രണ്ടു ലക്ഷത്തിന്റെ ബൈക്ക് വിറ്റത് 20,000 രൂപക്ക്; ബൈക്ക് മോഷണ കേസിൽ നാലുപേർ പിടിയിൽ
text_fieldsപാലാ: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാലുപേർ പിടിയിൽ. മാർച്ച് ഒന്നിന് പുലർച്ച പാലാ ഞൊണ്ടിമാക്കൽ കവല ചേന്നാട്ട് വീട്ടിൽ ജോയ് ജോസഫിെൻറ വീടിെൻറ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് മോഷണം പോയത്.
കേസിൽ തിരുവനന്തപുരം വക്കം പാകിസ്താൻമുക്ക് വാടപ്പുറം വീട്ടിൽ അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിലിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23) എന്നിവരെയാണ് കോട്ടയം ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാക്ക് സമീപമുള്ള ഒരു പാൽ കമ്പനിയിൽ കഴിഞ്ഞ ഏതാനും ദിവസമായി ജോലി ചെയ്തുവന്നിരുന്ന ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ പാലാ-തൊടുപുഴ റോഡിൽ യാത്ര ചെയ്തപ്പോൾ വീടിെൻറ പോർച്ചിൽ ഇരിക്കുന്ന ഡ്യൂക്ക് ബൈക്ക് കാണുകയും തുടർന്ന് മൂന്നുപേരും ചേർന്ന് ബൈക്ക് മോഷ്ടിക്കാനുള്ള പദ്ധതി തയാറാക്കുകയുമായിരുന്നു.
തുടർന്ന് ഒന്നിന് വെളുപ്പിന് പാൽ കമ്പനിയുടെ സ്കൂട്ടറിൽ വീടിന് സമീപമെത്തി അജീറും അജ്മലും ചേർന്ന് ബൈക്കിെൻറ ലോക്ക് തകർത്ത് മോഷ്ടിക്കുകയായിരുന്നു. ബൈക്ക് അജീർ കൊല്ലത്തുള്ള തെൻറ സുഹൃത്ത് തജ്മലിന് എത്തിച്ചുകൊടുത്തു. നിരവധി കഞ്ചാവ് കേസുകളിലും വധശ്രമകേസിലും പ്രതിയായ തജ്മൽ മോഷണം ചെയ്തു കൊണ്ടുവന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് ഇരുപതിനായിരം രൂപക്ക് വാങ്ങി.
ഇയാൾ കഞ്ചാവ് കടത്തിനും മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും ബൈക്ക് ഉപയോഗിക്കുന്നയാളാണ്. ഇതിനായി വാഹനത്തിൽ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും കൈവശം സൂക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ,അജീർ പാലായിലെ ജോലി ഉപേക്ഷിച്ച് പെരുമ്പാവൂരുള്ള പാൽ കമ്പനിയിൽ ജോലിക്ക് കയറി.
അടുത്ത ബൈക്ക് മോഷ്ടിക്കുന്നതിനായി പദ്ധതി തയാറാക്കുന്നതിനിടെ അജീറിനെ പെരുമ്പാവൂരിൽനിന്നും അജ്മലിനെയും ശ്രീജിത്തിനെയും പാലായിൽ നിന്നും തജ്മലിനെയും മോഷ്ടിച്ച ബൈക്കും കൊല്ലം കരീക്കോടുള്ള വീട്ടിൽനിന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പാലാ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ മാരായ ശ്യാംകുമാർ, കെ.എസ്, ജോർജ്, കെ.എസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.