പ്രവാസി വീട്ടമ്മയെ ആക്രമിച്ച സംഭവം: പ്രതികൾക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തു
text_fieldsപാലാ: പ്രവാസി വീട്ടമ്മയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ പാലാ പൊലീസ് തയാറായി. വിവാദമായി നില്‍ക്കകള്ളിയില്ലാതെയാണ് കൂടുതല്‍ വകുപ്പുകള്‍ എഫ്.ഐ.ആറില്‍ ചേര്‍ത്തത്.
തനിക്കെതിരെ കത്തിവീശിയെന്നും കല്ലുകൊണ്ടിടിക്കാന്‍ ശ്രമിച്ചുവെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നെങ്കിലും രേഖപ്പെടുത്താന്‍ ആദ്യം പൊലീസ് തയാറായിരുന്നില്ല. ആദ്യഘട്ടത്തില്‍ 323, 294-ബി വകുപ്പുകള്‍ മാത്രമേ ചേര്‍ത്തിരുന്നുള്ളു. എന്നാല്‍, പാലാ ഡിവൈ.എ.സി.പി സാജു വര്‍ഗീസിെൻറ നിര്‍ദ്ദേശപ്രകാരം വീണ്ടും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി 354, 506 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
അതേസമയം സംഭവം നടന്നിട്ട് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവില്‍പോയെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഇന്നലെയും ഇയാള്‍ ഉള്ളനാട്ടില്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
ഇതിനിടെ വീട്ടമ്മയെ പ്രതി ആക്രമിക്കാന്‍ ശ്രമിക്കുന്നതിെൻറ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ധരിച്ചിരുന്ന ഷര്‍ട്ട് ഊരിയെറിഞ്ഞ ശേഷം വീട്ടമ്മയുടെ കഴുത്തിന് പിടിക്കാന്‍ വരുന്ന ദൃശ്യം വീട്ടമ്മതന്നെയാണ് പകര്‍ത്തിയതെന്ന് പറയുന്നു.
ചിത്രമെടുക്കുന്നത് കണ്ടയുടന്‍ അക്രമി വീട്ടമ്മയുടെ നെഞ്ചിന് ആഞ്ഞിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രഹസ്യാന്വേഷണവിഭാഗ ഉദ്യോഗസ്ഥര്‍ വീട്ടമ്മയുടെ വസതിയിലെത്തി വിശദ മൊഴി രേഖപ്പെടുത്തി. സ്റ്റേഷനില്‍ വീട്ടമ്മ ആദ്യം പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് രസീത് കൊടുത്തിരുന്നില്ല.
രസീതിനായി മൂന്നാം ദിവസവും പാലാ സ്റ്റേഷനിലെത്തിയ വീട്ടമ്മയോടും 10 വയസുകാരി മകളോടും വനിത പൊലീസ് മോശമായി പെരുമാറിയെന്ന് യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഗ്രേഡ് എസ്.ഐ, അന്നത്തെ ജി.ഡി ചാര്‍ജുകാരന്‍, വനിത പൊലീസ് എന്നിവര്‍ക്കെതിരായ പരാമര്‍ശം പൊലീസ് രഹസ്യാന്വേഷണ വിഭാഗ റിപ്പോര്‍ട്ടിലുണ്ട്. നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.