'രണ്ടില' ആവേശത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും
text_fieldsപാലാ: 'രണ്ടില' ചിഹ്നം ലഭിച്ചതോടെ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥികളും പ്രവർത്തകരും ആവേശത്തിൽ. തട്ടകം മാറിയുള്ള മത്സരത്തിൽ രണ്ടില ഇല്ലാത്തതിൽ കടുത്ത ആശങ്കയിലായിരുന്നു സ്ഥാനാർഥികൾ. ഇത് വോട്ടുകളെ ബാധിക്കുമെന്ന വിലയിരുത്തലിലായിരുന്നു. പരമ്പരാഗത കേരള കോൺഗ്രസ് വോട്ടുകൾ ഒപ്പംനിൽക്കാൻ ചിഹ്നം നിർണായകമാണെന്നും ഇവർ വിലയിരുത്തിയിരുന്നു.
ഇതിനിടെയാണ് കേരള കോണ്‍ഗ്രസിെൻറ ഔദ്യോഗിക ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ െതരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവ് ചോദ്യംചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളിയത്.
നിലവിൽ ചിഹ്നം രേഖപ്പെടുത്താതെയാണ് ബാനറും ബോർഡും പോസ്റ്ററും തയാറാക്കിയിരുന്നത്. കേരള കോൺഗ്രസ് എം സ്ഥാനാർഥികൾക്ക് തിങ്കളാഴ്ച രണ്ടില ചിഹ്നത്തിനുള്ള അനുമതിപത്രം കൈമാറുമെന്ന് പ്രചാരണ വിഭാഗം ചുമതല വഹിക്കുന്ന ജയ്സൺ മാന്തോട്ടം അറിയിച്ചു. നിലവിൽ ടേബിൾ ഫാനും മറ്റു സ്വതന്ത്ര ചിഹ്നങ്ങളും രേഖപ്പെടുത്തി നാമനിർദേശക പത്രിക സമർപ്പിച്ച എല്ലാവർക്കും രണ്ടില ചിഹ്നം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായുള്ള കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറിെൻറ കത്ത് അതത് വരണാധികാരികൾക്ക് സ്ഥാനാർഥികൾ തന്നെ തിങ്കളാഴ്ച കൈമാറും. അംഗീകാരം ഇല്ലാതായതിനാലും പാർട്ടി രജിസ്ട്രേഷൻ പോലും ഇല്ലാത്തതിനാലും ജോസഫ് അനുകൂലികൾ കേരള കോൺഗ്രസ് എം എന്ന് ഉപയോഗിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ താൽക്കാലിക പൊതുചിഹ്നത്തിനുള്ള അവകാശംപോലും ജോസഫിനെ അനുകൂലിക്കുന്നവർക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.