പേടിസ്വപ്നമായിട്ടും പരിഹാരം അകലെ
text_fieldsപാലാ: പൂനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ -തൊടുപുഴ റോഡില്‍ ജില്ല അതിര്‍ത്തിയോട് ചേര്‍ന്നുള്ള കുഴിവേലി വളവ് വാഹനയാത്രക്കാരുടെ പേടി സ്വപ്നമായി മാറിയിട്ടും പരിഹാരം അകലെ.
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളിൽ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ 30 അടിയോളം താഴ്ചയിലേക്ക് പതിച്ച് നിരവധിയാളുകള്‍ ദുരന്തത്തിനിരയായിട്ടുണ്ട്.
തൊടുപുഴയില്‍ നിന്നും ജില്ല അതിര്‍ത്തിയായ നെല്ലാപ്പാറ കയറ്റംകയറി കുറിഞ്ഞി ഭാഗത്തേക്കുള്ള ഇറക്കത്തിലാണ് കുഴിവേലി വളവ്. വളവിന്റെ ഭൂപ്രകൃതിയാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്.
ഇതിന് തൊട്ടുമുമ്പുള്ള ചൂരപ്പട്ട വളവ് കഴിഞ്ഞ് വാഹനങ്ങള്‍ കുഴിവേലി വളവിന് തൊട്ടടുത്തെത്തുമ്പോഴാണ് വളവുെണ്ടന്ന് ഡ്രൈവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കുക. വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ വളവുണ്ടെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുവാന്‍ ശ്രമിച്ചാലും ഫലമുണ്ടാകില്ല. ബ്രേക്ക് കിട്ടാതെ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയുകയാണ് പതിവ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനപാത വീതികൂട്ടി നവീകരിച്ചപ്പോള്‍ ഇവിടെ ആവശ്യത്തിന് വീതയെടുത്തില്ലെന്ന പരാതികളുയര്‍ന്നിരുന്നു. റോഡിന് കുറച്ചുകൂടി വീതിയുണ്ടായാല്‍ വളവിന് പരിഹാരമാകുന്നില്ലെങ്കിലും അപകടങ്ങള്‍ക്ക് കുറവുണ്ടാകും. ഇവിടെ റോഡിന്റെ ഒരുവശം താഴ്ചയും മറുവശം കുന്നുമാണ്. കുന്നുള്ളത് സര്‍ക്കാര്‍ ഭൂമിയിലാണ്. പാറപൊട്ടിച്ച് ഇനിയും വീതികൂട്ടാന്‍ തടസ്സങ്ങളൊന്നുമില്ല.
വളവുകള്‍ നിവര്‍ത്താത്തത് മാത്രമല്ല, ശരിയായി സംരക്ഷണഭിത്തി കെട്ടാത്തതും ദിശാസൂചനകള്‍ ദൂരത്തുനിന്ന് ഡ്രൈവര്‍മാര്‍ക്ക് കാണുവാന്‍ സാധിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. വളവിന് മുമ്പ് ഹംപുകള്‍ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ പ്രധാന പാതകളിലൊന്നാണിത്. ഇവിടെ അപകടത്തില്‍പ്പെട്ട് വാഹനങ്ങളിലധികവും മൂന്നാറടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന സഞ്ചാരികളുടേതാണ്.
വളവ് കഴിഞ്ഞ് 400 മീറ്ററോളം ഇറക്കിമിറങ്ങി കഴിഞ്ഞാല്‍ നിരപ്പായ കുറിഞ്ഞി ടൗണിലെത്തും. ചൂരപ്പട്ട വളവിനും കുഴിവേലി വളവിനും മുമ്പായി റോഡില്‍ ഹമ്പുകള്‍ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ കര്‍ശനനടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.