അവസാന ദിവസം പിറന്നത് അഞ്ച് മീറ്റ് റെക്കോഡുകൾ
text_fieldsപാലാ: ആദ്യ രണ്ടുദിനങ്ങളിൽ മൊത്തം മൂന്ന് റെക്കോർഡ് മാത്രമായിരുന്നു പിറന്നതെങ്കിൽ, മഹാത്മാഗാന്ധി സർവകലാശാല അത്ലറ്റിക് മീറ്റിെൻറ അവസാനദിനം പാലാ സ്റ്റേഡിയം സാക്ഷിയായത് അഞ്ച് റെക്കോഡുകൾക്ക്.
20 കിലോമീറ്റർ നടത്തത്തിൽ പുരുഷ, വനിത വിഭാഗങ്ങളിൽ പുതിയ റെക്കോഡ് പിറന്നു. പുരുഷവിഭാഗത്തിൽ കോതമംഗലം എം.എ കോളജിലെ തോമസ് എബ്രഹാം സ്വന്തം റെക്കോഡ് തിരുത്തി. ഒരു മണിക്കൂർ 37 മിനിറ്റ് 27.8 സെക്കൻഡാണ് പുതിയസമയം. 2018ലെ മീറ്റിൽ കുറിച്ച ഒരു മണിക്കൂർ 37 മിനിറ്റ് 55.10 സെക്കൻഡ് എന്ന സമയമാണ് തോമസ് മെച്ചപ്പെടുത്തിയത്.
വനിതകളുടെ വിഭാഗത്തിൽ 20 കിലോമീറ്റർ നടത്തത്തിൽ കോതമംഗലം എം.എ കോളജിലെ കെ. അക്ഷയയാണ് പുതിയ നേട്ടം കുറിച്ചത് (1 മണിക്കൂർ 47 മിനിറ്റ് 42.40 സെക്കൻഡ്). പാലാ അൽഫോൻസ കോളജിലെ ടെസ്ന ജോസഫ് 2019ൽ സ്ഥാപിച്ച െറക്കോഡാണ് (ഒരു മണിക്കൂർ 54 മി. 19.50 സെക്കൻഡ്) അക്ഷയ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്.
പോൾ വാൾട്ടിൽ പാലാ സെൻറ് തോമസ് കോളജിലെ ഗോഡ്വിൻ ഡാമിയനാണ് പുതുചരിത്രമെഴുതിയത്. 4.80 മീറ്റർ മറികടന്നായിരുന്നു ഗോഡ്വിെൻറ റെക്കോഡ് നേട്ടം. 2004ൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജിലെ കെ.പി. ബിമെൻറ പേരിലായിരുന്നു ( 4.76 മീ.) റെക്കോഡ്.
ഹാഫ് മാരത്തൺ പുരുഷ വിഭാഗത്തിൽ കോതമംഗലം എം.എ കോളജിലെ ഷെറിൻ ജോസ് ഒരു മണിക്കൂർ അഞ്ച് മിനിറ്റ് 40 സെക്കൻഡുമായി പുതിയ റെക്കോഡ് സ്ഥാപിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ എം.വൈ. സാബിയുടെ 2004 ലെ റെക്കോഡാണ് തകർത്തത് (ഒരു മണിക്കൂർ ഏഴ് മിനിറ്റ് 21 സെക്കൻഡ്).
ഫീൽഡിലായിരുന്നു മറ്റൊരു റെക്കോഡ്. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ കോതമംഗലം എം.എ കോളജിലെ ആൻഡ്രിക് മൈക്കൽ ഫെർണാണ്ടസാണ് പുതിയ മീറ്റ് റെക്കോഡ് കുറിച്ചത്. 46.26 മീറ്റർ ദൂരത്തേക്കാണ് ആൻഡ്രിക് ഡിസ്കസ് പായിച്ചത്. കോതമംഗലം എം.എ കോളജിലെ തന്നെ ജസ്റ്റിൻ ജോസ് 2009ൽ സ്ഥാപിച്ച 45.96 മീറ്റർ ഇതോടെ പഴങ്കഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.