അന്തേവാസി കേന്ദ്രത്തിലെ കോവിഡ് വ്യാപനം ഗുരുതരം
text_fieldsപാലാ: പാലായില്‍ മരിയസദൻ അന്തേവാസി കേന്ദ്രത്തില്‍ കോവിഡ് വ്യാപനം ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളായ രണ്ടുപേര്‍ കൂടി മരിച്ചതോടെയാണ് സ്ഥിതി അതീവ ഗുരുതരമായത്. കൊടുങ്ങല്ലൂര്‍ സ്വദേശി രാജീവ് (54), മേലുകാവ് സ്വദേശി ഗിരീഷ് (52) എന്നിവരാണ് മരിച്ചത്.
കേന്ദ്രത്തിലെ അന്തേവാസികളും ശുശ്രൂഷകരും സഹായികളുമായ 350 പേര്‍ക്കാണ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റിവായത്. 415 ഓളം പേര്‍ താമസിക്കുന്ന ഇവിടെ 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്നതായി പാല ഗവ. ആശുപത്രിയില്‍ ചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിലയിരുത്തി.
ഇവിടെ 95ശതമാനം പേരും പ്രായമായവരും ഹൃദ്രോഗം ഉള്‍പ്പെെട അസുഖം ഉള്ളവരുമാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പാലാ ജനറല്‍ ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ ടീമിനെ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ മരണങ്ങള്‍ ഉണ്ടാവാതിരിക്കാനും രോഗം മറ്റുള്ളവര്‍ക്ക് പടരാതിരിക്കുന്നതിനുമുള്ള അടിയന്തര നടപടി സ്വീകരിച്ചതായി ആർ.എം.ഒ ഡോ. സോളി യോഗത്തില്‍ അറിയിച്ചു.
ആളുകള്‍ മുറികളില്‍ തിങ്ങിത്താമസിക്കുന്നതും പൊതു ശൗചാലയം ഉപയോഗിക്കുന്നതും രോഗ വ്യാപനത്തിന് കാരണമായി. രോഗികളെ അടിയന്തരമായി ആശുപത്രികളിലേക്ക് മാറ്റി അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ജോസ് കെ.മാണി എം.പിയും യോഗത്തില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.എല്ലാ ദിവസവും ഡോക്ടര്‍മാര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തുന്നതായി ആശുപത്രി സൂപ്രണ്ട്അറിയിച്ചു.
അടിയന്തര ഘട്ടത്തിലേക്കായി ആംബുലന്‍സ് ഉള്‍പ്പെെട സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ നടക്കുന്ന നിർമാണ പ്രവത്തനങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ചു വാര്‍ഡ് രോഗികള്‍ക്ക് സജ്ജമാക്കാനും നിര്‍ദേശം നല്‍കി.
മീനച്ചില്‍ തഹസില്‍ദാര്‍ അഷറഫ് അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ആേൻറാ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പില്‍, സെക്രട്ടറി മുഹമ്മദ് ഹുബൈദ്, സി.ഐ അനൂപ് ജോസ്, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ല ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
എം.എൽ.എ സ്ഥിതിഗതികൾ വിലയിരുത്തി
പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മാണി സി.കാപ്പൻ എം.എൽ.എ സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് രൂക്ഷമായ മരിയസദനത്തിൽ ആവശ്യമായ ചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്നു എം.എൽ.എ ആവശ്യപ്പെട്ടു.
മരിയസദനത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറാറായി പരിഗണിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മാണി സി.കാപ്പൻ നിർദേശം നൽകി. കോവിഡ് പകരുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ എം.എൽ.എ ജനങ്ങളോട് അഭ്യർഥിച്ചു. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും കർശനമായി പാലിക്കണം. രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാൻ ജനങ്ങൾ തയാറാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.