സഹകരണ തട്ടിപ്പ് പാലാ മേഖലയിൽ നഷ്ടപ്പെട്ടത് കോടികൾ
text_fieldsപാലാ: തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ചർച്ചയാകുമ്പോൾ മീനച്ചിൽ താലൂക്കിലെ നിരവധി സഹകരണ ബാങ്കുകളിൽ നടന്ന കോടികളുടെ തട്ടിപ്പിനെ തുടർന്ന് പണം തിരികെ ലഭിക്കാത്ത നിക്ഷേപകർ ഇപ്പോഴും ആശങ്കയിലാണ്.മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ, മൂന്നിലവ് ബാങ്കുകളിലും പാലാ മാർക്കറ്റിങ്ങിലും മീനച്ചിൽ റബർ സൊസൈറ്റിയിലെയും നിക്ഷേപകർക്കാണ് കോടികൾ നഷ്ടമായത്. പരാതികളിൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയുമില്ലെന്ന് നിക്ഷേപകർ പറയുന്നു. സംഘങ്ങളുടെ തകർച്ചക്ക് കാരണമായി പ്രവർത്തിച്ചു എന്ന് സംശയിക്കുന്നവർ ഇന്നും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്.
വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപകർ സ്വരുക്കൂട്ടിയ പണമാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത്. ആവശ്യ സമയത്ത് പിൻവലിക്കാമെന്ന് വിചാരിച്ച് എത്തിയപ്പോഴാണ് ഇനി തിരികെ ലഭിക്കില്ലെന്ന് അറിയുന്നത്. പണവിനിയോഗം സംബന്ധിച്ച ചട്ടങ്ങൾ മറികടന്നും കെടുകാര്യസ്ഥതയും ക്രമക്കേടുകളും ധൂർത്തും അഴിമതിയും എല്ലാം ചേർന്നാണ് ഓരോ സംഘവും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
തുടക്കത്തിൽ സംരക്ഷകരായി എത്തിയ രാഷ്ട്രീയക്കാർ ആരും ഇന്ന് ഒന്നും പറയുന്നില്ല. പാലാ മാർക്കറ്റിങ്ങിലും മീനച്ചിൽ റബർ സൊസൈറ്റിയിലും ഭരണസമിതി അംഗങ്ങളെ സർക്കാർ സർചാർജ് ചെയ്തിരുന്നുവെങ്കിലും ഒരു രൂപ പോലും ഇവരിൽനിന്ന് വസൂലാക്കുവാൻ ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. നിക്ഷേപത്തിന് ആനുപാതികമായി കരുതൽ ധനം സൂക്ഷിക്കുകയോ നിക്ഷേപ ഗാരൻറി ബോർഡ് അനുകൂല്യ വ്യവസ്ഥകൾ പാലിക്കുകയോ പോലും പലസ്ഥാപനങ്ങളും ചെയ്തിട്ടില്ല. ഇതാണ് നിക്ഷേപകർക്ക് വിനയായത്.
ഇവയെല്ലാം പരിശോധിക്കുന്ന സഹകരണ ഓഡിറ്റ് വിഭാഗത്തിെൻറ നോട്ടക്കുറവാണ് ക്രമക്കേടുകൾക്ക് ആഴംകൂട്ടി. മിക്ക സംഘങ്ങളിൽ സ്ഥിരം ഓഡിറ്റർമാർ ഉണ്ടുതാനും. പരിശോധകനും ഭരണസമിതിക്കാരും ഒരേ രാഷ്ട്രീയ ചായ് വിലാണെങ്കിലും വീഴ്ചകളും ക്രമക്കേടുകളും കാലങ്ങളോളം മൂടിവെക്കപ്പെടും. പല സംഘങ്ങളുടെയും ഭരണസമിതി അംഗങ്ങൾ പോലും കോടികൾ വായ്പ തരപ്പെടുത്തിയിട്ടുണ്ട്.
ഈട്തുക കുറവായ വസ്തുവാണ് ബാങ്കിന് പണയപ്പെടുത്തി വൻ തുക കൈക്കലാക്കിയത്. ഈട് വസ്തു വിറ്റാൽ വായ്പയുടെ നാലിൽ ഒന്നുപോലും ഈടാക്കുവാൻ കഴിയില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം കോടികളുടെ കിട്ടാക്കടമാണ് ഓരോ ബാങ്കിനുമുള്ളത്. കാലങ്ങളോളം ഒരേ ആളുകൾ തന്നെ ഭരണം നടത്തുന്നതാണ് ക്രമക്കേടുകൾ മൂടിവെക്കുവാൻ കാരണമാകുന്നത്.
രാഷ്ട്രീയ സംരക്ഷണമാണ് ഈ തട്ടിപ്പിനെല്ലാം തുണയാകുന്നത് എന്നതാണ് സത്യം. വഞ്ചി തരാകുന്നത് നിക്ഷേപകരും. നിക്ഷേപിച്ച പണം എന്ന് തിരികെ ലഭിക്കുമെന്നതിന് ഉത്തരം പറയുവാൻ അധികൃതർ ആരും ഇപ്പോൾ തയാറാവുന്നില്ല.
