ജീവിതം ഇരുട്ടിലായിട്ടും തളർന്നില്ല, കുട്ടികൾക്ക് വിദ്യാദീപമായി രാജേഷ് ലാൽ
text_fieldsപാലാ: വ്യത്യസ്തനായ ഒരു അധ്യാപകനെയാണ് പാലാ മഹാത്മഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം ആദരിച്ചത്. കണ്ണിൽ വെളിച്ചമില്ലെങ്കിലും അക്ഷരവഴികളിൽ വിദ്യാർഥികൾക്ക് വെളിച്ചമാണ് രാജേഷ് ലാൽ.
ജീവിതവഴികളിൽ ഈ അധ്യാപകനെ കൈപിടിച്ച് നടത്തുന്നത് പ്രിയ ശിഷ്യരും കുടുംബവും. പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനായ രാജേഷ് ലാൽ പൂർണമായും അന്ധനാണ്.അന്ധത മാത്രമല്ല രാജേഷിന്റെ ജീവിതത്തിൽ ഇരുൾ വീഴ്ത്തിയത്. പതിനേഴ് വർഷം മുമ്പ് മാരകമായ വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രാജേഷിന് പിന്നീട് അമ്മ വത്സലയുടെ വൃക്കയാണ് തിരികെ ജീവിതത്തിലേക്ക് നടത്തിയത്.
വേദനകൾ ഒരുപാട് സഹിച്ചെങ്കിലും പ്രസന്നവദനനായ ഈ 44കാരന്റെ വാക്കുകളിൽ ഇതൊന്നും ഒരു പ്രശ്നമേ ആയിക്കാണുന്നില്ല. കൂടാതെ കവിതാ രചനയും രാജേഷിനുണ്ട്. ഇദ്ദേഹത്തിന്റെ പാട്ടുകൾ വിധു പ്രതാപ്,വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ആലപിച്ചിട്ടുമുണ്ട്. ആറാം ക്ലാസിൽ പഠിക്കുംവരെ രാജേഷ് ലാലിന് കാഴ്ചയുണ്ടായിരുന്നു. എന്നാൽ പിന്നീട് കണ്ണുകളിലേക്കുള്ള ഞരമ്പിന്റെ രോഗംമൂലം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. പ്രീഡിഗ്രി ഫസ്റ്റ് ക്ലാസിൽ പാസായ ശേഷം പാലാ സെന്റ് തോമസ് കോളജിൽ നിന്ന് പൊളിറ്റിക്സിൽ ബി.എ.യും എം.എ.യും റാങ്കോടെയാണ് വിജയിച്ചത്. തുടർന്ന് ബി.എഡും എം.ജി. യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ഫില്ലും ഉന്നത നിലയിൽ പാസായി.
2013ൽ നിലമ്പൂർ മാനവേദ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്സ് അധ്യാപകനായി സർവീസിൽ പ്രവേശിച്ച രാജേഷ് പിന്നീട് കോട്ടയം മോഡൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആറുവർഷം സേവനം ചെയ്തു.
കഴിഞ്ഞ രണ്ടുവർഷമായി പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ജീവിതപ്രതിസന്ധികളിൽ സഹപാഠികൾ താങ്ങായി രോഗവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം തളർന്ന ജീവിതത്തിൽ പഠിച്ചപ്പോഴുണ്ടായിരുന്ന സഹപാഠികളുടെ തുണയായി. തൃശൂർ സ്വദേശിനിയായ രേഷ്മയാണ് ഭാര്യ.
രണ്ട് കുട്ടികളുണ്ട്. ആദരിക്കൽ ചടങ്ങ് പാലാ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. റീനമോൾ എബ്രഹാം സ്വാഗതം പറഞ്ഞു
അനിൽകുമാർ പി.ബി., വിദ്യാ പി. നായർ, ശ്രീകല.കെ, ലിറ്റി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ രാജേഷിനെ ഷാളണിയിച്ചും ബൊക്കെ നൽകിയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.