400 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ
text_fieldsപാലാ: കർണാടകയിൽനിന്ന് ലോറിയില്‍ കൊണ്ടുവന്ന വന്‍ വിദേശമദ്യശേഖരം പിടികൂടി. വോട്ടെണ്ണല്‍ ദിനത്തില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 400 ലിറ്റര്‍ വിദേശമദ്യമാണ് പാലായിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ മീനച്ചില്‍ കടയം ഭാഗത്ത് പടിഞ്ഞാറേതില്‍ വീട്ടില്‍ ജയപ്രകാശ് (39), ഇടുക്കി അണക്കര ഏഴാംമൈലില്‍ പാലാത്തോട്ടില്‍ വീട്ടില്‍ അഭിലാല്‍ മധു (25) എന്നിവരെ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും പാലാ പൊലീസും ചേര്‍ന്ന് പിടികൂടി.
ഇവര്‍ സഞ്ചരിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. 510 കുപ്പികളിലായായിരുന്നു മദ്യം. കേരളത്തില്‍ ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തോടനുബന്ധിച്ച് വന്‍തോതില്‍ മദ്യം കടത്തുന്നതായി ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ല നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിവരുകയായിരുന്നു. ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയപ്രകാശിനെക്കുറിച്ചും അഭിലാലിനെക്കുറിച്ചും സൂചന ലഭിച്ചത്. ഇവര്‍ രണ്ടുപേരും ലോറിയില്‍ സാധനങ്ങളുമായി കര്‍ണാടകയിലേക്ക് പോകുന്നതായും തിരികെ വരുമ്പോള്‍ അവിടെ നിന്നും മദ്യം കടത്തുന്നതായും സൂചന ലഭിച്ചിരുന്നു.
വെള്ളിയാഴ്ച പാലാ ഭാഗത്തേക്ക് വന്ന ഇവരുടെ വാഹനം പൊലീസ് തടയുകയായിരുന്നു. പരിശോധനയില്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ വിദേശമദ്യം പിടികൂടുകയായിരുന്നു. പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്, എസ്.എച്ച്.ഒ സുനില്‍ തോമസ്, എസ്.ഐ തോമസ് സേവ്യര്‍, എ.എസ്.ഐ ജേക്കബ് പി. ജോയ്, ആൻറി നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ചിങ്ങവനം എസ്.ഐ പി.എസ്. അനീഷ്, എസ്.ഐ. ബിജോയ്, എ.എസ്.ഐ. പ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രതീഷ് രാജ്, ശ്രീജിത് ബി.നായര്‍, കെ.ആര്. അജയകുമാര്‍ ,വി.കെ. അനീഷ് , തോംസണ്‍ കെ.മാത്യു, ഷമീര്‍ സമദ്, പി.എ. ഷിബു , ശ്യാം എസ്.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ മദ്യത്തിന് ഏകദേശം നാല് ലക്ഷത്തോളം രൂപ വില വരും.
മദ്യം ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന സൂചന ലഭിച്ചെന്നും കൂടുതലായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ജില്ലയിലേക്ക് കടത്തിയ 28 കിലോ കഞ്ചാവും ഹഷീഷ് ഓയിലും ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.