കളഞ്ഞുകിട്ടിയ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും ഉപയോഗിച്ച് കാമറ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
text_fieldsപാലാ (കോട്ടയം): കളഞ്ഞുകിട്ടിയ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും ഉപയോഗിച്ച് പാലാക്കാരായ രണ്ടുപേരുടെ വിലപിടിപ്പുള്ള വിഡിയോ കാമറ വാടകക്കെടുത്ത് തിരിച്ചുനൽകാതെ കബളിപ്പിച്ച കേസിൽ കണ്ണൂർ പയ്യന്നൂർ സ്വദേശി വഴാത്തുരുത്തേൽ ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയിൽ കണ്ണൂരിൽ റോഡിൽനിന്ന് കളഞ്ഞുകിട്ടിയ പാലക്കാട് സ്വദേശിയുടെ ആധാർ കാർഡിെൻറയും ഡ്രൈവിങ് ലൈസൻസിെൻറയും കോപ്പി നൽകി എടുത്ത സിം കാർഡ് ഉപയോഗിച്ച് ജിനേഷ് ഒ.എൽ.എക്സ് പരസ്യം വഴി കാമറ വാടകക്ക് നൽകുന്ന പാലാ സ്വദേശികളെ ബന്ധപ്പെട്ടു.
മാർച്ച് അഞ്ചിന് പാലായിൽ എത്തുമെന്നും പാലക്കാട്ടാണ് വീട് എന്നുമറിയിച്ചു. ഇതുപ്രകാരം പാലായിൽ എത്തിയ ജിനേഷ് കളഞ്ഞു കിട്ടിയ ആധാർ കാർഡിെൻറയും ഡ്രൈവിങ് ലൈസൻസിെൻറയും കോപ്പി നൽകി രണ്ടു ദിവസത്തേക്ക് എന്നുപറഞ്ഞ് കാമറ വാടകക്കെടുത്തു. കാമറ തിരിച്ചുകിട്ടാത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ഡ്ഓഫ് ആയിരുന്നു. തിരിച്ചറിയൽ രേഖയിലെ വിലാസത്തിൽ പാലക്കാട്ട് അന്വേഷിച്ചെത്തി യഥാർഥ ആളെ കണ്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായത്.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രെൻറ മേൽനോട്ടത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പയ്യന്നൂരിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കാമറയും കണ്ടെടുത്തു. പാലാ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുനിൽ തോമസിെൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. ശ്യംകുമാർ കെ.എസ്, എസ്.ഐ തോമസ് സേവ്യർ, എ.എസ്.ഐ പ്രകാശ് ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.