പാലായിൽ സാമൂഹികവിരുദ്ധരും മോഷ്ടാക്കളും വിലസുന്നു
text_fieldsപാലാ: സാമൂഹികവിരുദ്ധരും മോഷ്ടാക്കളും നഗരത്തിൽ വിലസുന്നതായി പരാതി. ടൗൺ ബസ്സ്റ്റാൻഡിലും റിവർവ്യു റോഡിലും കുരിശുപള്ളി ഭാഗത്തും പകൽ സമയത്ത് പോലും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച അർധരാത്രിയുടെ പാലാ ടൗൺഹാളിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ബിജി ജോജോ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി മോഷണശ്രമം സംബന്ധിച്ച വിവരങ്ങൾ പൊലീസിൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അർധരാത്രി ളാലം ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ആയുധങ്ങളുമായി രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ലഹരിയിലായിരുന്ന ഇരുവരെയും നാട്ടുകാർ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായി മറുപടി നൽകി. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പരിശോധനയിൽ ഇരുവരുടെയും കയ്യിൽ നിന്ന് കത്തിയും കമ്പിയും കണ്ടെത്തി. ടി.ബി റോഡ്, ബസ് സ്റ്റാൻഡ്, പെട്ടി ഓട്ടോ സ്റ്റാൻഡ്, ഓപ്പൺ സ്റ്റേജ്, കുരിശുപള്ളിയുടെ പിൻഭാഗം എന്നിവിടങ്ങൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളാണ്. പൊലീസ് രാത്രി പരിശോധന കൂടുതൽ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.