തിരുവോണദിനത്തിൽ പാലായിൽ പട്ടിണിയിരുന്ന് കാപ്പൻ
text_fieldsപാലാ: അധികാരത്തിെൻറ തണലിൽ നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് തിരുവോണദിനത്തിൽ പാലായിൽ മാണി സി.കാപ്പൻ എം.എൽ.എയുടെ ഉണ്ണാവ്രത സത്യഗ്രഹം. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും കേരള കോൺഗ്രസിെൻറ സമ്മർദത്തിന് വഴങ്ങി പൊലീസ് പീഡിപ്പിക്കുന്നുവെന്ന് എം.എൽ.എയുടെ ആരോപണം.
സത്യഗ്രഹം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അനുഭാവികളെയും പ്രവർത്തകരെയും കള്ളക്കേസിൽപ്പെടുത്തി പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികാര രാഷ്ട്രീയത്തെ പാലാ അംഗീകരിക്കുകയില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, ജോയി എബ്രാഹം, യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കെ.പി.സി.സി സെക്രട്ടറി അഡ്വ. ടോമി കല്ലാനി, ഡി.സി.കെ പ്രസിഡൻറ് സലീം പി.മാത്യു, ജനറൽ സെക്രട്ടറി സാജു എം ഫിലിപ്, സിബി ജോസഫ്, ബിജു പുന്നത്താനം, പ്രഫ സതീഷ് ചൊള്ളാനി എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. പാലായിൽ പ്രതികാര രാഷ്ട്രീയം തുടരാനാണ് തീരുമാനമെങ്കിൽ യു.ഡി.എഫ് ഇതിനെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാലാക്കാരെ വെല്ലുവിളിക്കാനാണ് ശ്രമമെങ്കിൽ ജനം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും പി.സി. തോമസ് പറഞ്ഞു. മുൻ എം.പി വക്കച്ചൻ മറ്റത്തിൽ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
കള്ളക്കേസിൽപെടുത്തി പീഡിപ്പിക്കുന്നു -കാപ്പൻ
പാലാ: രാഷ്്ട്രീയ വിമർശനത്തിെൻറ പേരിൽ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് സത്യഗ്രഹം നടത്തിയതെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. ലഭിക്കുന്ന പരാതികളിൽ വസ്തുതയുണ്ടോയെന്നുപോലും പരിശോധിക്കാതെ കേസെടുക്കുന്ന നടപടി അംഗീകരിക്കാനാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ മോശമായി തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ എഴുതിയതിനെതിരെ പരാതി നൽകിയിട്ടു മാസങ്ങൾ കഴിഞ്ഞു. എന്നാൽ, അന്വേഷണം പോലും നടത്തിയതായി അറിവില്ല. പൊലീസ് പാലായിൽ കേരള കോൺഗ്രസ് എമ്മിെൻറ ചട്ടുകമായി പ്രവർത്തിക്കുകയാണ്.
പാലാക്കാരെ കള്ളക്കേസിൽ കുടുക്കാൻ അനുവദിക്കുകയില്ല. അതിനെ എന്തു വിലകൊടുത്തും ചെറുക്കും. തെരഞ്ഞെടുപ്പ് പരാജയത്തോടെ കേരള കോൺഗ്രസ് പാലാക്കാരോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. നിയമ വ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ നിയമാനുസരണം പ്രവർത്തിക്കാൻ പൊലീസും തയാറാവണം. രാഷ്ട്രീയ നേട്ടത്തിനായി സഭയെ വലിച്ചിഴച്ച നടപടി അംഗീകരിക്കാനാകില്ലെന്നും കാപ്പൻ പറഞ്ഞു.
കുറ്റവാളിയെ വെള്ളപൂശാനുള്ള ശ്രമം –എൽ.ഡി.എഫ്
പാലാ: വ്യാജപേരുകളിൽ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണവും വ്യക്തിഹത്യയും പതിവാക്കിയ പ്രതിയെ വെള്ളപൂശാനുള്ള എം.എൽ.എയുടെ ശ്രമം അപലപനീയവും പദവിക്ക് നിരക്കാത്തതുമാണെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി. പ്രതിക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന വാദം ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യവുമാണ്.
നിരപരാധിത്വം തെളിയിക്കുവാൻ ഏതൊരാൾക്കും അവസരം ഉണ്ടെന്നിരിക്കെ അതിന് ശ്രമിക്കാതെ കള്ളക്കേസെന്ന പ്രചാരണം അഴിച്ചുവിടുന്നത് ഇതിനു പിന്നിൽ പ്രവർത്തിച്ചവരിലേക്കും അേന്വഷണം എത്തുമോയെന്ന ഭയംകൊണ്ടാണെന്നും യോഗം കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, കെ.ജെ. ഫിലിപ് കുഴികുളം, സണ്ണി ഡേവിഡ്, പി.എം. ജോസഫ്, ബെന്നി മൈലാടൂർ സിബി തോട്ടുപുറം, ഔസേപ്പച്ചൻ തകടിയേൽ, പീറ്റർ പന്തലാനി, കെ.ആർ. സുദർശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.