ബൈക്കിലെത്തി മാല മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsപാലാ: ബൈക്കിലെത്തി മാല കവരുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളി കിഴക്കനേല ചിറ്റഴികത്തു മേലതിൽ അബു (22), പടിഞ്ഞാറ്റിൻകര പാളയം പനക്കച്ചാലിൽ ജെറിൻ (21) എന്നിവരെയാണ് പാലാ ഡിവൈ.എസ്.പി പ്രഭുല്ലചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മോഷണസംഘത്തിൽ ഉൾപ്പെട്ട പാരിപ്പള്ളി സ്വദേശി സനോജ്, ഇടുക്കി സ്വദേശി ആൽഫിൻ എന്നിവരെക്കൂടി പിടികൂടാനുണ്ട്.
ഫെബ്രുവരി 10ന് പാലാ മണലേൽപ്പാലത്തെ മുറുക്കാൻ കടയിലെത്തി സിഗരറ്റ് ആവശ്യപ്പെട്ടശേഷം വള്ളിച്ചിറ താഴത്തിലുമ്പേൽ പ്രസാദിെൻറ ഭാര്യ ശകുന്തളയുടെ മാല, ലോക്കറ്റ്, താലി ഉൾപ്പെടെ 18 ഗ്രാം സ്വർണം പൊട്ടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്.
ആർഭാട ജീവിതം നയിക്കാനായി ആൽഫിെൻറ നിർദേശപ്രകാരമായിരുന്നു മോഷണം. പാലാക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന ആൽഫിനെയും പാളയത്ത് താമസിക്കുന്ന ജെറിനെയും നാട്ടുകാർ തിരിച്ചറിയാൻ സാധ്യതയുള്ളതിനാൽ ഇരുവരും ഇവരുടെ സുഹൃത്തുക്കളായ കൊല്ലം പാരിപ്പള്ളി സ്വദേശികളായ സനോജിനെയും അബുവിനെയും പാലായിൽ എത്തിക്കുകയായിരുന്നു.
10ന് പുലർച്ച ഫോർട്ട്കൊച്ചിയിൽനിന്ന് ആൽഫിൻ വാടകക്കെടുത്ത് നൽകിയ ബൈക്കിൽ എറണാകുളത്തുനിന്ന് പുറപ്പെട്ട അബുവും സനോജും പാലായിലുള്ള ജെറിെൻറ വീട്ടിലെത്തി.
മാല പൊട്ടിക്കേണ്ട മുറുക്കാൻകട ജെറിൻ നേരത്തേ കണ്ടുവെച്ചിരുന്നു. മോഷ്ടാക്കൾ വന്ന ബൈക്കിെൻറ മുൻവശം നമ്പർ പ്ലേറ്റ് ജെറിൻ ഊരിമാറ്റി. പുറകിലത്തെ നമ്പർ പ്ലേറ്റ് അകത്തേക്ക് മടക്കിവെച്ചു.
ജെറിൻ സ്വന്തം ബൈക്കിൽ എത്തി മുറുക്കാൻ കട നിരീക്ഷിച്ച് പരിസരത്ത് ആരുമില്ലായെന്ന് ഉറപ്പുവരുത്തി.
പുറകെ ബൈക്കിലെത്തിയ അബുവും സനോജും മുറുക്കാൻ കടയിലെത്തി ശകുന്തളയോട് സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് എടുത്തുനൽകിയ സമയം അബു മാല പൊട്ടിച്ചെടുത്തു ബൈക്കിൽ കയറി സനോജിനൊപ്പം രക്ഷപ്പെടുകയായിരുന്നു.
എറണാകുളത്ത് ഹോട്ടലിൽ താമസിക്കുകയായിരുന്ന പ്രതികൾ പിറ്റേദിവസം മാല വിറ്റശേഷം ജെറിനെ അവിടെ വിളിച്ചുവരുത്തി മാല വിറ്റുകിട്ടിയ തുക തുല്യമായി വീതിച്ചെടുത്തു. നാല് പ്രതികളും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.
പാലാ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ കെ.എസ്. ജോർജ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.