വിരമിച്ച ജീവനക്കാരന് പുനർനിയമനം നൽകുന്നതിൽ തർക്കം
പാലാ: അഴിമതിയിൽ മുങ്ങിക്കുളിച്ച് തകർന്ന മീനച്ചിൽ റബർ സൊസൈറ്റിയിൽനിന്ന് വിരമിച്ച ജീവനക്കാരന് പുനർ നിയമനം നൽകണമെന്ന കാര്യത്തിൽ എൽ.ഡി.എഫ് രണ്ട് തട്ടിൽ. ഏതാനും മാസം മുമ്പ് വിരമിച്ച ജീവനക്കാരനെ വീണ്ടും നിയമിക്കണമെന്നതായിരുന്നു ഒരു വിഭാഗത്തിെൻറ ആവശ്യം:
ആരോപണ വിധേയനും പിരിച്ചുവിടപ്പെട്ട ഭരണ സമിതിയുടെ വിശ്വസ്തനും ഭരണവിരുദ്ധ സംഘടനയുടെ ഭാരവാഹിയുമായ മുൻ ജീവനക്കാരന് പുനർ നിയമനം നൽകുന്നതിൽ സംഘത്തിലെ മറ്റൊരു എൽ.ഡി.എഫ് അംഗം ശക്തമായ എതിർ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് പുനർ നിയമനനീക്കം പാളി. ആറ് വർഷമായി ജീവനക്കാർക്ക് ഇവിടെ ശബളം ഇല്ലായിരുന്നു. കഴിഞ്ഞ ഏതാനും മാസമായി 5000 രൂപ അലവൻസായി നൽകുന്നുണ്ട്. വണ്ടിക്കൂലിക്കുപോലും ഈ തുക തികയിെല്ലന്നിരിക്കവെ ഇത്രയും തുച്ചമായ അലവൻസിൽ പുനർ നിയമനത്തിന് സന്നദ്ധനായ ജീവനക്കാരെൻറ താൽപര്യത്തെ അംഗം ചോദ്യംചെയ്തു.
മുൻ സർക്കാറിെൻറ കാലത്തും വിരമിച്ച എതിർ സംഘടന സംസ്ഥാന നേതാവിനെ പുനർനിയമിച്ചതാണ് സൊസൈറ്റിയെ ഇന്നത്തെ വൻപ്രതിസന്ധിയിലാക്കിയതെന്ന് എൽ.ഡി.എഫ് അംഗം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി ജീവനക്കാർ ഇവിടെ ഉള്ളപ്പോൾ വിരമിച്ച ജീവനക്കാരനെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിനെതിരെ തുറന്ന നിലപാടിൽ എൽ.ഡി.എഫ് അംഗം ഉറച്ചുനിന്നതോടെ നിയമനനീക്കം മരവിപ്പിച്ചു. വിരമിച്ച ജീവനക്കാരെ പുനർ നിയമിക്കരുതെന്ന് സഹകരണ സംഘം രജിസ്ട്രാരുടെ ഉത്തരവ് നിലനിൽക്കവെയായിരുന്നു മാനേജിങ് ഡയറക്ടറുടെ ചുമതലയിൽ പുനർനിയമനനീക്കം. ദീർഘകാല അവധി എടുത്തിരുന്ന ഒരു ജീവനക്കാരന് മാനേജിങ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകുവാനാണ് ഇപ്പോൾ തീരുമാനിച്ചത്. ഇതിനിടെ വിരമിച്ച മറ്റ് ചില ജീവനക്കാരും പുനർനിയമനം ആവശ്യപ്പെട്ട് അധികൃതര സമീപിച്ചുകഴിഞ്ഞു. വിഷയം മന്ത്രിയുടെ മുന്നിൽ ഉന്നയിക്കുവാനാണ് അവരുടെ തീരുമാനം - വിരമിക്കൽ അനുകൂല്യം ലഭിക്കുംവരെ പുനർനിയമനമാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വിരമിച്ച ജീവനക്കാർക്ക് ലഭിച്ച ഗ്രാറ്റ്വിറ്റി പോലും സൊസൈറ്റി തട്ടിയെടുത്തതായി മുൻ ജീവനക്കാർ ആരോപിച്ചു. തട്ടിയെടുത്ത ആനുകൂല്യം തിരികെ ലഭ്യമാക്കുവാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് പല മുൻ ജീവനക്കാരും. സൊസൈറ്റി ക്രമക്കേടുകൾക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുവാൻ ഒരുവിഭാഗം നിക്ഷേപകരുടെ യോഗവും തീരുമാനിച്ചു. മുൻ ഭരണസമിതിക്കെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി സർചാർജ് തുക ഈടാക്കി നിക്ഷേപകർക്ക് തിരികെ നൽകണമെന്ന് അവർ സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.