മീനച്ചിലാറ്റിലെ പ്രളയം തടയാൻ പഠനം -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsപാലാ: മീനച്ചിലാറ്റിലെ പ്രളയം തടയാനും നീരൊഴുക്ക് തടസ്സപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും പഠനം നടത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജൽജീവൻ മിഷന്റെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്തിൽ 71.39 കോടി ചെലവിൽ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം വലവൂർ സർവിസ് സഹകരണ ബാങ്ക് കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മീനച്ചിൽ റിവർ വാലി പദ്ധതിയുടെ ഭാഗമായി 9.55 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കനാൽ, ഡ്രെയിനേജ് ശൃംഖലകളിൽ സമ്പൂർണ പഠനം നടത്താനാണ് നിർദേശം. അശാസ്ത്രീയ നിർമിതി അടക്കമുള്ളവ പരിശോധിക്കും. പാലാ നഗരത്തിലടക്കം വർഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്. ജലനിർഗമന സംവിധാനങ്ങളുടെ ടോപോഗ്രാഫിക്കൽ സർവേയും നടക്കും.
പാലാ മുതൽ വേമ്പനാട്ടുകായൽ വരെ മുഴുവൻ കൈവഴികളും പഠനവിധേയമാക്കാനാണ് തീരുമാനം. മീനച്ചിലാറ്റിൽ അടിഞ്ഞ എക്കലും മറ്റു തടസ്സങ്ങളും പഠനവിധേയമാക്കും. ഒഴുക്ക് തടസ്സപ്പെടുത്തുന്ന അശാസ്ത്രീയ നിർമിതികളുണ്ടോയെന്നും പരിശോധിക്കും.
വെള്ളം കായലിലേക്ക് പോകുന്നതിനു തടസ്സമുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനന്തര നടപടികൾ സ്വീകരിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകളും വിനിയോഗവും കണക്കാക്കുന്നതിന് ജലബജറ്റ് തയാറാക്കുകയാണ്.
ഇതനുസരിച്ചാണ് വിവിധ മേഖലയിലെ പദ്ധതികൾ പ്രാവർത്തികമാക്കുക. സംസ്ഥാനത്ത് 17 ലക്ഷം വീടുകളിലാണ് മുമ്പ് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭ്യമായിരുന്നത്.
നിലവിൽ 38 ലക്ഷം വീടുകളിൽ കണക്ഷൻ നൽകാനായി. മൊത്തം വീടുകളിലെ 51 ശതമാനത്തിലും കുടിവെള്ള കണക്ഷൻ നൽകിക്കഴിഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജൽജീവൻ മിഷൻ-സാമൂഹിക ബോധനയജ്ഞത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ആമുഖപ്രഭാഷണം നടത്തി.
പദ്ധതിക്കായി 10 സെന്റ് സ്ഥലം സൗജന്യനിരക്കിൽ നൽകിയ ബേബി തോമസ് പാലാതൊടുകയിലിനെയും ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയെയും ആദരിച്ചു.
5644 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ
പാലാ: കരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകൾക്കും വലവൂർ ഐ.ഐ.ഐ.ടിക്കുമായി പ്രതിദിനം ആറു ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. 5644 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കും. ആറു പാക്കേജായാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ ബിഷപ്സ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റിൽ ജല അതോറിറ്റി നിർമിച്ച സ്രോതസ്സിൽനിന്നാണ് ജലം എത്തിക്കുക.
ജലവിതരണത്തിനായി നിലവിലുള്ള ജലസംഭരണികൾക്കു പുറമെ ഐ.ഐ.ഐ.ടി കാമ്പസിൽ അഞ്ചുലക്ഷം ലിറ്ററിന്റെയും വലവൂരിൽ ആറു ലക്ഷം ലിറ്ററിന്റെയും സംഭരണികൾ നിർമിക്കും. 132.92 കിലോമീറ്റർ നീളത്തിൽ വിതരണ ശൃംഖല പൈപ്പ് ലൈനുകളും 16.24 കിലോമീറ്റർ നീളത്തിൽ വെള്ളമെത്തിക്കാനുള്ള പമ്പിങ് ലൈനുകളും സ്ഥാപിക്കും. അടുത്തവർഷം ഡിസംബറിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.