുടരുന്ന തടസ്സവും തടസ്സവാദങ്ങളും മൂലം നിർമാണം അനന്തമായി വൈകുന്നു. ബൈപാസില്‍ രണ്ടാംഘട്ടത്തിൽ ആര്.വി ജങ്ഷനിലും സിവില്‍ സ്റ്റേഷന് ഭാഗത്തും ഭൂമി ഏറ്റെടുക്കല്‍ വിലനിര്‍ണയ തര്‍ക്കമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
തര്‍ക്കവിഷയം കോടതി തീര്‍പ്പാക്കുകയും ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമുള്ള തുകയും ഭൂവുടമകള്‍ക്ക് നല്‍കിയിരുന്നു. സിവില്‍ സ്റ്റേഷന് എതിര്‍വശത്ത് ഏറ്റെടുത്ത കെട്ടിടം പൊളിക്കാന്‍ കരാറുകാരനും ജോലിക്കാരും എത്തിയപ്പോള്‍ പൊളിക്കേണ്ട സര്‍ക്കാര്‍ കെട്ടിടത്തില്‍ തുടരുന്ന ഉടമ വെട്ടുകത്തിയുമായി ചാടിവീണിരുന്നു. ഇതേതുടര്‍ന്ന് പൊളിക്കല്‍ മാറ്റിവെച്ചു. വിഷയം കോടതി കയറിയതോടെ നിര്‍മാണം നിലച്ചിരിക്കുകയാണ്. കോഴാ റോഡിലെ ആര്.വി ജങ്ഷനില്‍ ഓടയുടെ ഏറ്റക്കുറച്ചിലാണ് മറ്റൊരു പ്രശ്നം.
രണ്ട് ഭാഗത്തും മണ്ണ് നീക്കി മെറ്റലും പാറപ്പൊടിയും ചേര്‍ന്ന വെറ്റ്മിക്സ് മിശ്രിതം നിരത്തിയ അവസ്ഥയിലാണ് പണി മുടങ്ങിയിരിക്കുന്നത്. ഇതിൽ സമീപത്തെ വ്യാപാരികളും പ്രതിഷേധത്തിലാണ്. റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ആകാശപാതയുടെ അവസാന ഘട്ട പണിയിലേക്ക് എത്തിയപ്പോഴാണ് പുതിയതര്ക്കം ഉടലെടുത്തിരിക്കുന്നത്. വ്യക്തിയുടെ ഭൂമി ആകാശപാതയുടെ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഒരു തര്‍ക്കവും ഇല്ലാതെ അഞ്ചു വര്‍ഷമായി നടക്കുന്ന നിര്‍മാണമാണ് പുതിയ തര്‍ക്കത്തെ തുടര്‍ന്ന് നിലച്ചത്. അനുകൂല കാലവസ്ഥയില്‍ നിര്‍മാണ തടസ്സങ്ങള്‍ ഇല്ലാതെ പണിപൂര്ത്തിയാക്കാവുന്ന സാഹചര്യമായിരുന്നു. തര്‍ക്കവിഷയത്തില്‍ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കില്‍ പാലാക്കാരുടെ ആകാശയാത്ര മോഹം വീണ്ടും വൈകും. നവംബര്‍ 30നകം പാരലല്‍ റോഡിലെയും റിവര്‍വ്യൂ റോഡിലെയും ടാറിങ്ങും പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഇതും നടപ്പായില്ല.
പാലാ ജൂബിലിക്ക് മുന്നോടിയായി തകൃതിയായി കുഴിയടക്കല്‍ നടത്തിയെങ്കിലും റിവര്‍വ്യൂ റോഡില്‍ വലിയപാലത്തിന് അടിയിലും ളാലംപാലം ജങ്ഷനിലും ടൗണ്‍ സ്റ്റാന്‍ഡ് ലിങ്ക് റോഡിലും ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കളരിയാമ്മാക്കല് പാലം ഉള്‍പ്പെടെ തീയതികള്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.