ബൈപാസ് പൂർത്തീകരണത്തിലേക്ക്; കെട്ടിടങ്ങൾ പൊളിച്ചുനീക്കി തുടങ്ങി
text_fieldsപാലാ: കാത്തിരിപ്പിനൊടുവിൽ പാലാ ബൈപാസ് നിർമാണം പൂർത്തീകരണത്തിലേക്ക്. അവശേഷിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി തുടങ്ങി. ഒപ്പം മണ്ണ് നീക്കാനുള്ള നടപടികളും ആരംഭിച്ചു. ളാലം പള്ളി മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുടക്കമിട്ടത്. പാലാ ബൈപാസ് നേരത്തേ തുറന്നുനൽകിയിരുന്നെങ്കിലും ളാലംപള്ളി ജങ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്ത് നേരത്തേ നിശ്ചയിച്ച വീതിയിൽ നിർമാണം നടത്താൻ സാധിച്ചിരുന്നില്ല.
സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സ്ഥലമേറ്റെടുക്കൽ മുടങ്ങുകയും ഈ ഭാഗത്തെ വീതികൂട്ടൽ മുടങ്ങുകയുമായിരുന്നു. ഈ ഭാഗത്ത് വീതികൂട്ടൽ നടപടിക്കാണ് തുടക്കമാകുന്നത്. മാണി സി.കാപ്പൻ എം.എൽ.എ ഇടപെട്ടാണ് തടസ്സങ്ങൾ നീക്കിയത്. ഇതിെൻറ ഭാഗമായി 2019 ഡിസംബർ 19ന് കലക്ടറുടെ ചേംബറിൽ മാണി സി.കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നിരുന്നു. ഇതിെൻറ തുടർച്ചയായി സബ് രജിസ്ട്രാർ ഓഫിസുമായി ബന്ധപ്പെട്ട് വില നിർണയ നടപടി പൂർത്തിയാക്കി. പിന്നീട് റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണയവും പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വിലനിർണയവും പൂർത്തിയാക്കി.
നഷ്ടപരിഹാരമായി 10 കോടി 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പിന്നീട് ഏറെ തടസ്സങ്ങൾ ഉണ്ടായെങ്കിലും അവസാനം സ്ഥലമുടമകൾ നഷ്ടപരിഹാരം സ്വീകരിക്കുന്നതായി കാണിച്ച് നോട്ടീസ് കൈപ്പറ്റുകയും ആവശ്യമായ രേഖകൾ ഫെബ്രുവരി ആദ്യവാരം സ്പെഷൽ തഹസിൽദാർ ഓഫിസിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.