അധികൃതർക്ക് അനാസ്ഥ; പാലാ റിവർവ്യൂറോഡ് നിർമാണത്തിന് ഒച്ചിഴയും വേഗം
text_fieldsപാലാ: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ റോഡ് നിർമാണത്തിന് ഒച്ചിഴയുന്ന വേഗം മാത്രം. മീനച്ചിലാറിന്റെ തീരത്തുകൂടി ജനറലാശുപത്രി ജങ്ഷൻ മുതൽ കൊട്ടാരമറ്റം വരെ നിരവധി തൂണുകളിൽ പാലമായി തീർക്കുന്ന റോഡിന്റെ നിർമാണപ്രവൃത്തികളാണ് വൈകുന്നത്. ആറു വർഷം മുമ്പ് നിർമാണോദ്ഘാടനം നടക്കുകയും പിന്നീട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പണി ആരംഭിക്കുകയും ചെയ്തതാണ് പദ്ധതി. മീനച്ചിലാറിന്റെ തീരത്ത് ഒരുകിലോമീറ്റർ ദൂരമുള്ള വലിയ പാലമാണ് പണിതീർക്കുന്നത്. പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായെങ്കിലും കൊട്ടാരമറ്റത്തും ജനറലാശുപത്രി ജംങ്ഷന് സമീപത്തും അനുബന്ധ റോഡുകൾ പണിയുന്നതിന് ഇനിയും പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. നിലവിലുള്ള റിവർവ്യൂറോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടുക ലക്ഷ്യമിട്ടാണ് പദ്ധതി.
ഇതിനിടെ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം ആശുപത്രി ജങ്ഷൻ ഭാഗത്ത് കോമളം ഹോട്ടൽ ഉടമ തങ്ങളുടെ സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലം റോഡിനായി അനധികൃതമായി കയ്യേറിയാണ് പാലം നിർമിക്കുന്നതെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു. സ്ഥലമേറ്റെടുപ്പിലെയോ, ആധാരം ചെയ്തതിലെയോ പാകപ്പിഴയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇത് രമ്യതയിൽ പരിഹരിക്കാത്ത ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലം ഹോട്ടൽ ഉടമ കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി ഉത്തരവ് ലഭിക്കുന്നത് വരെ ഈ ഭാഗത്ത് നിർമാണം നിലക്കുന്ന സാഹചര്യവും ഉണ്ടായി. ഇതും പദ്ധതിയുടെ കാലതാമസത്തിന് ഇടയാക്കി.
പാലാ വലിയപാലത്തിന് സമീപം തൂണുകളിൽ തീർക്കുന്ന പാലത്തിന്റെ അവസാനഘട്ട നിർമാണപ്രവൃത്തികൾ അനിശ്ചിതാവസ്ഥയിലാണ്. നിലവിലെ റിവർവ്യൂ റോഡും പുതിയ പാലവും ചേരുന്നിടത്ത് സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ സാഹചര്യമാണ്. നിർമാണപ്രവർത്തിയിൽ കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്ററോളം നീളത്തിൽ അനുബന്ധ റോഡ് പണിതീർക്കേണ്ടതുണ്ട്. തൂണുകളിൽ പാലമായി പണിതീർത്ത ഭാഗത്തും നിർമാണ പ്രവർത്തികൾ ഇനിയും നടക്കാനുണ്ട്. നടപ്പാതയുടെയും കൈവരിയുടെയും നിർമാണം ഏറെക്കുറെ പൂർത്തിയായി.
പൂർത്തിയായാൽ നഗരത്തിലെ ഗതാഗതത്തിരക്ക് കുറഞ്ഞേക്കും
പാലാ ടൗണിൽ മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവർവ്യൂ റോഡ് കൊട്ടാരമറ്റം വരെ നീട്ടുന്നതിനാണ് പദ്ധതി. പാലാ-ഏറ്റുമാനൂർ റോഡിന് സമാന്തരമായാണ് റിവർവ്യൂ റോഡ്. ളാലം ജങ്ഷൻ മുതൽ ജനറലാശുപത്രി ജങ്ഷൻ വരെയാണ് നിലവിൽ റോഡുള്ളത്. ഇവിടെ മുതൽ കൊട്ടാരമറ്റം വരെ റോഡ് ദീർഘിപ്പിക്കുന്നതോടെ പാലാ ടൗണിൽ പൂർണമായും ഒരു സമാന്തരപാതയുണ്ടാകും. മീനച്ചിലാറിന്റെ തീരത്തുകൂടി 150ൽപരം തൂണുകൾ തീർത്താണ് പാലം.12 മീറ്റർ വീതിയുള്ള റോഡിൽ രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുണ്ടായിരിക്കും. നടപ്പാത ആറ്റിലേക്ക് തള്ളി നിൽക്കും. കൊട്ടാരമറ്റത്ത് 100 അടി വീതിയിൽ പ്രവേശന കവാടവുമുണ്ടായിരിക്കും. റിവർവ്യൂ റോഡ് പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ ഗതാഗതത്തിരക്ക് പൂർണമായും നിയന്ത്രിക്കാനാകും.
നഗരത്തിനുള്ളിൽ പ്രവേശിക്കാതെ തന്നെ വാഹനങ്ങൾക്ക് ളാലം ജങ്ഷനിൽ നിന്ന് കൊട്ടാരമറ്റത്തെത്താം.
ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന കൊട്ടാരമറ്റം മുതൽ ആശുപത്രി ജങ്ഷൻ വരെയുള്ള ഭാഗത്ത് പൂർണ്ണമായും വൺവേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തിവിടാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.