സുഹൃത്തിെൻറ അമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ; ലക്ഷ്യം പണം സമ്പാദിക്കലെന്ന് പൊലീസ്
text_fieldsകോട്ടയം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പണം വാങ്ങി പലരുമായും പങ്കുവെച്ച പാലാ, വള്ളിച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ. വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ വർക്കിയുടെ മകൻ ജെയ്മോൻ (20) ആണ് പാലാ പൊലീസിെൻറ പിടിയിലായത്. സുഹൃത്തിെൻറ മാതാവിെൻറ ചിത്രങ്ങൾ അവരറിയാതെ കാമറയിലും മൊബൈൽ ഫോണിലും പകർത്തിയ ജെയ്മോൻ ശേഷം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
പണം സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ പറഞ്ഞു. ടെലഗ്രാം, ഷെയർ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ ഈ സ്ത്രീയുടെ പേരിൽ അവരുടെ യഥാർത്ഥ ചിത്രങ്ങൾ ചേർത്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുകയായിരുന്നു ഇയാൾ ആദ്യം ചെയ്തത്. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകൾ ആകൃഷ്ടരാകുമ്പോൾ സെക്സ് ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
ചാറ്റിൽ വീണ പലരും സ്ത്രീയാണെന്ന വിചാരത്തിൽ നഗ്നഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പല ആളുകളും ഇയാളുടെ വാക്ചാതുരിയിൽ വീഴുകയും, അങ്ങനെയുള്ളവർക്ക് ഇയാളുടെ ഗൂഗിൾ പേ അക്കൗണ്ട് അയച്ച് നൽകി അതുവഴി പണം വാങ്ങിയ ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു നൽകി. ഇങ്ങനെ ഇയാൾ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിക്കുകയും ചെയ്തു.
കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാൾ ഈ പണം വിനിയോഗിച്ചത്. സ്ത്രീയുടെ ഭർത്താവിെൻറ പരാതിപ്രകാരം 2020 സെപ്റ്റംബർ 18ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രതി ഒരു വർഷമായി പൊലീസിെൻറ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ പ്രതി പിതാവിെൻറയും സഹോദരെൻറയും സഹായത്തോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും പോലീസ് ഉന്നത അധികാരികൾക്കും മറ്റും വ്യാജ പരാതികൾ നൽകുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിൽ ഇയാൾ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച്ച പാലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി തോംസണ് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എസ്. ഐ. അഭിലാഷ് എം.ഡിയുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഷാജിമോൻ എ.ടി, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ സി.പി. ഓമാരായ ജയകുമാർ സി.ജി, രഞ്ജിത് സി, ജോഷി മാത്യു എന്നിവർ ചേർന്നാണ് ചങ്ങനാശ്ശേരി തെങ്ങണയിലുള്ള ബന്ധുവീട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. ഇയാളെ പാലാ കോടതിയിൽ ഹാജരാക്കുകയും കോടതിയുത്തരവിൻ പ്രകാരം റിമാൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.